സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കും മുമ്പ്
അബ്ദുല്ല വാവൂർ
കേരളം പാഠ്യപദ്ധതി പരിഷ്‌കരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ്. 2024-25 വർഷം പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ ക്ലാസ് മുറിയിൽ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ ആത്മാവ് ചോർത്താൻ പര്യാപ്തമായ ദേശീയ വിദ്യാഭ്യാസ നയം 2020 രാജ്യമൊട്ടാകെ നടപ്പാക്കാൻ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുകയാണ് ദേശീയ വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ കാലങ്ങളിലൊക്കെ സംസ്ഥാനങ്ങളിൽ പാഠ്യപദ്ധതി പരിഷ്‌കരിക്കാൻ ദേശീയതലത്തിൽ മാർഗ നിർദേശങ്ങൾ അടങ്ങിയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻ.സി.എഫ്) രൂപീകരിക്കുകയും അതിനനുസൃതമായി സംസ്ഥാനതലങ്ങളിൽ പാഠ്യപദ്ധതി ചട്ടക്കൂട് (കെ.സി.എഫ്) തയാറാക്കി പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കുകയുമാണ് പതിവ്. എന്നാൽ ഇപ്രാവശ്യം സംസ്ഥാനങ്ങൾക്ക് നൽകിയ നിർദേശങ്ങളിൽ സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂടുണ്ടാക്കി കേന്ദ്രത്തിന് സമർപ്പിക്കാനാണ് പറഞ്ഞിരിക്കുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് കേരളം പരിഷ്‌കരണ പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോകുന്നത്.
ഒൻപത് വർഷം മുമ്പ് കേരളത്തിൽ നടന്ന സമഗ്ര പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ തയാറാക്കിയ പാഠപുസ്തകങ്ങളാണ് ഒന്ന് മുതൽ പ്ലസ് ടു, വി.എച്ച്.എസ്.ഇ തലം വരെ ഇപ്പോൾ നിലവിലുള്ളത്. ഓരോ അഞ്ചു വർഷം കൂടുമ്പോഴും സ്‌കൂൾ പാഠ്യപദ്ധതി കാലോചിതമായി പരിഷ്‌കരിക്കുന്ന രീതി തൊണ്ണൂറുകൾ മുതൽ സംസ്ഥാനത്ത് നിലവിലുണ്ട്. എന്നാൽ 2013-15ലെ പരിഷ്‌കരണ ശേഷം അത്തരമൊരു നീക്കം ഇവിടെ ഉണ്ടായിട്ടില്ല. കേരളത്തിൽ പാഠ്യപദ്ധതിയിൽ ഒരു പാരഡൈം ഷിഫ്റ്റ് വന്നത് 1994മുതലാണ്. ഒരുപക്ഷേ രാജ്യത്താദ്യമായി ജ്ഞാനനിർമിതി വാദത്തിൽ അധിഷ്ഠിതമായ ഒരു പാഠ്യപദ്ധതി സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഒന്ന് മുതൽ നാല് വരെയുള്ള പ്രൈമറി മേഖലയിൽ നടപ്പാക്കിയത് കേരളത്തിലായിരുന്നു. ആ പദ്ധതി പിന്നീട് 1997ൽ സംസ്ഥാനമൊട്ടുക്കും പാഠ്യപദ്ധതി പരിഷ്‌കരിച്ചു നടപ്പാക്കുന്നതിൽ എത്തി. വിവാദങ്ങളും ഒപ്പം ചർച്ചകളും ഏറെയുണ്ടായി. ദേശീയതലത്തിൽ എൻ.സി.ഇ.ആർ.ടിയടക്കം പിന്നീട് കേരളം നടപ്പാക്കിയ ഈ പാഠ്യപദ്ധതിയെ അംഗീകരിച്ചു നടപ്പാക്കി. പാഠ്യപദ്ധതി പരിഷ്‌കരണത്തോടൊപ്പം മൂല്യനിർണയ രീതിയും കേരളം സമഗ്രമായി പരിഷ്‌കരിച്ചു. 2005ൽ പത്താം തരം പരീക്ഷയ്ക്ക് മാർക്കിന് പകരം ഗ്രേഡിങ് അടിസ്ഥാനമാക്കിയുള്ള മൂല്യനിർണയം നടപ്പാക്കി.
ജ്ഞാന നിർമിതിവാദവും സാമൂഹ്യ ജ്ഞാന നിർമിതിവാദവും അധിഷ്ഠിതമായ പാഠ്യപദ്ധതി 2007ൽ വീണ്ടും പരിഷ്‌കരിച്ചു. ബ്രസീലിയൻ വിദ്യാഭ്യാസ ചിന്തകനായ പൗലോ ഫ്രെയറുടെ വിമർശനാത്മക ബോധനം അടിസ്ഥാനപ്പെടുത്തിയുള്ള പ്രശ്‌നോന്നീത വിദ്യാഭ്യാസം ഉൾപ്പെടുത്തിയാണ് പരിഷ്‌കാരം നടന്നത്. സാമ്രാജ്യത്വവാദത്തിന് കീഴ്‌പെട്ടതും അടിമത്ത സമ്പ്രദായത്തെ അനുകൂലിക്കുന്നതും ജനാധിപത്യവിരുദ്ധവുമായ ഒരു അടഞ്ഞ സമൂഹമായിരുന്ന ബ്രസീലിൽ ജനങ്ങളെ മോചനത്തിലേക്ക് കൊണ്ടുവരാൻ വിമർശനാത്മക ബോധനം ആവശ്യമായിരുന്നു. കേരളത്തിൽ ഈ രീതി അപ്രായോഗികമായിരുന്നു. ഏറെ വിവാദങ്ങൾ ഇത് മൂലമുണ്ടായി. പോരായ്മകൾ കണ്ടെത്താൻ ഡോ. കെ.എൻ പണിക്കർ ചെയർമാനായ കമ്മിഷനെ നിയോഗിച്ചു. ഈ സമീപനം ശാസ്ത്രം, ഗണിതം എന്നിവയിൽ മെച്ചപ്പെട്ട സിലബസ് ഗ്രിഡ് രൂപപ്പെടുത്തുന്നതിന് തടസ്സമായെന്നും പ്രശ്‌നങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സമീപനം നിഷേധാത്മക ഫലങ്ങൾ ഉളവാക്കുമെന്നും പണിക്കർ കമ്മിഷൻ കണ്ടെത്തി. പക്ഷേ നിർദേശങ്ങളോട് അന്നത്തെ സർക്കാർ മുഖം തിരിഞ്ഞുനിന്നു.
തുടർന്ന് വന്ന ഗവണ്മെന്റ് 2012ൽ അലിഗഡ് മുസ്‌ലിം സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി.കെ അബ്ദുൽ അസീസ് ചെയർമാനായി പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതിയെ വെക്കുകയും ആ സമിതി നിർദേശങ്ങൾ പ്രകാരം പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുകയും ചെയ്തു. ഇപ്പോൾ സംസ്ഥാനത്തെ സ്‌കൂളുകളിൽ നിലവിലുള്ള ഒന്ന് മുതൽ പ്ലസ് ടു, വൊക്കേഷനൽ ഹയർ സെക്കൻഡറി വരെയുള്ള മുഴുവൻ പാഠപുസ്തകങ്ങളും അങ്ങനെ സമഗ്രമായി പരിഷ്‌കരിച്ചതാണ്. ഈ പാഠ്യപദ്ധതിക്കെതിരേ യാതൊരു പ്രതിഷേധവും ഉയർന്നുവന്നില്ല എന്നത് കേരളം ഒന്നടങ്കം ഇതിനെ സ്വീകരിച്ചു എന്നതിന് തെളിവാണ്. മാത്രമല്ല തുടർന്നുവന്ന സർക്കാരിന്റെ കാലത്ത് ഈ പാഠ്യപദ്ധതി മാറ്റിയില്ല എന്നതും ശ്രദ്ധേയമാണ്.
ഇപ്പോൾ വരാൻപോകുന്ന പരിഷ്‌കാരത്തിന്റെ അടിസ്ഥാനം സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഫോക്കസ് ഗ്രൂപ്പ് രൂപീകരിച്ചു പൊസിഷൻ പേപ്പർ തയാറാക്കുന്ന ജോലി അണിയറയിൽ നടക്കുന്നുണ്ട്. പാഠപുസ്തകങ്ങൾ സമഗ്രമായി പരിഷ്‌കരിക്കുമെന്ന് പറയുന്ന അധികൃതർ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തോട് എന്ത് സമീപനമായിരിക്കും സ്വീകരിക്കുക എന്നത് പ്രധാനമാണ്. എസ്.ഇ.ആർ.ടി പുറത്തിറക്കിയ ചർച്ചാ കുറിപ്പിൽ ഇന്ത്യൻ വിജ്ഞാനം എന്ന ഒരു ശീർഷകമുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ വിജ്ഞാനം പൗരാണിക ബ്രാഹ്മണിക്കൽ വിജ്ഞാനങ്ങളാണ്. അതിൽ പറയുന്ന ഭാഷ സംസ്‌കൃതം മാത്രമാണ്. ജനാധിപത്യ, മതേതര, ഭരണഘടനാ മൂല്യങ്ങളൊന്നും ഈ രേഖ മുന്നോട്ടുവയ്ക്കുന്നില്ല. ഏക ശിലാത്മക സംസ്‌കാരം അടിച്ചേൽപ്പിക്കാനാണ് വിദ്യാഭ്യാസ നയത്തിലുടനീളം ശ്രമിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ കാവിവൽക്കരണത്തിനെതിരേ അക്കാദമിക പ്രതിരോധം കേരളത്തിൽ നിന്ന് മതേതര വിശ്വാസികൾ പ്രതീക്ഷിക്കുന്നുണ്ട്.
ഫിൻലൻഡ് വിദ്യാഭ്യാസ മാതൃക ഇക്കഴിഞ്ഞ അധ്യാപക പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നു. നേരത്തെ ബ്രസീലിയൻ മാതൃക പരീക്ഷിച്ചു വിവാദങ്ങൾ ഉണ്ടായത് മുമ്പിലുള്ളത് കൊണ്ട് ഫിൻലൻഡ് മാതൃക എത്രമാത്രം ഉൾക്കൊള്ളുമെന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."