ചാരിറ്റിയുടെ പേരില്‍ എല്ലായ്‌പ്പോഴും ടാക്‌സില്‍ ഇളവ് ലഭിക്കില്ല; ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കുക
കൃത്യമായി നികുതി നല്‍കുക എന്നത് അത് നല്‍കല്‍ നിര്‍ബന്ധമാക്കപ്പെട്ട എല്ലാ വ്യക്തികളുടെയും സ്ഥാപനങ്ങളുടേയും മേല്‍ നിര്‍ബന്ധമായ കാര്യമാണ്. അതിനാല്‍ തന്നെ ടാക്‌സില്‍ കൃത്രിമം കാണിക്കുന്നവര്‍ നാടിന്റെ വികസനത്തിനും, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ആയി ഖജനാവിലെത്തേണ്ട പണം പൂഴ്ത്തിവെക്കുകയാണ് ചെയ്യുന്നത്. ഇത് തികച്ചും കുറ്റകരമായ പ്രവര്‍ത്തിയാണ്.
എന്നാല്‍ ഓരോ സാമ്പത്തിക വര്‍ഷവും നികുതി സമര്‍പ്പിക്കേണ്ട അവസരത്തില്‍ വിവിധ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവക്ക് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഇളവ് ലഭിക്കാറുണ്ട്. എന്നാല്‍ ചാരിറ്റിയുടെ പേരില്‍ പലരും നികുതി വെട്ടിപ്പ് നടത്താറുണ്ട് എന്ന തരത്തില്‍ വ്യാപകമായ പരാതികള്‍ പലപ്പോഴും ഉയര്‍ന്ന് കേള്‍ക്കാറുണ്ട്.
അതിനാല്‍ തന്നെ ചാരിറ്റിയുടെ നികുതി ആനുകൂല്യം ക്ലെയിം ചെയ്യുന്നതിനുള്ള നിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് യൂണിയന്‍ സര്‍ക്കാര്‍.നിലവില്‍ 1961ലെ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 ജി പ്രകാരമാണ്, അംഗീകൃത ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ക്കോ എന്‍.ജി.ഒ കള്‍ക്കോ ചാരിറ്റി ഫണ്ട് നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ നികുതി ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ മാറ്റം വരുത്തപ്പെട്ട നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ ചാരിറ്റി നല്‍കിയാല്‍ അത് ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കി ഈ സര്‍ട്ടിഫിക്കേറ്റ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. അതിനൊപ്പം നികുതി ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്യേണ്ടുന്ന പ്രോസസും ഇപ്പോള്‍ ഓണ്‍ലൈന്‍ ആക്കി മാറ്റിയിട്ടുണ്ട്.രസീതുകളുടെ സഹായത്തോടെ നികുതി ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്യുന്ന രീതിക്ക് ഇതോടെ അവസാനമായിരിക്കുകയാണ്.
കൂടാതെ ചാരിറ്റബിള്‍ സ്ഥാപനമോ എന്‍.ജി.ഒ യോ ഒരു സാമ്പത്തിക വര്‍ഷം ലഭിച്ച മുഴുവന്‍ സംഭാവനകളുടെയും പ്രസ്താവന ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യേണ്ടത് ആവശ്യമാണ്. ഇതിനുപുറമെ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിക്ക് പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതും ആവശ്യമാണ്. എല്ലാ വര്‍ഷവും മെയ് 31ന് മുന്‍പ് സംഭാവന നല്‍കിയ സ്റ്റേറ്റ്‌മെന്റ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം.2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍, സംഭാവന സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചുള്ള പൂര്‍ണ്ണമായ വിവരങ്ങള്‍ നല്‍കണം. ആദായനികുതി വകുപ്പ് നിങ്ങള്‍ നല്‍കിയ വിവരങ്ങളും സ്ഥാപനം സമര്‍പ്പിച്ച സംഭാവനയുടെ പ്രസ്താവനയുമായി ഒത്തു നോക്കും. ഇത് പൊരുത്തപ്പെട്ടാല്‍ നിങ്ങളുടെ ക്ലെയിം അംഗീകൃതമാകും.
Content Highlights:new rule to save tax by donation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."