കൊല്ലത്തെ ചില പരിപാടികളില്‍ നിന്നും തന്നെ ബോധപൂര്‍വം ഒഴിവാക്കുന്നു: എന്‍.കെ പ്രേമചന്ദ്രന്
കൊല്ലം: കൊല്ലത്തെ ചില പരിപാടികളില്‍ എം.പിയെന്ന നിലയില്‍ തന്നെ പങ്കെടുപ്പിക്കാതെ ബോധപൂര്‍വം ഒഴിവാക്കുന്നതായി എന്‍.കെ പ്രേമചന്ദ്രന് എം.പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യസഭാംഗത്തെ വിളിക്കുമ്പോള്‍ ലോക്സഭാംഗത്തെ അവഗണിക്കുകയാണ്. ഇക്കാര്യത്തില്‍ പരാതി പറയുന്നതുതന്നെ നാണക്കേടാണ്. പുനലൂര്‍ എസ്.എന്‍ കോളജില്‍ നടന്ന കനകജൂബിലി ആഘോഷത്തില്‍ എം.പിയെന്ന നിലയില്‍ എസ്.എന്‍.ഡി.പി യോഗം തന്നെ ക്ഷണിച്ചില്ല. എന്നാല്‍ ഇതിന്റെ പിന്നിലുള്ള കാരണം എന്താണെന്നറിയില്ല. പുനലൂരെ യോഗത്തിനുമുമ്പ് മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും പുനലൂര്‍ ടി.ബിയില്‍ കൂടിക്കാഴ്ച നടത്തിയെന്നു ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തനിക്കറിയില്ലെന്നും അതിനാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്തു സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന പൊതുപരിപാടികളിലും ഇതേ അവസ്ഥയാണെന്നും ഇന്നു എക്സൈ് മന്ത്രി ടി.പി രാമകൃഷ്ണന് പങ്കെടുത്ത ആശ്രാമം ഒക്കുപ്പേഷണല്‍ ഹെല്‍ത്ത് ആന്റ് റിസര്‍ച്ച് സെന്ററിലെ ആധുനീകരിച്ച ഇന്‍ഡസ്ട്രിയല്‍ ഹൈജീന്‍ ലാബിന്റെ ഉദ്ഘാടന ചടങ്ങിലും തന്നെ ക്ഷണിച്ചില്ല. അവിടെ മുന്‍ എം.എല്‍.എ പി.കെ ഗുരുദാസനെപ്പോലും ക്ഷണിച്ചിരുന്നു. എന്നാല്‍ കലക്ടറേറ്റില്‍ നടക്കുന്ന സര്‍ക്കാരുമായി ബന്ധപ്പെട്ട പരിപാടികളില്‍ എം.പിയെന്ന നിലയില്‍ ക്ഷണിക്കുന്നുണ്ട്. പാരിപ്പള്ളി മെഡിക്കല്‍ കോളജിന്റെ ഉദ്ഘാടനം നേരത്തേ നടത്താന്‍ തീരുമാനിച്ചിരുന്നപ്പോള്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ മുഖ്യമന്ത്രിയെ തന്റെ അസൗകര്യം അറിയിച്ചിരുന്നു. അതനുസരിച്ചു തനിക്കും കൂടി സൗകര്യപ്രഥമായ തീയതിയിലാണ് ഉദ്ഘാടനം നടത്തിയത്. എന്നാല്‍ കൊല്ലത്തെ ചില പരിപാടികളില്‍ ഇങ്ങനെയല്ലെന്നും എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."