കായികാധ്യാപകരില്ലെങ്കിലും പരീക്ഷ മുറപോലെ
കായികാധ്യാപകരില്ലെങ്കിലും പരീക്ഷ മുറപോലെ
തിരൂര്‍ (മലപ്പുറം): സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ (പി.ടി) അധ്യാപകരില്ലെങ്കിലും ഈ വിഷയത്തിലെ പരീക്ഷ പതിവുപോലെ നടക്കും. ഈ അധ്യയനവര്‍ഷം പാദവാര്‍ഷിക പരീക്ഷ ആരംഭിച്ചിട്ടും ആരോഗ്യ, കായിക വിദ്യാഭ്യാസത്തിന് ഇതുവരെ മിക്ക വിദ്യാലയങ്ങളിലും അധ്യാപകരെ പോലും നിയമിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പഠിക്കാതെ പരീക്ഷയെഴുതേണ്ട ഗതികേടിലാണ് വിദ്യാര്‍ഥികള്‍.
പൊതുവിദ്യാലയങ്ങളിലെ അഞ്ചു മുതല്‍ പത്തുവരെ ക്ലാസുകള്‍ക്ക് ആരോഗ്യ, കായിക വിദ്യാഭ്യാസത്തിനു കൃത്യമായ സിലബസും പാഠപുസ്തകവും ഉണ്ട്. ഒന്‍പത് വരെ തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളുമുണ്ട്. എന്നാല്‍ ക്ലാസെടുക്കാന്‍ സംസ്ഥാനത്തെ മിക്ക വിദ്യാലയങ്ങളിലും അധ്യാപകരില്ല.
60 വര്‍ഷമായി കെ.ഇ.ആര്‍ (കേരള എജ്യുക്കേഷന്‍ റൂള്‍സ്) ശാസ്ത്രീയമായും കാലോചിതമായും പരിഷ്‌കരിക്കാതെ തുടരുന്നതിനാലാണ് പി.ടി അധ്യാപക തസ്തികകള്‍ അനുവദിക്കാനാവാത്തത്. പഠിപ്പിക്കാന്‍ അധ്യാപകരെ നിയമിക്കാതെ പരീക്ഷ നടത്തുന്നതിലെ അനൗചിത്യവും വിദ്യാര്‍ഥികളിലുണ്ടാകുന്ന മാനസിക പിരിമുറുക്കവും പരാതിയായി മാറിയിട്ടുണ്ടെങ്കിലും വകുപ്പുതലത്തില്‍ ചര്‍ച്ചയോ പരിഹാരമോ ഇതുവരെ ഉണ്ടായിട്ടില്ല.
ഫിസിക്കല്‍ എജ്യുക്കേഷന്‍ പിരീയഡുകളില്‍ മറ്റു വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന കര്‍ശന നിര്‍ദേശം ബാലാവകാശ കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ ആകെയുള്ള 2,733 യു.പി സ്‌കൂളുകളിലും 2,634 ഹൈസ്‌കൂളുകളിലുമായി ഏകദേശം 20 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഇവയില്‍ 86 ശതമാനം യു.പി സ്‌കൂളുകളിലും 44 ശതമാനം ഹൈസ്‌കൂളുകളിലും കായികാധ്യാപക തസ്തിക സര്‍ക്കാര്‍ അനുവദിച്ചിട്ടേയില്ല. യു.പി സ്‌കൂളുകളില്‍ 500 കുട്ടികളുണ്ടെങ്കിലേ കല, കായികം, ക്രാഫ്റ്റ് എന്നീ സ്‌പെഷലിസ്റ്റ് തസ്തികകളിലൊന്ന് അനുവദിക്കുകയുള്ളൂ. 8, 9 ക്ലാസുകളില്‍ അഞ്ച് ഡിവിഷന്‍ ഉണ്ടെങ്കിലേ ഹൈസ്‌കൂളില്‍ തസ്തിക അനുവദിക്കൂ എന്നതാണ് ചട്ടം.
വിദ്യാര്‍ഥികളുടെ കണക്കെടുപ്പ് കഴിഞ്ഞ് സ്റ്റാഫ് ഫിക്‌സേഷന്‍ നടപടികള്‍ പൂര്‍ത്തിയായതോടെ കുട്ടികളുടെ എണ്ണക്കുറവുമൂലം നിലവിലുള്ള കായികാധ്യാപകരില്‍ പലരും തസ്തിക നഷ്ടപ്പെട്ട് വിദ്യാലയങ്ങളില്‍നിന്ന് പുറത്താകുമെന്ന് ഉറപ്പായിട്ടുണ്ട്. ഇതോടെ ഇപ്പോള്‍ കായികാധ്യാപകരുടെ സേവനം ലഭിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്കുകൂടി അതില്ലാതാകും. ഓണാവധിക്കു ശേഷം സ്‌കൂള്‍തലം മുതല്‍ സംസ്ഥാനതലം വരെയുള്ള കായികമേളകള്‍ ആരംഭിക്കുകയാണ്. കായികാധ്യാപകരുടെ അഭാവത്തില്‍ പഠനവും പരിശീലനവും മത്സര പങ്കാളിത്തവും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."