ക്വട്ടേഷന്‍ കേസ്: 'പോരാളി സിംഹ'ങ്ങളെ തള്ളി കൂടുതല്‍ സി.പി.എം നേതാക്കള്‍
സ്വന്തം ലേഖകന്‍
കണ്ണൂര്‍: രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന അര്‍ജുന്‍ ആയങ്കി അടക്കമുള്ള സമൂഹ മാധ്യമങ്ങളിലെ പാര്‍ട്ടിയുടെ പോരാളി സിംഹങ്ങളായ ക്വട്ടേഷന്‍ സംഘങ്ങളെ തള്ളിപ്പറഞ്ഞ് കൂടുതല്‍ സി.പി.എം നേതാക്കള്‍. കഴിഞ്ഞദിവസം ജില്ലാ സെക്രട്ടറി എം.വി ജയരാജനും ഇന്നലെ കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ മന്ത്രി എം.വി ഗോവിന്ദനും ക്വട്ടേഷന്‍ സംഘങ്ങളെ തള്ളിപ്പറഞ്ഞു.
ക്വട്ടേഷന്‍ കേസ് വിവാദം പാര്‍ട്ടിക്ക് കൂടുതല്‍ തലവേദനയായതോടെ അര്‍ജുന്‍ ആയങ്കിയുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഡി.വൈ.എഫ്.ഐ ചെമ്പിലോട് നോര്‍ത്ത് മേഖലാ സെക്രട്ടറി സി. സജേഷിനെ പുറത്താക്കുകയും ചെയ്തു.
ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പാര്‍ട്ടിയുമായുള്ള ബന്ധം പ്രതിരോധത്തിലാക്കുന്ന സാഹചര്യത്തിലാണ് നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തുന്നത്.
കള്ളക്കടത്തുകാര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ ലൈക്കടിക്കുന്നവര്‍ തിരുത്തണമെന്നും ഫാന്‍സ് ക്ലബുകള്‍ സ്വയം പിരിഞ്ഞുപോകണമെന്നും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എം. ഷാജര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പകല്‍ മുഴുവന്‍ ഫേസ്ബുക്കിലും രാത്രിയില്‍ നാട് ഉറങ്ങുമ്പോള്‍ കള്ളക്കടത്തും നടത്തുന്ന 'പോരാളി സിംഹങ്ങ'ളുടെ സമൂഹമാധ്യമ ഫാന്‍സ് ലിസ്റ്റില്‍ കണ്ണൂരിന് പുറത്തുള്ളവര്‍ വ്യാപകമായി ഇടംപിടിച്ചിട്ടുണ്ട്.
കള്ളക്കടത്തുകാര്‍ക്കു വേണ്ടി ലൈക്ക് ചെയ്യുന്നവരും സ്‌നേഹാശംസ അര്‍പ്പിക്കുന്നവരും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
പിന്നീട് അപമാനിതരാകാതിരിക്കാന്‍ ഫാന്‍സ് ക്ലബുകാര്‍ സ്വയം പിരിഞ്ഞുപോകണമെന്നുമാണ് ഷാജര്‍ തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നത്. അതിനിടെ ഷാജറിനൊപ്പം നില്‍ക്കുന്ന അര്‍ജുന്‍ ആയങ്കിയുടെ ചിത്രവും പുറത്തുവന്നു. അര്‍ജുനെ അറിയാമെങ്കിലും ബന്ധമില്ലെന്ന് ഷാജര്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."