കാനഡയിലേക്കാണോ? ഭക്ഷണത്തിനും താമസത്തിനും എത്ര രൂപ ചെലവാകുമെന്ന് അറിയാമോ?
കാനഡയിലേക്കാണോ? ഭക്ഷണത്തിനും താമസത്തിനും എത്ര രൂപ ചെലവാകുമെന്ന് അറിയാമോ?
വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവരുടെ സ്വപ്‌ന ഭൂമികയാണ് കാനഡ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളും പഠന സൗകര്യങ്ങളും വിദ്യാര്‍ഥികള്‍ക്കായി ഒരുക്കുന്നതില്‍ കാനഡ എല്ലാകാലത്തും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഒരുപടി മുന്നിലാണ്. അതുകൊണ്ട് തന്നെ കേരളത്തില്‍ നിന്നടക്കം നിരവധിയാളുകള്‍ ജോലിയാവശ്യാര്‍ത്ഥവും പഠനത്തിനുമായി കാനഡയിലേക്ക് കുടിയേറിയിട്ടുണ്ട്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുടിയേറ്റ അനുകൂല നിയമങ്ങളും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുമായി കാനഡ ലോകത്തിന് മുന്നില്‍ തങ്ങളുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്.
കാനഡയില്‍ അഡ്മിഷനെടുക്കുന്നതിന് മുമ്പ് അവിടുത്തെ ജീവിത ചെലവിനെ കുറിച്ച് ഏകദേശ ധാരണ ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. എത്ര രൂപക്ക് വീട് കിട്ടും, ഭക്ഷണത്തിന് എത്ര രൂപ ചെലവ് വരും, ഇന്‍ഷുറന്‍സ് പോളിസി എങ്ങനെ എടുക്കാം എന്നൊക്കെ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. അത് നമുക്കൊന്ന് പരിശോധിക്കാം..
താമസം
കാനഡയിലെ മിക്ക കോളജുകളും വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യം ലഭ്യമാക്കുന്നുണ്ട്. അതില്ലാത്ത ക്യാമ്പസുകളില്‍ പുറത്ത് നിന്ന് താമസ സൗകര്യം കണ്ടെത്തേണ്ടി വരും. സാധാരണയായി ക്യാമ്പസുകള്‍ക്ക് കീഴിലെ ഹോസ്റ്റല്‍ റൂമുകളില്‍ ഒരു മാസം ശരാശരി 400 കനേഡിയന്‍ ഡോളര്‍ മുതല്‍ 1500 ഡോളര്‍ വരെയാണ് ചെലവ് വരുന്നത്. ഒരു കനേഡിയന്‍ ഡോളറെന്നത് ഇന്ത്യന്‍ രൂപയില്‍ ഏകദേശം 62 രൂപ വരും. ഇനി ക്യാമ്പസിന് പുറത്ത് റൂമെടുത്ത് നില്‍ക്കുകയാണെങ്കില്‍ ചെലവ് ഇനിയും കൂടും. 600 മുതല്‍ 1800 കനേഡിയന്‍ ഡോളറാണ് ഒരു മാസത്തേക്ക് മാറ്റിവെക്കേണ്ടി വരുന്നത്.
ഭക്ഷണം
കാനഡയില്‍ ഇന്ത്യന്‍ റെസ്റ്റോറന്റുകള്‍ ധാരാളമുണ്ട്. ക്യാമ്പസുകള്‍ക്കുള്ളില്‍ തന്നെ ഭക്ഷണത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. അതല്ലെങ്കില്‍ പുറത്ത് നിന്ന് കഴിക്കേണ്ടി വരും. എന്നിരുന്നാലും ഏകദേശം 200 മുതല്‍ 400 കനേഡിയന്‍ ഡോളറാണ് വരെ ശരാശരി ഒരു മാസത്തേക്ക് ഭക്ഷണത്തിനായി കയ്യില്‍ കരുതേണ്ടിവരും.
യാത്രാചെലവ്
യാത്രാചെലവിനെ കുറിച്ച് കൂടി നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്. ഓരോ പ്രദേശത്തിന്റെയും നിങ്ങള്‍ തിരഞ്ഞെടുക്കുന്ന യാത്രാ മാര്‍ഗങ്ങളുടെയും അടിസ്ഥാനത്തില്‍ യാത്രക്കുള്ള ചെലവും വ്യത്യാസപ്പെട്ടിരിക്കും. എങ്കിലും ഗവണ്‍മെന്റ് ബസ് സര്‍വ്വീസുകളെ ആശ്രയിച്ചാല്‍ അതിലും നല്ലൊരു തുക ലാഭിക്കാനാവും 100 മുതല്‍ 150 കനേഡിയന്‍ ഡോളറാണ് ഏകദേശം ഒരുമാസത്തേക്ക് നിങ്ങള്‍ക്ക് ബസ് സര്‍വീസിനായി മുടക്കേണ്ടി വരുന്നത്.
ഹെല്‍ത്ത് ഇന്‍ഷുറന്‍സ്
എല്ലാ വിദേശ രാജ്യങ്ങളെയും പോലെ കാനഡയിലും ഹെല്‍ത്ത് ഇന്‍ഷുറന്‍സിനായി വിദേശികളില്‍ നിന്ന് പണം ചാര്‍ജ് ചെയ്യുന്നുണ്ട്. ഒരു വര്‍ഷത്തേക്ക് 600 മുതല്‍ 800 ഡോളര്‍ വരെയാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇനത്തില്‍ സര്‍ക്കാര്‍ ഈടാക്കുന്നത്. മുപ്പതിനായിരം മുതല്‍ അമ്പതിനായിരം വരെ ഇന്ത്യന്‍ രൂപ ഈയിനത്തില്‍ വര്‍ഷാവര്‍ഷം ചെലവ് വരുമെന്ന് സാരം.
സ്റ്റഡി മെറ്റീരിയലുകള്‍
കാനഡയിലെ കോളജുകളില്‍ പഠിക്കാനാവശ്യമായ സ്റ്റഡി മെറ്റീരിയലുകള്‍ക്കായി വിദ്യാര്‍ഥികള്‍ നിശ്ചിത തുക മാറ്റിവെക്കേണ്ടി വരും. ഏകദേശം 500 കനേഡിയന്‍ ഡോളര്‍ മുതല്‍ 1000 കനേഡിയന്‍ ഡോളര്‍ വരെ ഒരു വര്‍ഷത്തില്‍ നിങ്ങള്‍ക്ക് ചെലവ് വന്നേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."