പശ്ചിമഘട്ട സൗന്ദര്യം, സാഹസിക ടൂറിസം 'വയനാടിന് അനന്ത സാധ്യകള്‍'
കല്‍പ്പറ്റ: പശ്ചിമഘട്ട സൗന്ദര്യവും സാഹസിക ടൂറിസവും പ്രയോജനപ്പെടുത്തി ജില്ലക്ക് സംസ്ഥാന ടൂറിസം ഭൂപടത്തിന്റെ ഉന്നതിയിലെത്താമെന്ന് ടൂറിസം ഡയറക്ടര്‍ യു.വി ജോസ്. ഇതിനായി പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായ ടൂറിസം പദ്ധതികള്‍ പ്രയോജനപ്പെടുത്തണം. സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന വയനാടന്‍ പ്രകൃതിക്ക് കോട്ടം തട്ടാതെ കരുതലോടെ പദ്ധതികളാവിഷ്‌കരിച്ചാല്‍ മേഖലയില്‍ ജില്ലക്ക് മുന്നേറാനാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ നടപ്പാക്കുന്ന ടൂറിസം പദ്ധതികളുടെ പുരോഗതി വിലയിരുത്താനും പുതിയ സാധ്യതകളുടെ ചര്‍ച്ചക്കും കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹസിക ടൂറിസത്തിന് വയനാട് ജില്ലയില്‍ കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കുമെന്നും ഹോം സ്റ്റേകളെ ഫാം ടൂറിസവുമായി ബന്ധപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിസോര്‍ട്ടുകളുടെയും ഹോംസ്റ്റേകളുടെയും നികുതി ഏകീകരണത്തെക്കുറിച്ച് ചര്‍ച്ച നടക്കുകയാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ മാലിന്യ നിര്‍മാര്‍ജനത്തിന് ടൂറിസം വകുപ്പ് എത്ര പണം വേണമെങ്കിലും മുടക്കാന്‍ തയാറാണ്. ജനസൗഹൃദമായ സാങ്കേതികവിദ്യയാണ് ഇതിനുവേണ്ടി തയ്യാറാക്കേണ്ടത്. കാരപ്പുഴയില്‍ 7.21 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കുന്ന ടൂറിസം വിനോദ സഞ്ചാര കേന്ദ്രം താമസിയാതെ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാരാപ്പുഴയിലെത്തി നിര്‍മാണ പുരോഗതി വിലയിരുത്തിയ ശേഷമാണ് ഇക്കാര്യം പറഞ്ഞത്. പവലിയന്‍, സ്ലൈഡര്‍, ആംഫി തിയേറ്റര്‍, ടിക്കറ്റ് കൗണ്ടര്‍, ടോയ്‌ലെറ്റ് ബ്ലോക്ക്, ഷോപ്പുകള്‍, റോസ് ഗാര്‍ഡന്‍, കിഡ്‌സ് പാര്‍ക്ക്, എന്‍ട്രന്‍സ് ഗേറ്റ്, ഗെസിബോ, ഫെസിലിറ്റേഷന്‍ കേന്ദ്രം, ഹെര്‍ബേറിയം, മ്യൂസിക്കല്‍ ഫൗണ്ടേന്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് കാരാപ്പുഴയിലെ കേന്ദ്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."