ആ കരച്ചില്‍ ഇവര്‍ കേട്ടില്ലായിരുന്നുവെങ്കില്‍...
ചെറുവത്തൂര്‍: ആരോമലിന്റെ നിലവിളികേട്ട് അവര്‍ ഓടിയെത്തിയപ്പോള്‍ കണ്ടത് കുളത്തില്‍ നിന്നുയരുന്ന കുമിളകള്‍ മാത്രം. ആ കുമിളകള്‍ക്കടിയില്‍ ആഴങ്ങളിലേക്ക് താഴ്ന്നുപോകുന്നത് ആരോമലിന്റെ കൂട്ടുകാരനാണെന്നു മാത്രം ഓടിയെത്തിയ മൂന്നു പേര്‍ക്കുമറിയാം.
ഒപ്പം കുളിച്ചുകൊണ്ടിരുന്ന കൂട്ടുകാരന്‍ കുളത്തിനടിയിലേക്ക് താഴ്ന്നുപോയെന്നു പറഞ്ഞു മുഴുമിപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിയില്‍ വാവിട്ട് കരയുകയായിരുന്നു ആരോമല്‍. മറ്റൊന്നും ചിന്തിക്കാതെ ജിതിനും ആകാശും അക്ഷയും കുളത്തിലേക്ക് എടുത്തു ചാടി.
കുമിളകള്‍ ഉയര്‍ന്ന സ്ഥലത്തെ ലക്ഷ്യമാക്കി നീന്തി. മുങ്ങിത്താഴ്ന്നു മൂന്നുപേരും കൂടി ആഴത്തില്‍നിന്ന് എടുത്തുയര്‍ത്തിയത് ഹേമന്ത് എന്ന നാലാം ക്ലാസുകാരന്റെ ജീവനായിരുന്നു. തങ്ങളുടെ ജീവനെക്കുറിച്ച് പോലും ചിന്തിക്കാതെ, ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത കൂട്ടുകാരന്റെ ജീവന്‍ തിരിച്ചുപിടിക്കാന്‍ കുട്ടിക്കൂട്ടുകാര്‍ കാട്ടിയ ധൈര്യത്തെ പ്രശംസിക്കുകയാണു നാട് ഒന്നടങ്കം. കഴിഞ്ഞദിവസം ചെറുവത്തൂരിന് സമീപം കാരിയില്‍ ക്ഷേത്രക്കുളത്തിലായിരുന്നു അപകടം.
തൊട്ടടുത്ത് ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അഞ്ചാം ക്ലാസുകാരന്‍ ആകാശ്, ആറാംക്ലാസുകാരന്‍ അക്ഷയ്, ഏഴാം ക്ലാസിലെ ജിതിന്‍ ബാബു എന്നിവര്‍. അച്ചാംതുരുത്തി രാജാസ് എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് മൂവരും. ഈ സമയം കുളത്തില്‍ കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു കാരി പള്ളിക്കണ്ടത്തെ ഹേമന്തും ആരോമലും. കുളത്തില്‍ നീന്തിക്കൊണ്ടിരുന്ന ഹേമന്തിനെ പെട്ടെന്നു കാണാതാവുകയായിരുന്നു. കണ്ണില്‍ ഇരുട്ട് നിറഞ്ഞ നിമിഷങ്ങളില്‍ ഉച്ചത്തില്‍ കരയാനല്ലാതെ മറ്റൊന്നിനും ആരോമലിനു കഴിഞ്ഞില്ല. പക്ഷെ ആ കരച്ചിലാണ് രക്ഷകരായ മൂവര്‍ സംഘത്തെ കുളക്കരയില്‍ എത്തിച്ചത്.
കുളത്തില്‍ നിന്നു പുറത്തെടുത്തയുടന്‍ ഹേമന്തിന് കൃത്രിമശ്വാസവും പ്രാഥമിക ചികിത്സയും നല്‍കാന്‍ കുട്ടികള്‍ അവസരോചിതമായി ഇടപെടുകയും ചെയ്തു. ജീവതത്തിലേക്കു കൈപിടിച്ചുയര്‍ത്തിയ ചേട്ടന്‍മാര്‍ക്ക് ഹൃദയംകൊണ്ട് നന്ദിപറയുകയാണ് ഹേമന്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."