ലാന്‍ഡ്‌ലൈന്‍ വരിക്കാരുടെ ചോര്‍ച്ച തടയാന്‍ മുഖംമിനുക്കി ബി.എസ്.എന്‍.എല്‍
തിരുവനന്തപുരം: ലാന്‍ഡ്‌ലൈന്‍ വരിക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ കേരള സര്‍ക്കിളില്‍ പ്രത്യേക ഇളവുകളുമായി ബി.എസ്.എന്‍ എല്‍. ലാന്‍ഡ്‌ലൈന്‍ കണക്ഷന്‍ ലഭ്യത എളുപ്പമാക്കുകയും നിശ്ചിത സമയങ്ങളില്‍ ഫ്രീ കോളുകളും ആറുമാസത്തേക്ക് കുറഞ്ഞ മാസവാടകയുമടക്കമുള്ള ഇളവുകളുമുണ്ടാകുമെന്ന് ചീഫ് ജനറല്‍ മാനേജര്‍ ആര്‍. മണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പുതുതായി എടുക്കുന്ന ലാന്‍ഡ്‌ലൈന്‍ കണക്ഷനുകള്‍ക്ക് ആറു മാസത്തേക്ക് പ്രതിമാസ വാടക 49 രൂപ മാത്രമായിരിക്കും. അതു കഴിഞ്ഞാല്‍ സാധാരണ പ്ലാനിലേക്കു വരും. പുതിയ കണക്ഷന് ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് ഉണ്ടാവില്ല. 600 രൂപ ഇന്‍സ്ട്രുമെന്റ് ചാര്‍ജ് നല്‍കിയാല്‍ മതി. ഞായറാഴ്ച ഏതു നെറ്റ്‌വര്‍ക്കിലേക്കും 24 മണിക്കൂറും കോള്‍ സൗജന്യമായിരിക്കും. മറ്റു ദിവസങ്ങളില്‍ രാത്രി ഒന്‍പതു മുതല്‍ രാവിലെ ഏഴു മണി വരെ കോള്‍ സൗജന്യമായിരിക്കും. കോള്‍ സൗജന്യം ലഭ്യമല്ലാത്ത സമയങ്ങളില്‍ ബി.എസ്.എന്‍.എല്‍ നെറ്റ്‌വര്‍ക്കിലേക്ക് മിനുട്ടിന് ഒരു രൂപയും മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് 1.20 രൂപയുമായിരിക്കും കോള്‍ചാര്‍ജ്. കണക്ഷനോടൊപ്പം പ്രീപെയ്ഡ് സിം കാര്‍ഡ് സൗജന്യമായി ലഭിക്കും. ബി.എസ്.എന്‍.എല്ലിന്റെ ഏറ്റവുമടുത്തുള്ള സര്‍വിസ് സെന്ററില്‍ ചെന്നാലും 18003451500 എന്ന ടോള്‍ ഫ്രീ നമ്പരിലേക്കു വിളിച്ചാലും 9400054141 എന്ന നമ്പരിലേക്ക് എസ്.എം.എസ് അയച്ചാലും കണക്ഷന്‍ ലഭിക്കും. ഇതിനു പുറമെ ആകര്‍ഷകമായ ബ്രോഡ് ബാന്‍ഡ്, എഫ്.ടി.ടി.എച്ച് പ്ലാനുകളും ബി.എസ്.എന്‍.എല്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. 1993 എന്ന ടോള്‍ ഫ്രീ നമ്പരുകളിലേക്കു വിളിച്ചാല്‍ ലാന്‍ഡ്‌ലൈന്‍, ബ്രോഡ് ബാന്‍ഡ് കണക്ഷനുകള്‍ ലഭിക്കും. കോള്‍ ലഭിച്ചാല്‍ കമ്പനി പ്രതിനിധി ആവശ്യക്കാരുടെ സ്ഥലത്തെത്തി പ്ലാനുകളെക്കുറിച്ചും നിരക്കിനെക്കുറിച്ചും ഡിപ്പോസിറ്റിനെക്കുറിച്ചുമൊക്കെ വിവരം നല്‍കും. സ്ഥലത്തിന്റെ പ്രത്യേകതകള്‍ക്കനുസരിച്ച് കണക്ഷന്‍ ലഭ്യമാക്കും.
ലാന്‍ഡ്‌ലൈന്‍ വരിക്കാരുടെ കൊഴിഞ്ഞുപോക്കിനിടയിലും ബി.എസ്.എന്‍.എല്ലിന്റെ മൊത്തവരുമാനത്തിന്റെ കാര്യത്തില്‍ കേരള സര്‍ക്കിള്‍ ഒന്നാം സ്ഥാനത്താണ്. കേരളത്തില്‍ 2015- 16 കാലയളവില്‍ ലഭിച്ച ലാഭം 658 കോടി രൂപയാണ്. 2014- 15ല്‍ ഇത് 486 കോടിയായിരുന്നു. ഈ ഒരു വര്‍ഷ കാലയളവിനുള്ള ലാഭത്തിലുണ്ടായ വര്‍ധന 35 ശതമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."