ബാല്യകാല സഖി പുരസ്‌കാരം കവി പി.കെ.ഗോപിക്ക് സമ്മാനിച്ചു
തലയോലപ്പറമ്പ്: മലയാള സാഹിത്യത്തിലെ അനശ്വരനായ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഏറ്റവും വലിയ അനുഭവ ശേഖരവും നര്‍മ്മബോധവും കൈമുതലാക്കിയ മനുഷ്യസ്‌നേഹിയായിരുന്നു എന്ന് കവിയും ഗാനരചയിതാവുമായ പി.കെ.ഗോപി. ഭൂഗോളത്തില്‍ വേര്‍തിരിവിന്റെ മതിലുകളൊന്നും നിര്‍മ്മിക്കാതെ ആകര്‍ഷകമായ നാട്ടു ഭാഷയില്‍ കഥയെഴുതി തലയെടുപ്പുള്ള എഴുത്തുകാരനായി മാറിയ ആളാണ് ബഷീര്‍ എന്നും അദ്ദേഹം പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ ബാല്യകാലസഖി പുരസ്‌കാരം ഏറ്റുവാങ്ങി മറുപടി പറയുകയായിരുന്നു ഗോപി.
ഉപരിതലത്തില്‍ കാണുന്ന കുസൃതികള്‍ക്കും തമാശകള്‍ക്കും പിന്നില്‍ ധാരാളം നന്മയും ആത്മീയതയും ശക്തിയും കാരുണ്യവും ബഷീറില്‍ സജീവമായിരുന്നെന്ന് സാംസ്‌കാരിക പ്രവര്‍ത്തകനും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം എം.പി. പറഞ്ഞു. വൈക്കം മുഹമ്മദ് ബഷിറിന്റെ ഇരുപത്തിയെട്ടാമത് ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള ബഷീര്‍ദിന പരിപാടി ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബഷീര്‍ കുടുംബസമേതം താമസിച്ചിരുന്ന തലയോലപ്പറമ്പിലെ വീടായ ഫെഡറല്‍ നിലയത്തില്‍ നടന്ന ദിനാചരണച്ചടങ്ങില്‍ ബഷീര്‍ സ്മാരക സമിതി ചെയര്‍മാന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരം പി.കെ.ഗോപിയ്ക്കും ബഷീര്‍ അമ്മ മലയാളം പുരസ്‌കാരം മനോജ് ഡി.വൈക്കത്തിനും ബിനോയ് വിശ്വം നല്‍കി.
സമിതി വൈസ് ചെയര്‍മാന്‍ ഡോ. പോള്‍ മണലില്‍ ബഷീര്‍ അനുസ്മരണം നടത്തി. സമിതി വൈസ് ചെയര്‍മാന്‍മാരായ മോഹന്‍.ഡി.ബാബു, എം.ഡി.ബാബുരാജ് പുരസ്‌കാര ജേതക്കളെ പരിചയപ്പെടുത്തി.
ബഷീര്‍ അമ്മ മലയാളം ചെയര്‍പേഴ്‌സണ്‍ ഡോ.എസ്. ലാലി മോള്‍, സമിതി ഡയറക്ടര്‍ ഡോ.അംബിക. എ. നായര്‍ എന്നിവര്‍ പ്രശസ്തിപത്രം വായിച്ചു.
ബഷീര്‍ സ്മാരക സമിതി ജനറല്‍ സെക്രട്ടറി പി.ജി. ഷാജി മോന്‍, ഡോ. യു. ഷംല,ഡോ. വി.ടി.ജലജാകുമാരി, ഡോ.കെ.എം.ഷാജഹാന്‍, അബ്ദുള്‍ ആപ്പാഞ്ചിറ, കെ.എസ്. മണി, അക്ഷയ് എസ്. പുളിമൂട്ടില്‍, അഡ്വ.എസ്.ശ്രീകാന്ത് സോമന്‍, സി.ജി. ഗിരിജന്‍ ആചാരി, ജോണ്‍ , വി.ജോസഫ്, എ. ശ്രീകല, എം.ജെ. ജോര്‍ജ്, മാത്യു തളിയാക്കല്‍, മോഹന്‍ദാസ് ഗ്യാലക്‌സി, കുമാരികരുണാകരന്‍ എന്നിവര്‍ പങ്കെടുത്തു. ബഷീര്‍ കഥാപാത്രങ്ങളായ സെയ്തുമുഹമ്മദ്, ഖദീജ എന്നിവര്‍ മുഖ്യാതിഥികളായി.
ചടങ്ങില്‍ യുവ പ്രവാസി എഴുത്തുകാരി സിമി ബെന്നിയുടെ ന്തകാര്‍മേഘത്തെ പ്രണയിച്ച സൂര്യന്‍ എന്ന പുസ്തകം ബിനോയ് വിശ്വം പ്രകാശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."