ടി.പി വധം വിധി തന്നെയായിരുന്നു
വി അബ്ദുല്‍ മജീദ്
മരണം ഏതു തരത്തിലായാലും അതു വിധിയാണെന്നു വിശ്വസിക്കുന്ന വലിയൊരു വിഭാഗം ആളുകളുണ്ട് കേരളത്തിൽ. അതുപോലെ വൈധവ്യം വിധിയാണെന്നു കരുതുന്നവരാണ് കേരളത്തിലെ പെണ്ണുങ്ങളിൽ കൂടുതൽ. വൈധവ്യവും വിധിയും തമ്മിൽ വാക്കുകളിൽ തന്നെ സാമ്യമുണ്ടല്ലോ. എന്നാൽ കമ്യൂണിസ്റ്റുകാർക്ക് ഇങ്ങനെയൊരു വിശ്വാസമുള്ളതായി അറിയില്ല. ഇല്ലെന്നാണ് കമ്യൂണിസ്റ്റ് ഗ്രന്ഥങ്ങളിൽനിന്നും ആദികമ്യൂണിസ്റ്റുകളുടെ ജീവിതത്തിൽനിന്നും ഇതെഴുതുന്നയാൾ മനസ്സിലാക്കിയത്.
കേരളത്തിലെ കമ്യൂണിസ്റ്റുകാർ ഇങ്ങനെയാണോ എന്നറിയില്ല. ചെറുപ്പത്തിലേ വിധവകളായ ചില കമ്യൂണിസ്റ്റുകാരികൾ അതു വിധിയാണെന്ന് സങ്കടത്തോടെ പറയുന്നത് കേട്ടിട്ടുണ്ട്. പല കാര്യത്തിലും ആഗോള കമ്യൂണിസ്റ്റുകാരിൽനിന്ന് ഏറെ വ്യത്യസ്തരാണല്ലോ കേരളത്തിലെ കമ്യൂണിസ്റ്റുകാർ. അതിൽ തെറ്റൊന്നുമില്ല. എല്ലാ കാര്യത്തിലും കേരള മോഡൽ എന്ന ഒന്നുണ്ടല്ലോ. ഇക്കാര്യത്തിലും അതുണ്ടാകുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടെന്നു തോന്നുന്നില്ല.
ഇടുക്കി ജില്ലക്കാരായ ചില സി.പി.എം അനുഭാവികൾ ഏതെങ്കിലും അദൃശ്യ ശക്തിയുടെ വിധിയിൽ വിശ്വസിക്കുന്നവരാണെന്ന് അവരോടു സംസാരിച്ചപ്പോൾ തോന്നിയിട്ടുണ്ട്. സാദാ കമ്യൂണിസ്റ്റുകാർ എങ്ങനെയായാലും കമ്യൂണിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ ഒട്ടും വെള്ളം ചേർക്കാതെ ജീവിക്കുന്ന കട്ട വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദിയാണ് ഇടുക്കിക്കാർ സ്‌നേഹത്തോടെ മണിയാശാൻ എന്നു വിളിക്കുന്ന എം.എം മണി എന്നാണ് അറിവ്. അദ്ദേഹം പ്രത്യയശാസ്ത്ര വിശ്വാസത്തിൽ കാപട്യം കാണിക്കാറില്ലെന്നാണ് കേട്ടറിവ്.
എന്തെങ്കിലുമൊക്കെ വിളിച്ചുപറഞ്ഞ് അലമ്പുണ്ടാക്കുമെങ്കിലും അദ്ദേഹം കള്ളം പറയുമെന്ന് ഇടുക്കിയിലെ അനുയായികളാരും പറയുന്നതു കേട്ടിട്ടില്ല. അതുകൊണ്ട് അവർക്ക് അദ്ദേഹത്തെ വലിയ വിശ്വാസമാണ്, കാലാകാലവും. ഇടുക്കിയിലെ പാർട്ടിക്കാർ അങ്ങനെയാണ്. അവർ ഒരു നേതാവിൽ വിശ്വാസമർപ്പിച്ചാൽ അയാൾ പിന്നെ എന്തു ചെയ്താലും അവരുടെ വിശ്വാസത്തിന് ഒരു കോട്ടവും തട്ടില്ല.
അതുകൊണ്ടുതന്നെ കെ.കെ രമയുടെ വൈധവ്യം, അതായത് ടി.പി ചന്ദ്രശേഖരൻ അതിക്രൂരമായി കൊലചെയ്യപ്പെട്ടത് വിധിയാണെന്ന് മണിയാശാൻ പറഞ്ഞാൽ അതിനെ അവിശ്വസിക്കേണ്ട കാര്യമില്ല. അദ്ദേഹം പറഞ്ഞതിൽ തെറ്റൊന്നുമില്ലെന്ന് ടി.പി വധം നടക്കുമ്പോൾ അദ്ദേഹത്തിന്റെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും നിലവിലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞതോടെ അതിന് ആധികാരികത ലഭിച്ചിട്ടുമുണ്ട്. മണിയാശാൻ പറഞ്ഞത് ശരിയാണെന്ന് അദ്ദേഹത്തിന്റെ പാർട്ടിയും സംസ്ഥാന സർക്കാർ തന്നെയും അംഗീകരിക്കുന്നു എന്നതിന് മറ്റൊരു തെളിവ് ആവശ്യമില്ല.
പാർട്ടിക്ക് സ്വന്തമായി പൊലിസും കോടതിയുമൊക്കെയുണ്ടെന്ന് അന്തരിച്ച സി.പി.എം നേതാവ് എം.സി ജോസഫൈൻ ഒരിക്കൽ പരസ്യമായി പറഞ്ഞതിനെ ഇതുമായി ചേർത്തുവായിക്കേണ്ടിവരുന്നു. അന്തരിച്ച സോവിയറ്റ് യൂണിയനടക്കം കമ്യൂണിസ്റ്റ് പാർട്ടികൾ ഭരിച്ച രാജ്യങ്ങളിൽ പാർട്ടി കോടതികൾ ഉണ്ടായിരുന്നു എന്ന ചരിത്രം അതിന് അതിന് അടിവരയിടുന്നുമുണ്ട്.
ഇതെല്ലാം വച്ചുനോക്കുമ്പോൾ ടി.പി വധം പാർട്ടി കോടതി വിധിച്ച് പാർട്ടിയുടെ കിങ്കരൻമാർ നടപ്പാക്കിയതാണെന്ന് കരുതുന്നതിൽ ഒട്ടും തെറ്റില്ല. പാർട്ടി നേതാക്കൾ തന്നെ അത് ശരിവയ്ക്കുന്ന സൂചനകൾ നൽകുമ്പോൾ പിന്നെ നമ്മളൊക്കെ അതിനെ എന്തിന് അവിശ്വസിക്കണം. അതെ, ടി.പി വധം വിധി തന്നെയായിരുന്നു. അന്ന് ആ വിധി പറഞ്ഞ പാർട്ടി ജഡ്ജി ആരെന്നു മാത്രമാണ് ഇനി അറിയാനുള്ളത്.
ആസുരകാലത്തെ
ദേശീയചിഹ്നങ്ങൾ
പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്ത അശോകസ്തംഭത്തെയോർത്ത് വല്ലാതെ വേവലാതിപ്പെടേണ്ടതൊന്നുമില്ല. സ്തംഭത്തിൽ സൗമ്യഭാവമുള്ള സിംഹങ്ങളെ കണ്ടു പരിചയിച്ച നമ്മൾക്ക് പുതിയ സ്തംഭത്തിൽ അവയുടെ മുഖത്ത് നരഭോജി ഭാവം കാണുമ്പോൾ തോന്നുന്ന സങ്കടത്തിനും സ്‌തോഭത്തിനും വലിയ ആയുസ്സുണ്ടാവില്ലെന്നാണ് തോന്നുന്നത്. ചരിത്രത്തിൽ ഇത്തരം സ്‌തോഭങ്ങൾ അധികകാലമൊന്നും ജീവിച്ചിട്ടില്ല.
ഒരുപാട് മനുഷ്യനിണമൊഴുകിയ യുദ്ധങ്ങൾ ചെയ്ത് സാമ്രാജ്യം വലുതാക്കിയ, മഹാനായ അശോകനെന്ന് വിളിക്കപ്പെടുന്ന അശോക ചക്രവർത്തി കലിംഗയുദ്ധത്തിലെ മനുഷ്യക്കുരുതികൾ കണ്ട് മാനസാന്തരപ്പെട്ട് ബുദ്ധമതം സ്വീകരിച്ച് സമാധാനത്തിന്റെ നിത്യസന്ദേശമായി പണികഴിപ്പിച്ചതാണ് ഈ സ്തംഭമെന്നാണ് ചരിത്രം പറയുന്നത്. സംഹാരത്തിലൂടെ അന്നം കണ്ടെത്തുന്ന സ്വഭാവമുള്ള സിംഹത്തിനു പോലും സൗമ്യമായ ഭാവം നൽകിയതിലൂടെ അശോകൻ മുന്നോട്ടുവച്ച രാഷ്ട്രീയ സന്ദേശം ഒട്ടും ചെറുതല്ല.
അഹിംസ മുദ്രാവാക്യമാക്കിമാറ്റിയ സഹനസമരമായിരുന്നല്ലോ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ ഇന്ത്യൻ ജനത നടത്തിയ പോരാട്ടം. തികഞ്ഞ ഹൈന്ദവ വിശ്വാസിയായിരിക്കെ തന്നെ ബൗദ്ധ കാഴ്ചപ്പാടുകളെയും സ്വാംശീകരിച്ച ഗാന്ധിജിയായിരുന്നു അതിന്റെ നായകൻ. അങ്ങനെ നേടിയ ആ സ്വാതന്ത്ര്യത്തിനുമുണ്ടായിരുന്നു ആ സൗമ്യഭാവം. കുറെ ഹൈന്ദവ പാരമ്പര്യങ്ങളെ പിന്തുടർന്ന ഗാന്ധിജി മുതൽ കാഴ്ചപ്പാടുകളിൽ അക്കാലത്തെ 'ന്യൂജൻ' ആയിരുന്ന ജവഹർലാൽ നെഹ്‌റു വരെയുള്ളവർ അംഗീകരിച്ചതായിരുന്നു സ്വതന്ത്ര ഇന്ത്യയുടെ ആ സൗമ്യഭാവം.
ആ ഇന്ത്യയല്ല ഇന്നുള്ളത്. തികഞ്ഞ വർഗീയ ഫാസിസവും ഇതര കാഴ്ചപ്പാടുകളോടുള്ള ഹിംസാത്മകമായ വെറുപ്പുമാണ് സംഘ്പരിവാർ ഭരണത്തിലുള്ള ഉത്തരാധുനിക ഇന്ത്യയുടെ മുഖമുദ്ര. ആ മുഖമുദ്ര പുതിയ കാലത്തെ ഇന്ത്യൻ ഭരണരാഷ്ട്രീയത്തിന്റെ സ്വഭാവത്തിനൊപ്പം മാറിപ്പോകുന്നത് തികച്ചും സ്വാഭാവികം.
ഇത് ഇന്ത്യയിൽ മാത്രം കാണുന്നൊരു പ്രതിഭാസവുമല്ല. ഭരണരാഷ്ട്രീയത്തിൽ വന്ന മാറ്റത്തിനൊപ്പം പഴയകാല സംസ്‌കാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും ചിഹ്നങ്ങൾ തകർത്ത് പുതിയവയെ സൃഷ്ടിക്കുന്നത് പല രാജ്യങ്ങളിലും സംഭവിച്ചിട്ടുണ്ട്. ജർമനിയിൽ നാസി ഭരണകാലത്ത് പഴയകാല സാംസ്‌കാരിക ചിഹ്നങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. വിപ്ലവാനന്തര ചൈനയിലും ഇത് വ്യാപകമായിരുന്നു. പഴയകാല രാഷ്ട്രീയ, സാംസ്‌കാരിക ചിഹ്നങ്ങൾ തല്ലിത്തകർക്കുന്ന ഉത്സവം കൂടിയായിരുന്നു അവിടുത്തെ സാംസ്‌കാരിക വിപ്ലവം. ചൈനയിലെ മാവോയിസ്റ്റ് രാഷ്ട്രീയത്തിന്റെ വികൃതാനുകരണം ഭരണത്തിലുണ്ടായ കംബോഡിയയിലും ഇത് പരക്കെ സംഭവിച്ചു. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടം ഏറെ പഴക്കമുള്ള ബുദ്ധപ്രതിമകളടക്കമുള്ള ഗതകാല സാംസ്‌കാരിക ചിഹ്നങ്ങൾ തകർത്തത് വലിയ വാർത്തയായിരുന്നല്ലോ.
സംഘ്പരിവാർ ഇത് ദേശീയചിഹ്നങ്ങളിൽ മാത്രമായി ഒതുക്കിയിട്ടില്ല. പല സ്ഥലങ്ങളുടെയും ഇഷ്ടമില്ലാത്ത പേരുകൾ ബി.ജെ.പി അധികാരത്തിലിരുന്ന സംസ്ഥാനങ്ങളിലെല്ലാം അവർ മാറ്റിയിട്ടുണ്ട്. ദേശീയവിമോചനപ്പോരാട്ടത്തിന്റെ ഭാഗമായി, അതിന്റെ സ്മരണയെന്ന നിലയിൽ ചില ഇടങ്ങൾക്കു ലഭിച്ച പേരുകൾ പോലും ഇങ്ങനെ മാറ്റിയിട്ടുണ്ട്. അവിടെയും അവസാനിപ്പിച്ചിട്ടില്ല അവർ. പല ഹിന്ദുദൈവങ്ങളുടെയും രൂപഭാവങ്ങൾ വരെ അവർ മാറ്റിക്കൊണ്ടിരിക്കുകയാണ്.
പരമശിവൻ സംഹാരമൂർത്തിയായാണ് ചിലർ വിശ്വസിക്കപ്പെടുന്നതെങ്കിലും രാജ്യത്ത് ചിത്രങ്ങളിലും ശിൽപങ്ങളിലും നമ്മൾ കണ്ടിരുന്ന ശിവന്റെ മുഖം സൗമ്യവും സുന്ദരവുമായിരുന്നു. എന്നാലിപ്പോൾ സംഘ്പരിവാർ ചടങ്ങുകളിൽ സ്ഥാപിക്കുന്ന ശിവചിത്രങ്ങൾ ഒന്ന് ശ്രദ്ധിച്ചുനോക്കൂ. അതിന് അക്രമാസക്തമായ രൗദ്രഭാവമാണ്. അതുപോലെ വിഷാദച്ഛായ കലർന്ന സൗമ്യമുഖമാണ് നമ്മൾ ഹനുമാന്റെ ചിത്രങ്ങളിലും ശിൽപങ്ങളിലും കണ്ടിരുന്നത്. ഇപ്പോൾ സംഘ്പരിവാർ പരിപാടികളിൽ പ്രത്യക്ഷപ്പെടുന്ന ഹനുമാന്റെ ചിത്രങ്ങൾക്ക് ക്രൂരമുഖമാണ്. ഇതുപോല പല ഹിന്ദുദൈവങ്ങളുടെയും രൂപഭാവങ്ങൾ അവർ മാറ്റിയിട്ടുണ്ട്.
അതിലും അത്ഭുതപ്പെടേണ്ടതില്ല. അതിവിശാല സഹിഷ്ണുതയും വൈവിധ്യങ്ങളും നിറഞ്ഞ ഹൈന്ദവതയല്ല സംഘ്പരിവാറിന്റെ ഹിന്ദുത്വം. വെറുപ്പും അക്രമാസക്തിയും നിറഞ്ഞൊരു ഹിന്ദുത്വത്തെയാണ് അവർ സൃഷ്ടിച്ചെടുക്കുന്നത്. ഇന്ത്യയിൽ അതിന്റെ സമഗ്ര രാഷ്ട്രീയാധിപത്യം സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിൽ അവർ ഏറെ മുന്നേറിയിട്ടുമുണ്ട്. അതിനനുസൃതമായ അവർ രാജ്യത്തെ മാത്രമല്ല ഹൈന്ദവ ദൈവങ്ങളെപ്പോലും പൊളിച്ചുപണിയുകയാണെന്നു മാത്രം കരുതിയാൽ മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."