പ്രതികാര രാഷ്ട്രീയവുമായി പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: പിണറായി സര്‍ക്കാരും പൊലിസും തൊട്ടതെല്ലാം പാളുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഫലം മുതല്‍ സര്‍ക്കാര്‍ കാണിക്കുന്നതെല്ലാം വന്‍ ദുരന്തങ്ങള്‍. എത്ര പൊട്ടത്തരങ്ങള്‍ കാണിച്ചാലും അതിനെ ന്യായീകരിക്കുന്നു. ഒരുക്കള്ളത്തരം മറയ്ക്കാന്‍ മറ്റൊരു കള്ളത്തരം. ഇരുട്ടുകൊണ്ടുള്ള ഓട്ടയടപ്പ്. കേന്ദ്രത്തിലെ സംഘ് പരിവാര്‍ സര്‍ക്കാരിനെ തോല്‍പ്പിക്കാനുള്ള മത്സരമാണോ പിണറായി സര്‍ക്കാര്‍ നടത്തുന്നതെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവില്ല. ഏതാണ്ട് അതു ശരിവയക്കുകയാണ് അടുത്തിടെയുണ്ടായ പല സംഭവങ്ങളിലും. പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ വരവോടെയാണ് സര്‍ക്കാരിന്റെ ശനിദശ തുടങ്ങിയതെന്നാണ് അടക്കം പറച്ചില്‍. നായനാരുടെ കാലത്തുനിന്നൊക്കെ കാലമേറെമാറിയിട്ടുണ്ടെന്നു ഈ സഖാവിനറിയാത്തതുകൊണ്ടാകുമോ ?
സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ തുടങ്ങിയതാണീ അബദ്ധ ഘോഷയാത്രകള്‍. കോഴിക്കോട് നടക്കുന്ന ചലച്ചിത്രമേളയോടനുബന്ധിച്ച് വനിതാ സംവിധായക ചലച്ചിത്ര അക്കാദമി അധ്യക്ഷനെതിരേ ആരോപണമുന്നയിക്കുന്നു. ഉടനെ അവരെ ഏതോ കാലത്തിട്ട എഫ്.ബി പോസ്റ്റിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കുന്നു. ഇ.പി ജയരാജന് ഇന്‍ഡിഗോ വിമാനം യാത്രാവിലക്കു പ്രഖ്യാപിച്ചതോടെ ഇന്‍ഡിഗോ ബസ് കസ്റ്റഡിയിലെടുക്കുന്നു. മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നു. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരേ സംസാരിച്ചതിന്റെ പേരില്‍ സ്വപ്‌ന സുരേഷിനെ ജോലി ചെയ്യുന്ന സ്ഥാപനം പിരിച്ചുവിടുന്നു. അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സെക്രട്ടറിയെ അറസ്റ്റ് ചെയ്തു.
ഏഷ്യാനെറ്റിലെ വാര്‍ത്താ അവതാരകന്‍ നിരന്തരം സി.പി.എമ്മിനും സര്‍ക്കാരിനുമെതിരേ വാര്‍ത്ത കൊടുക്കുന്നതിന്റെ പേരില്‍ നാലുകേസുകളെടുത്തുവെന്നാണ് അദ്ദേഹം തന്നെ പറയുന്നത്. അതേ, മോദി സര്‍ക്കാരിന്റെ പ്രതികാര വഴിയെ തന്നെയാണ് പിണറായി സര്‍ക്കാരും. അപ്പോഴും അതിനെതിരേ പ്രതിഷേധിക്കാനൊരു ബുദ്ധി ജീവികളുമില്ല. അവര്‍ക്ക് പ്രതികരണശേഷിയുമില്ല.
മുഖ്യമന്ത്രിയെ വിമാനത്തില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് മുന്‍ എം.എല്‍.എ കെ.എസ്.ശബരീനാഥിനെതിരേയുള്ള കേസ്. അറസ്റ്റും ജാമ്യവും എല്ലാത്തിനും ഒരു പകലിന്റെ ആയുസ് മാത്രം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മൊബൈല്‍ ഫോണ്‍ ഹാജരാക്കണം. അന്‍പതിനായിരം രൂപ കെട്ടിവയ്ക്കണം. 20,21,22 തീയതികളില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പില്‍ ഹാജരാകണമെന്ന ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ശബരീനാഥനെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലിസ് ആവശ്യപ്പെട്ടിരുന്നത്.
ഇടതുപക്ഷ സര്‍ക്കാരെന്നു പറയുമ്പോള്‍ എല്ലാവരും നീതിയും നിലവാരവുമാണ് ആഗ്രഹിക്കുന്നത്. പക്ഷം ചേരില്ലെന്ന സാമാന്യമായ മാന്യതയാണ് പ്രതീക്ഷിക്കുന്നത്. പലപ്പോഴും ഉണ്ടായിരുന്നതും അങ്ങനെയായിരുന്നു. കൊവിഡ് കാലത്ത് പാവങ്ങള്‍ക്കൊപ്പം ചേര്‍ന്നു നിന്നതുകൊണ്ടാണ് വീണ്ടും അധികാരത്തിലെത്തിയതെന്നു വീമ്പിളക്കുന്നവര്‍ അതില്‍ പിന്നെ കാണിച്ചു കൂട്ടുന്നതെല്ലാം നേര്‍ വിപരീതങ്ങളാണ്. സ്വന്തക്കാര്‍ എന്തു തെറ്റുചെയ്താലും അതു കുറ്റമാകുന്നില്ല. അതിനെതിരേ നടപടിയില്ല. അവരെ സംരക്ഷിക്കുന്നു. പാര്‍ട്ടി ഓഫീസായ എ.കെ.ജി സെന്ററിനുനേരെ ഓലപ്പടക്കമെറിഞ്ഞതിനെ ഉഗ്രശേഷിയുള്ള ബോംബാണെന്നാണ് ആദ്യം വിശേഷിപ്പിച്ചത്.
അതെറിഞ്ഞയാളെ ഇതുവരേ കണ്ടെത്താനായിട്ടില്ല. ഇടതുപക്ഷ നിലപാടുകള്‍ക്ക് പലരും കാതോര്‍ത്തിരുന്നിരുന്നു. പക്ഷേ അതിനെയൊക്കെ അപഹസിക്കുന്ന തരത്തിലേക്കാണ് പിണറായി സര്‍ക്കാരിന്റെ രണ്ടാം വരവ്. എവിടേക്കാണീ പോകുന്നതെന്ന ചോദ്യമുയരുമ്പോഴും തിരുത്തേണ്ടവര്‍ മൗനം പാലിക്കുന്നു. എല്ലാവരും പിണറായി ഭക്തരായി മാറുന്നു. മറ്റുള്ളവരെ കേള്‍ക്കില്ല. പ്രതിപക്ഷ ആരോപണങ്ങളെല്ലാം പ്രതികാര നടപടിയോടെ കാണുന്നു. ഇത്തരത്തിലുള്ള ഏറ്റവും ഒടുവിലെത്തെ സംഭവമാണ് ഇന്നുണ്ടായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശബരീനാഥന്റെ അറസ്റ്റും. പി.സി ജോര്‍ജിന്റെ പീഡനപരാതിയിലെ അറസ്റ്റിന്റെ ഗതിതന്നെയായി ഈ കേസിനും. കേസെടുക്കാനും അറസ്റ്റ് ചെയ്യാനും എന്തൊരു ആവേശം. നടപടികള്‍ക്കെന്തുവേഗം. ഒടുവില്‍ ഈ കേസും ശശിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."