HOME
DETAILS

സ്വാതന്ത്ര്യ പോരാട്ടത്തിലെ പാണക്കാടന്‍ പെരുമ

  
backup
August 13 2023 | 07:08 AM

panakkadan-peruma-in-the-freedom-struggle

മുജീബ് തങ്ങള്‍ കൊന്നാര് 
 
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ നിരവധി സൂഫികളുടെ പ്രത്യക്ഷവും പരോക്ഷവുമായ പങ്കാളിത്തം കാണാനാവും. മമ്പുറം തങ്ങളും മകന്‍ ഫസല്‍ പൂക്കോയ തങ്ങളും പാണക്കാട് ഹുസൈന്‍ ആറ്റക്കോയ തങ്ങളുമെല്ലാം പോരാടി നേടിയെടുത്തതാണ് ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത്.
ഹിജ്‌റ 1231 ശഅ്ബാന്‍ ഒന്നിനാണ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍ ജനിക്കുന്നത്. പാണക്കാട് പഴയ മാളിയേക്കല്‍ വീട്ടിലായിരുന്നു താമസം. പ്രാരംഭപഠനം മലപ്പുറം ജുമുഅത്ത് പള്ളിയിലും. തുടര്‍ന്ന് വലിയ ജുമുഅത്ത് പള്ളി ദര്‍സില്‍ ചേര്‍ന്നു. വെളിയങ്കോട് ഉമര്‍ ഖാസിയും അല്ലാമ ഔകോയ മുസ്‌ലിയാരുമായിരുന്നു പ്രധാന ഗുരുനാഥന്മാര്‍. താനൂരിലെ പഠനശേഷം പൊന്നാനി ജുമുഅത്ത് പള്ളി ദര്‍സിലെത്തി.
 
ഇവിടുത്തെ പ്രധാന ഗുരുനാഥന്‍ തിരൂരങ്ങാടി ഖാസിയും മഖ്ദൂം വംശജനുമായ സൈനുദ്ദീന്‍ മുസ്‌ലിയാരായിരുന്നു. മമ്പുറം തങ്ങളുടെ പുത്രന്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍, ആറ്റക്കോയ തങ്ങളുടെ സതീര്‍ഥ്യനും സുഹൃത്തുമായിരുന്നു. ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം ആറ്റക്കോയ തങ്ങള്‍ തിരൂരങ്ങാടി നടുവിലെ ജുമുഅത്ത് പള്ളിയിലും മലപ്പുറം ജുമുഅത്ത് പള്ളിയിലും ഏതാനും വര്‍ഷം മുദരിസും ഖാസിയുമായി പ്രവര്‍ത്തിച്ചു. ഇസ്‌ലാമിക വൈജ്ഞാനിക ലോകത്ത് പ്രോജ്വലിച്ചുനിന്ന തങ്ങളുടെ അമൂല്യമായ ഫത്‌വകള്‍ പല പൗരാണിക തറവാടുകളിലും അറബിക് കോളജുകളിലും പുരാതന ലൈബ്രറിയിലും സൂക്ഷിച്ചുവരുന്നുണ്ട്. കര്‍മശാസ്ത്ര പണ്ഡിതന്‍, ചികിത്സാവിശാരദന്‍, മുഫ്തി, സൂഫീവര്യന്‍, കവി, സ്വാതന്ത്ര്യസമരസേനാനി എന്നീ നിലകളില്‍ പ്രശസ്തനായ ആറ്റക്കോയ തങ്ങള്‍, സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ പോരാട്ടങ്ങളെ വിസ്മരിക്കാവതല്ല.
 
1854ല്‍ ബ്രിട്ടിഷ് ഭരണകൂടം നടപ്പാക്കിയ മനുഷ്യത്വരഹിതമായ കിരാത നിയമമായിരുന്നു മാപ്പിള ഔട്ട് റേജസ് ആക്ട്. കൊളോണിയല്‍ ഭരണവാഴ്ചയോട് സന്ധിയില്ലാസമരം പ്രഖ്യാപിച്ച  മുസ്‌ലിം പോരാളികളെ  അടിച്ചമര്‍ത്തുക എന്നതായിരുന്നു നിയമത്തിന്റെ പ്രധാന ലക്ഷ്യം. നിയമപ്രകാരം ബ്രിട്ടിഷ് വിരുദ്ധ സമരരംഗത്തെ മാപ്പിള പോരാളികളെ കണ്ട സ്ഥലത്തുവച്ച് വെടിവച്ചു കൊല്ലാനും നാടുകടത്താനും തൂക്കിക്കൊല്ലാനും സ്വത്തുവകകള്‍ പിടിച്ചെടുക്കാനും വ്യവസ്ഥ ചെയ്തു. മമ്പുറം തങ്ങളുടെ പുത്രന്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളെ 1852ല്‍ നാടുകടത്തിയതിനു ശേഷം മലബാറിലെ മാപ്പിളമാരെ ബ്രിട്ടിഷുകാരുടെ കരവലയത്തില്‍ കൊണ്ടുവരാനാണ് മാപ്പിള ഔട്ട്‌റേജസ് ആക്ട് എന്ന പേരില്‍ കുപ്രസിദ്ധമായ ഈ നിയമം ബ്രിട്ടിഷ് ഗവണ്‍മെന്റ് പാസാക്കിത്.  നിയമം ബ്രിട്ടിഷുകാരോട് പൊരുതിയ മാപ്പിളമാരുടെ വിരോധത്തിന് ആക്കംകൂട്ടി.
 
1855ല്‍ കലക്ടര്‍ കനോലിയെ വധിച്ചുകൊണ്ട് മാപ്പിള യോദ്ധാക്കള്‍ ഈ നിയമത്തിനെതിരേ  ബ്രിട്ടിഷ് ഭരണകൂടത്തോട് പകരംവീട്ടി. 1854 മുതല്‍ 1885 വരെയുള്ള കാലഘട്ടങ്ങളില്‍ ബ്രിട്ടിഷുകാര്‍ക്കെതിരേ 13 കലാപങ്ങള്‍ നടന്നതായി ചരിത്രം പറയുന്നു. മമ്പുറം തങ്ങളുടെ പുത്രനു ശേഷം ഏറ്റവും കൂടുതല്‍ ബ്രിട്ടിഷ് വിരുദ്ധ നിലപാട് സ്വീകരിച്ചത് സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങളായിരുന്നു. ബ്രിട്ടിഷുകാരെ ഇവിടെനിന്ന് തുരത്താന്‍ ഉദ്‌ബോധിപ്പിച്ച്  തങ്ങള്‍ ധാരാളം ഫത് വകള്‍ ഇറക്കി. ഇത്തരം ഫത്‌വകളുടെ കോപ്പികള്‍ അധികാരികള്‍ പിടിച്ചെടുക്കുകയും ചെയ്തു.
 
ബ്രിട്ടിഷ് വിരുദ്ധ പോരാളി 
 
ബ്രിട്ടിഷ് വിരുദ്ധ പോരാട്ടത്തിന്റെ മുന്നില്‍നിന്ന ആറ്റക്കോയ തങ്ങളെ മലബാറിലെ ലഹള നേതാക്കള്‍ സന്ദര്‍ശിക്കുന്നുണ്ടോ എന്നറിയാന്‍ രഹസ്യ പൊലിസുകാര്‍ കാത്തിരിക്കാറുണ്ടായിരുന്നു. സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങളുടെ ജീവിതകാലത്ത് ബ്രിട്ടിഷ് ഉദ്യോഗസ്ഥരായിരുന്നു കുട്ടിഹസന്‍ തഹല്‍സിദാറും പയ്യനാട് ഇന്‍സ്‌പെക്ടര്‍ അഹ്മദ് കുരിക്കളും. 1921ലെ മലബാര്‍ സമരത്തില്‍ ലഹളക്കാരാല്‍ വധിക്കപ്പെട്ട ഖാന്‍ ബഹദൂര്‍ ചേക്കുട്ടിയുടെ പിതാവായിരുന്നു അഹ്മദ് കുരിക്കള്‍, മാപ്പിള ആക്ടിന്റെ പേരില്‍ നൂറുകണക്കിനു മാപ്പിളമാരെ നാടുകടത്തുകയും കൂട്ടപ്പിഴ ചുമത്തുകയും ചെയ്ത ബ്രിട്ടിഷ് കാപാലികര്‍ മുസ്‌ലിംകളുടെ സാമ്പത്തിക കെട്ടുറപ്പും സംഘടനാ ശേഷിയും തകര്‍ത്തു. മുസ്‌ലിം സമുദായത്തിന്റെ പരിതാപകരമായ ഈ അവസ്ഥയില്‍ ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍ ദുഃഖിച്ചു. ഇതിന് ഇടവരുത്തിയ ബ്രിട്ടിഷുകാരോട് സന്ധിയില്ലാസമരം ചെയ്യാന്‍ തങ്ങള്‍ ഫത്‌വ ഇറക്കുകയും ചെയ്തു. ബ്രിട്ടിഷുകാരോട് പോരാടിയ ഒരു മാപ്പിള യോദ്ധാവായിരുന്നു കൊളക്കാടന്‍ കുട്ടിഹസ്സന്‍. കുട്ടിഹസ്സനെയും സഹപ്രവര്‍ത്തകരെയും ബ്രിട്ടിഷ് വിരുദ്ധ പോരാട്ടത്തിനും ജിഹാദിനും പ്രേരിപ്പിച്ചുവെന്ന കുറ്റംചുമത്തി ആറ്റക്കോയ തങ്ങളെ അറസ്റ്റ് ചെയ്യാന്‍ ബ്രിട്ടിഷ് ഗവണ്‍മെന്റ് ഉത്തരവ് പുറപ്പെടുവിച്ചു.
 
ഉത്തരവു ലഭിച്ചയുടന്‍ കുട്ടിഹസ്സന്‍ തഹല്‍സിദാറും പയ്യനാട് ഇന്‍സ്‌പെക്ടര്‍ അഹ്മദ് കുരിക്കളും തങ്ങളുടെ സന്നിധിയിലെത്തി നിറകണ്ണുകളോടെ പറഞ്ഞു: 
'ബ്രിട്ടിഷ് ഗവണ്‍മെന്റിന്റെ ആജ്ഞപ്രകാരം അങ്ങയെ അറസ്റ്റ് ചെയ്യാന്‍ കല്‍പ്പന പുറപ്പെടുവിച്ചിരിക്കുന്നു. തൃക്കളൂര്‍ ലഹള നേതാവായിരുന്ന കൊളക്കാടന്‍ കുട്ടിഹസ്സനും സഹപ്രവര്‍ത്തകരും എന്റെയടുത്ത് വരികയോ ഞാന്‍ അവരെ ജിഹാദിന് പ്രേരിപ്പിക്കുകയോ ബ്രിട്ടിഷുകാരുടെ വെടിയുണ്ട ഏല്‍ക്കാതിരിക്കാന്‍ ഐക്കല്ല് (ഏലസ്) കൊടുക്കുകയോ ചെയ്തിട്ടില്ലെന്നു മൊഴിനല്‍കണം. എന്നാല്‍ അവിടുത്തെ അറസ്റ്റ് ചെയ്യാതെ അങ്ങേയ്ക്കും ഞങ്ങള്‍ക്കും രക്ഷപ്പെടാം...'
 
ഇതുകേട്ട തങ്ങള്‍ സുസ്‌മേര വദനനായി പറഞ്ഞു. 'തൃക്കളൂര്‍ ലഹള നേതാവായിരുന്ന കുട്ടിഹസ്സനും മറ്റു സഹപ്രവര്‍ത്തകരും ഇവിടെ വന്നിരുന്നു. അതു സത്യമാണ്. ഞാന്‍ അവരെ ആശീര്‍വദിക്കുകയും അനുഗ്രഹിക്കുകയും വിജയാശംസകള്‍ നേരുകയും ചെയ്തിട്ടുണ്ട്. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ നശിച്ചാല്‍പോലും ബ്രിട്ടിഷുകാര്‍ക്കു മുന്നില്‍ ഞാന്‍ കളവു പറയില്ല. കളവുപറയല്‍ വിശ്വാസിയായ എനിക്കു ചേര്‍ന്നതല്ല.' തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കു ശേഷം അഹ്മദ് കുരിക്കളും ഏതാനും പൊലിസുകാരും ആറ്റക്കോയ തങ്ങളെ അറസ്റ്റ് ചെയ്തു. അന്നുതന്നെ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ വഴി വെല്ലൂര്‍ ജയിലിലേക്കു കൊണ്ടുപോയി.
 
വെല്ലൂരിലേക്കുള്ള യാത്രാമധ്യേ ട്രെയിന്‍ ഒറ്റപ്പാലത്തിനടുത്തുള്ള ലക്കിടിയില്‍ എത്തിയപ്പോള്‍ തങ്ങള്‍ പറഞ്ഞു: 'വണ്ടി നില്‍ക്ക്, എനിക്കു നിസ്‌കരിക്കാന്‍ സമയമായിരിക്കുന്നു...' അത്ഭുതം, ട്രെയിന്‍ നിന്നു. ആറ്റക്കോയ തങ്ങള്‍ ഭാരതപ്പുഴയില്‍ ഇറങ്ങി അംഗസ്‌നാനം ചെയ്തു നിസ്‌കരിച്ചു. ലോക്കോ പൈലറ്റ് തങ്ങള്‍ വരുന്നതിനു മുമ്പ് ട്രെയിന്‍ സ്റ്റാര്‍ട്ടാക്കാന്‍  ശ്രമിച്ചെങ്കിലും നിഷ്ഫലമായി. നിസ്‌കാരം കഴിഞ്ഞ് ട്രെയിനില്‍ കയറിയപ്പോള്‍ ഓടിത്തുടങ്ങി. ആറ്റക്കോയ തങ്ങള്‍ ട്രെയിന്‍ നില്‍ക്കാന്‍ പറഞ്ഞ സ്ഥലത്താണ് പിന്നീട് ലക്കിടി റെയില്‍വേ സ്റ്റേഷന്‍ വന്നതെന്ന് പറയപ്പെടുന്നു. 
 
ബ്രിട്ടിഷ് ഭരണകൂടം ജീവപര്യന്തം തടവിനു ശിക്ഷിച്ച് വെല്ലൂര്‍ ജയിലിലെ വാസകാലത്ത് അനേകം തടവുപുള്ളികള്‍ ആറ്റക്കോയ തങ്ങളുടെ ഉപദേശഫലമായി സന്മാര്‍ഗികളും മതഭക്തരുമായി. ദേശസ്‌നേഹത്തിന്റെ അമൃതാക്ഷരങ്ങള്‍ ജപമന്ത്രമാക്കി ബ്രിട്ടിഷുകാരോട് സമരം പ്രഖ്യാപിച്ച ആ ധീരദേശാഭിമാനിയുടെ ധന്യജീവിതം ഹിജ്‌റ 1302 ശഅ്ബാന്‍ 10നു ജയിലില്‍ പൊലിഞ്ഞു. ദക്ഷിണേന്ത്യയിലെ ഉന്നത മതവിജ്ഞാന കേന്ദ്രമായ ബാഖിയാത്തു സ്വാലിഹാത്ത് കോളജിന് സമീപമുള്ള മഹല്ലിലെ മസ്ജിദ് ഖബര്‍സ്ഥാനിലാണ് ആറ്റക്കോയ തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്നത്. കോഴിക്കോട് ഖാസിയും പ്രമുഖ അറബി സാഹിത്യകാരനുമായ സയ്യിദ് ഹുസൈന്‍ മുല്ലക്കോയ തങ്ങള്‍, ആറ്റക്കോയ തങ്ങളുടെ മരണാനന്തരം അറബിയില്‍ വിലാപകാവ്യം രചിച്ചിട്ടുണ്ട്.
 
പിതാവ് സയ്യിദ് മുഹ്‌ളാര്‍ തങ്ങളുടെ സഹോദരനായ കാപ്പാട് ഹാമിദ് തങ്ങളുടെ മകളെയാണ് സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍ ശിഹാബുദ്ദീന്‍ ആദ്യം വിവാഹം ചെയ്തത്.  ഈ വിവാഹത്തില്‍ ജനിച്ച സന്തതികളാണ് സയ്യിദ് മുഹമ്മദ് കോയഞ്ഞി കോയ തങ്ങള്‍, സയ്യിദ് അലി പൂക്കോയ തങ്ങള്‍ എന്നിവര്‍. 
സയ്യിദ് മുഹമ്മദ് കോയഞ്ഞി കോയ തങ്ങളുടെ പുത്രനാണ് പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍. മലപ്പുറം ഖാസിയായിരുന്ന ഓടക്കല്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ മകള്‍ ആയിശയെയായിരുന്നു രണ്ടാമത് ആറ്റക്കോയ തങ്ങള്‍ വിവാഹം ചെയ്തത്. പി.എം.എസ്.എ പൂക്കോയ തങ്ങളുടെ മകനാണ് മുസ്‌ലിം ലീഗ്എസ്.വൈ.എസ്  സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  11 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  12 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  13 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  13 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  13 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  14 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  14 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  14 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  14 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  14 hours ago