HOME
DETAILS

മോദി ഭരണം പത്താം വർഷത്തിൽ

  
backup
June 12 2023 | 18:06 PM

todays-article-about-modi-government

എൻ.പി ചെക്കുട്ടി

2014ൽ അധികാരത്തിലെത്തിയ നരേന്ദ്രമോദി സർക്കാർ അതിന്റെ രണ്ടാം ഊഴത്തിന്റെ അന്ത്യഘട്ടത്തിലേക്ക്പ്രവേശിക്കുകയാണ്. സമീപകാലത്ത് കേന്ദ്രത്തിൽ അധികാരത്തിൽ തിരിച്ചെത്തിയ രണ്ടാമത്തെ സർക്കാരാണ് മോദിയുടേത്. തൊട്ടുമുമ്പ് 2004-2014 കാലത്തു ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഐക്യപുരോഗമന സർക്കാർ രണ്ടുവട്ടം അധികാരത്തിൽ എത്തുകയുണ്ടായി. അതിനാൽ രണ്ടാമൂഴം പൂർത്തിയാക്കുന്ന മോദിസർക്കാരിനെ തൊട്ടുമുമ്പ് അധികാരത്തിലിരുന്ന മൻമോഹൻ സിങ് സർക്കാരുമായാണ് താരതമ്യപ്പെടുത്തേണ്ടത്. എന്തുകൊണ്ട് ഇന്ത്യൻ ജനത മൻമോഹൻസിങ്ങിനും നരേന്ദ്ര മോദിക്കും രണ്ടാമൂഴം നൽകിയെന്നും എന്തുകൊണ്ട് മൻമോഹൻ സിങ്ങിന്റെ കാര്യത്തിലെങ്കിലും ജനങ്ങൾ പിന്നീട് മറിച്ചു ചിന്തിച്ചു എന്നും പരിശോധിക്കേണ്ടതുണ്ട്. അതിലൂടെ മാത്രമേ മോദി മൂന്നാമൂഴത്തിലേക്ക് കടക്കുമോ അതോ ഇത്തവണ ഭരണം കടപുഴകി വീഴുമോ എന്നു കണ്ടെത്താനാവുകയുള്ളൂ.


അധികാരത്തിലിരിക്കുന്ന സർക്കാരിനെ സത്യസന്ധമായും വസ്തുനിഷ്ഠമായും വിലയിരുത്തുകയെന്നത് എളുപ്പമല്ല. കാരണം സമകാല അനുഭവങ്ങളും രാഷ്ട്രീയതാൽപര്യങ്ങളും നിലപാടുകളുമൊക്കെ അതിൽ പ്രതിഫലിക്കും. എന്നിരുന്നാലും രാഷ്ട്രീയരംഗത്തെ മാറ്റങ്ങൾ, സാമ്പത്തിക പ്രവർത്തനങ്ങൾ, ആഗോളബന്ധങ്ങൾ തുടങ്ങിയ പ്രധാന അളവുകോലുകൾവച്ച് ഒരു സർക്കാരിനെ വിലയിരുത്താൻ കഴിയും. കാരണം ഇതെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ ജനങ്ങളുടെ നിലപാടുകളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അവയോരോന്നും ഏതേതുതലത്തിൽ, ഏതേത് അളവിൽ വോട്ടർമാരെ സ്വാധീനിക്കുന്നു എന്ന് പറയാനാവില്ല. എന്നാൽ തങ്ങളുടെ നിത്യജീവിതാനുഭവങ്ങളും പൊതുസമൂഹത്തിൽനിന്ന് ഓരോരുത്തരും ആഗിരണം ചെയ്യുന്ന അറിവുകളും അവരുടെ തീർപ്പുകളെ സ്വാധീനിക്കുന്നുണ്ട്.


അതിൽനിന്ന് ഉരുത്തിരിയുന്ന ഒരു പ്രധാന നിഗമനം അധികാരക്കുത്തക ദീർഘകാലത്തേക്ക് നിലനിർത്താൻ ശേഷിയുള്ള ഒരു രാഷ്ട്രീയപ്രസ്ഥാനവും ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്നില്ല എന്നതാണ്. ദേശീയപ്രസ്ഥാനത്തിന്റെ നായകസ്ഥാനത്തുനിന്ന കോൺഗ്രസ് ഇന്ത്യയിൽ ദീർഘകാലം അധികാരക്കുത്തക നിലനിർത്തി. എന്നാൽ എഴുപതുകളുടെ മധ്യത്തിൽ ജനങ്ങൾ കോൺഗ്രസിനെ അധികാരത്തിൽനിന്ന് പുറത്താക്കി. ഇന്ദിരാഗാന്ധിയുടെ ഭരണം ഏകാധിപത്യ പ്രവണതകൾ പ്രദർശിപ്പിച്ചതും രാജ്യത്തെ സാമ്പത്തിക-സാമൂഹിക അവസ്ഥ പ്രതിസന്ധിയിലേക്കു കൂപ്പുകുത്തിയതുമാണ് അതിനു കാരണമായത്. എഴുപതുകളുടെ തുടക്കത്തിൽ സാമ്പത്തികമാന്ദ്യം ലോകത്തെയാകെ ഗ്രസിച്ചിരുന്നു. എണ്ണവിപണിയിലെ മാന്ദ്യം, വിയറ്റ്‌നാം യുദ്ധം, ഉൽപാദനമേഖലയിലെ തകർച്ച, ആഗോളതലത്തിലെ വിലക്കയറ്റം എന്നിങ്ങനെ വിവിധ കാരണങ്ങളാണ് 1973-75 കാലത്ത് മുതലാളിത്ത ലോകത്തെയാകെ ബാധിച്ച പ്രതിസന്ധിക്കു കാരണമായത്. അതിന്റെ ആഘാതമാണ് ഇന്ത്യയിലും കാണപ്പെട്ടത്. വിവിധ മേഖലകളിൽ സംഘർഷം ഉരുണ്ടുകൂടി.

അതിനെ നേരിടാൻ ജനാധിപത്യപരമായ മാർഗങ്ങളല്ല ഇന്ദിരാഗാന്ധി പ്രയോഗിച്ചത്; പകരം ഉരുക്കുമുഷ്ടിയായിരുന്നു. അതിനെയാണ് ജനങ്ങൾ തങ്ങൾക്ക് ആദ്യംകിട്ടിയ അവസരത്തിൽതന്നെ തള്ളിയത്.


എന്നാൽ മൻമോഹൻ സിങ്ങിന്റെ ഭരണം അവസാനിപ്പിച്ച് ഇന്ത്യൻ ജനത നരേന്ദ്രമോദിയെ അധികാരത്തിലേറ്റിയ 2014ൽ സ്ഥിതിഗതികൾ വളരെ വ്യത്യസ്തമായിരുന്നു. സാമ്പത്തികരംഗത്ത് ഇന്ത്യ ഒരു കുതിപ്പിന്റെ നിലയിലായിരുന്നു. തൊണ്ണൂറുകളിൽ ആരംഭിച്ച ആഗോളവത്കരണ നയങ്ങൾ ഇന്ത്യൻ സമ്പദ്ഘടനയെ ശക്തിപ്പെടുത്തിയ കാലം. ഇന്ത്യയുടെ വിദേശനാണ്യ ശേഖരം കുതിച്ചുയർന്നു. സാമ്പത്തികവളർച്ചയിൽ ഇന്ത്യയും ചൈനയും മത്സരിക്കുന്ന കാലം. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ ദാരിദ്ര്യ നിർമാർജനം മുന്നേറിയ കാലവുമാണത്. ശക്തമായ ഒരു മധ്യവർഗവും ആഗോളതലത്തിൽ സ്വാധീനമുള്ള ഒരു ആഭ്യന്തരവിപണിയും വികസിച്ചുവന്നതും അക്കാലത്താണ്.


പക്ഷേ വിപണിയുടെ അനിയന്ത്രിത മുന്നേറ്റവും അതിന്റെ ആധിപത്യവും തന്നെയാണ് ഒരുപരിധിവരെ മൻമോഹൻസിങ് ഭരണത്തെ പ്രതിസന്ധിയിലേക്ക് നയിച്ചത്. വമ്പിച്ച സമ്പത്തു കുമിഞ്ഞുകൂടി. ഇന്ത്യയുടെ വിഭവങ്ങൾ ചൂഷണം ചെയ്യാനായി വിദേശകമ്പനികൾ അണിനിരന്നു. ആഭ്യന്തരവിപണിയുടെ തുറന്നിടലും തുറന്ന മത്സരവും മധ്യവർഗത്തിനു ഉത്സാഹം പകർന്നു. പക്ഷേ അതിനൊരു മറുപുറമുണ്ടായിരുന്നു. രാജ്യത്തെ വലിയ വിഭാഗം ജനങ്ങളെ ദാരിദ്ര്യരേഖയുടെ കീഴിൽനിന്ന് സർക്കാർ ഉയർത്തിക്കൊണ്ടുവന്നതു വാസ്തവം. എന്നാൽ അവർ കണ്ടത് അതീവ ഗുരുതരമായ സാമ്പത്തിക അസമത്വമാണ്. മുൻകാലത്തെ അതിദരിദ്രാവസ്ഥയിൽനിന്ന് വിമോചനം നേടിയ മഹാഭൂരിപക്ഷം കണ്ടത് അയൽപക്കത്തെ മധ്യവർഗം അമിതവ്യയത്തിലും ആർഭാടത്തിലും കൂത്താടുന്നതാണ്. വിഭവങ്ങൾ പങ്കുവയ്ക്കുന്നതിൽ നഗ്‌നമായ ഇരട്ടത്താപ്പ് രാജ്യത്തെങ്ങും കാണപ്പെട്ടു. അതിൽ പ്രധാനം അധികാരവുമായി ബന്ധപ്പെട്ട വിഭാഗങ്ങൾക്കിടയിൽ കാണപ്പെട്ട അഴിമതി തന്നെയായിരുന്നു. അതു മറച്ചുവയ്ക്കാനുള്ള ഒരു ശ്രമംപോലും അന്ന് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല.


തിരിഞ്ഞുനോക്കുമ്പോൾ അതാണ് അന്നത്തെ സർക്കാരിനെ വീഴ്ത്തിയ മുഖ്യഘടകം എന്ന് കാണാൻ കഴിയും. അണ്ണാ ഹസാരെയുടെ പ്രസ്ഥാനം മുതൽ ആം ആദ്മി മുന്നേറ്റംവരെ അഴിമതിക്കെതിരേയുള്ള ജനവികാരത്തിൽ നിന്ന് ഉണ്ടായതാണ്. ആർ.എസ്.എസും ബി.ജെ.പിയും അതിനെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റിയെടുക്കുന്നതിൽ വിജയിച്ചു. നരേന്ദ്രമോദിയെ ഇന്ത്യയുടെ അഴിമതിമുക്തനായ പുതുനേതാവായി അവരോധിക്കുന്നതിൽ അവർ വിജയിച്ചു.
ആദ്യത്തെ അഞ്ചുവർഷങ്ങളിൽ മോദിഭരണം അഴിമതിരഹിത പ്രതിച്ഛായ ഉയർത്തിപ്പിടിക്കുന്നതിൽ വിജയിച്ചു എന്നാണ് 2019ൽ നടന്ന തെരഞ്ഞെടുപ്പിൽ അവരുടെ വിജയം ചൂണ്ടിക്കാണിക്കുന്നത്. ഭരണത്തിന്റെ പിടിപ്പുകേടും നയപരമായ പാളിച്ചകളും സാമ്പത്തിക മേഖലയിലെ നിഷേധ പ്രവണതകളും ഫലപ്രദമായി മറച്ചുവയ്ക്കാൻ അവർക്കു സാധ്യമായി. സർക്കാരിനെ മുൾമുനയിൽ നിർത്താൻ പാകത്തിലുള്ള ഒരു അഴിമതിയാരോപണവും ഉയർത്താൻ അന്ന് പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. താരതമ്യേന പരിമിത ബഹുജനബന്ധം മാത്രം നിലനിർത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഫ്രഞ്ച് റാഫേൽ വിമാന ഇടപാടിന്റെ പേരിൽ ചൗക്കിദാർ ചോർ ഹൈ എന്നാർത്തു വിളിച്ചുവെങ്കിലും അത് ഏറ്റുവിളിക്കാൻ കോൺഗ്രസിൽ നിന്നുപോലും ആളെക്കിട്ടിയില്ല.


എന്നാൽ ഇന്ന് നമ്മൾ കാണുന്നത് വ്യത്യസ്തമായ ഒരു ചിത്രമാണ്. ഭരണം കിട്ടിയ ആദ്യനാളുകളിൽ അതിന്റെ ലഹരിയിൽ കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും നടത്തിയ പല നീക്കങ്ങളുടെയും ആഘാതം ഇപ്പോൾ രാജ്യത്തു വ്യാപകമായി അനുഭവപ്പെടുന്നുണ്ട്. അതിലേറ്റവും പ്രധാനം 2016 നവംബറിൽ മോദി നടത്തിയ നോട്ടുനിരോധന പ്രഖ്യാപനമാണ്. ഇന്ത്യയിലെ കാർഷിക, ചെറുകിട വ്യവസായ, വിപണന മേഖലകളിൽ അതുണ്ടാക്കിയ പ്രത്യാഘാതം അഗാധമായിരുന്നു. എന്നാൽ കള്ളപ്പണക്കാരെ വേട്ടയാടാനുള്ള ഒറ്റമൂലി എന്ന പ്രചാരണത്തിലൂടെ സർക്കാർ അതിനെ മറികടന്നു. പക്ഷേ ഇപ്പോൾ അതിന്റെ പിന്നിലെ വസ്തുതകളും യാഥാർഥ്യങ്ങളും ജനങ്ങൾക്കിടയിൽ കൂടുതൽ വ്യക്തമായിട്ടുണ്ട്. അന്ന് 500, 1000 രൂപ നോട്ടുകൾ റദ്ദാക്കിയ സർക്കാർ പകരം കൊണ്ടുവന്ന 2000 രൂപയുടെ നോട്ടുകൾ അവർക്കുതന്നെ പിൻവലിക്കേണ്ടി വന്നിരിക്കുന്നു. കള്ളപ്പണം കരുതിവയ്ക്കാൻ ആയിരത്തേക്കാൾ എളുപ്പം രണ്ടായിരത്തിലാണ് എന്ന് ആർക്കാണറിയാത്തത്?
സാമ്പത്തികമേഖലയിലെ തിരിച്ചടികൾ ഇന്ന് ഇന്ത്യയിലെമ്പാടും അനുഭവപ്പെടുന്ന യാഥാർഥ്യമാണ്. പൊതുമേഖലയിൽ പോലും തൊഴിൽരഹിത വളർച്ചയാണ് കാണുന്നത്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ ഇത്രയേറെ ഉയർന്ന മറ്റൊരു കാലഘട്ടവും സമീപവർഷങ്ങളിൽ ഉണ്ടായിട്ടില്ല. ഇതുണ്ടാക്കുന്ന അസംതൃപ്തി അത്യധികമാണ്. സാമ്പത്തിക അസമത്വം അതിന്റെ പരകോടിയിലേക്കു പ്രവേശിച്ചിരിക്കുന്നു. കർഷകരടക്കം വിവിധ വിഭാഗം ബഹുജനങ്ങൾ അതിന്റെ പിടിയിലാണ്.

മൻമോഹൻസിങ് ഭരണത്തിന്റെ അവസാന നാളുകളിൽ ജനങ്ങളെ ഏറ്റവും കൂടുതൽ പ്രകോപിപ്പിച്ച വിഷയം അതായിരുന്നു. എന്നാൽ പത്തുവർഷം കഴിഞ്ഞ് ഇന്നത്തെ അവസ്ഥയുമായി തട്ടിച്ചുനോക്കുമ്പോൾ അതു മഞ്ഞുമലയുടെ അറ്റം മാത്രമായിരുന്നു.
അധികാരമണ്ഡലത്തിലും സാമ്പത്തിക അവസരങ്ങളിലും ജീവിതത്തിന്റെ സമസ്തമേഖലകളിലും ഇന്ന് കൊടികുത്തി വാഴുന്നത് അഴിമതിയും സ്വജനപക്ഷപാതവും വർഗീയതയുമാണ്. സാമൂഹിക ഐക്യവും കെട്ടുറപ്പും ഇന്ന് സാധാരണജനങ്ങളെ സംബന്ധിച്ച് ഗതകാലസ്മരണ മാത്രമാണ്. ഒരു സമൂഹം എന്ന നിലയിൽ ഇന്ത്യയെ ഒന്നിപ്പിച്ചുനിർത്തിയ ദേശീയബോധത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും മതേതര ഘടനയുടെയും കടയ്ക്കൽ കത്തിവയ്ക്കുന്ന ജോലിയാണ് അഞ്ചുവർഷമായി സർക്കാർ ചെയ്തുകൊണ്ടിരുന്നത്. അതിന്റെ പരമമായ ആവിഷ്‌കാരമായിരുന്നു പാർലമെന്റിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവേളയിൽ പ്രധാനമന്ത്രിയും കുറെ പൂജാരികളും ചേർന്ന് കാട്ടിക്കൂട്ടിയ നാടകങ്ങൾ. അതിന്റെ മറ്റൊരു ഭാഗമാണ് മണിപ്പൂരിൽ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സർക്കാരിന്റെ പിന്തുണയോടെ ഒരു കൂട്ടർ മലയോരങ്ങളിലെ ആദിവാസി ജനങ്ങൾക്കു നേരെ നടത്തുന്ന കടന്നാക്രമണം. അത്തരം അനുഭവങ്ങൾ നാടിൻ്റെ നാനാഭാഗത്തും ഇന്ന് അരങ്ങേറുന്നുണ്ട്.


ഈയൊരു അവസ്ഥയിൽ ജനങ്ങളുടെ രോഷം അണപൊട്ടിയൊഴുകാനുള്ള എല്ലാ സാധ്യതയും നിലനിൽക്കുന്നു. അതിനെ ഒന്നിച്ച് ഒരേദിശയിൽ ഏകോപിപ്പിക്കുന്ന സുപ്രധാന ചുമതലയാണ് പ്രതിപക്ഷത്തിന് നിറവേറ്റാനുള്ളത്. ബി.ജെ.പിയുടെ അടിത്തറ ഇന്നും ഭദ്രമാണ് എന്ന് കർണാടകം തെളിയിക്കുന്നുണ്ട്. എന്നാൽ അവർക്കെതിരേ നിലപാടെടുക്കാൻ ജനങ്ങളിൽ മഹാഭൂരിപക്ഷവും തയാറുമാണ്. ഇന്ത്യ അതിന്റെ ചരിത്രമുഹൂർത്തത്തിൽ ശരിയായ പാത തെരഞ്ഞെടുക്കുന്നതിൽ വിജയിക്കുമോ എന്ന ചോദ്യം പക്ഷേ ബാക്കിയാണ്.

Content Highlights: Today's Article About modi Government


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ഉപയോഗം; 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  a month ago
No Image

പത്തനംതിട്ട നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

Kerala
  •  a month ago
No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  a month ago
No Image

എംസാറ്റ് പാസാകാത്തവര്‍ക്കും സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കാം

uae
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  a month ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  a month ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago