HOME
DETAILS
MAL
കരൾ, കുടൽ, നെഞ്ച്, വയർ ഒന്നിച്ച്: സയാമീസ് ഇരട്ടകളെ വിജയകരമായി വേർപ്പെടുത്തി, ഇരുവരും ആരോഗ്യവാന്മാർ
backup
July 28 2022 | 15:07 PM
റിയാദ്: ശരീരം ഒട്ടിപ്പിടിച്ച നിലയിൽ സഊദിയിൽ എത്തിച്ച ഇരട്ടകളായ മവദ്ദയെയും റഹ്മയെയും വേർതിരിക്കുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. അഞ്ചു മണിക്കൂർ നീണ്ട സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് കരൾ, കുടൽ, നെഞ്ച്, വയർ എന്നിവ ഒട്ടിച്ചേർന്ന നിലയിൽ പ്രസവിക്കപ്പെട്ട യമനി കുഞ്ഞുങ്ങളെ വേർപെപ്പടുത്തി ഇരു മെയ്യാക്കിയത്. സഊദി റോയൽ കോർട്ട് ഉപദേശകനും സൽമാൻ രാജാവിന്റെ സൂപ്പർവൈസർ ജനറലുമായ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ മേധാവിയുമായ ഡോ: തൗഫീഖ് അൽ റബീഅയുടെ മേൽനോട്ടത്തിലായിരുന്നു സങ്കീർണ്ണമായ ശസ്ത്രക്രിയ.
സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്നതിനുള്ള തൗഫീഖ് അൽ റബീഅയുടെ മേൽനോട്ടത്തിൽ പ്രത്യേക മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഇരട്ടകളുടെ ഉടനടിയുള്ള ആയുരാരോഗ്യം വീണ്ടെടുക്കലും ഇരട്ടകൾക്ക് രക്തം ആവശ്യമില്ല എന്ന സവിശേഷതകളും കൈവരിച്ചതായി ശസ്ത്രക്രിയ സംഘം വ്യക്തമാക്കി.
ഓപ്പറേഷൻ സമയം 11 മണിക്കൂർ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, അത് 5 മണിക്കൂർ കൊണ്ട് സംഘത്തിന് വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു. സഊദിയിലെ 28 ഡോക്ടർമാരും വിദഗ്ധരും നഴ്സുമാരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. വേർപിരിയൽ പ്രക്രിയ അതിന്റെ എല്ലാ ഘട്ടങ്ങളിലും സുഗമമായും അനായാസമായും മുന്നോട്ടുപോയി, സങ്കീർണതകളൊന്നും ഉണ്ടായിരുന്നില്ല, ഇരട്ടകളുടെ ആരോഗ്യം വളരെ മികച്ചതാണെന്ന് ഡോ: അൽ റബീഅ പറഞ്ഞു.
നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന, സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള സഊദി പ്രോഗ്രാമിന്റെ ഭാഗമായി, രാജ്യത്ത് നടക്കുന്ന 52-ാമത്തെ വേർപിരിയൽ ശസ്ത്രക്രിയയായിരുന്നു വ്യാഴാഴ്ച്ച നടന്നത്. മൂന്ന് ഭൂഖണ്ഡങ്ങളിലെ 23 രാജ്യങ്ങളിൽ നിന്നുള്ള 124 ലധികം സയാമീസ് ഇരട്ടകളെയാണ് ഇവിടെ ഇതിനകം വേർപിരിക്കൽ ശസ്ത്രക്രിയക്ക് വിധേയരാക്കിയത്
സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദ്ദേശത്തെ തുടർന്നാണ് കഴിഞ്ഞ മാസം മൂന്ന് മാസം മാത്രം പ്രായമുള്ള മവദ്ദയെയും റഹ്മയെയും യമനിൽ നിന്ന് റിയാദിൽ എത്തിച്ചത്. ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ അസ്മ മജീദ് മുഹമ്മദും ഹുദൈഫ ബിൻ അബ്ദുല്ല നുഹ്‌മാനും മാനുഷിക ദൗത്യത്തിന്റെ ഈ കാരുണ്യത്തിനു സഊദി നേതൃത്വത്തിന് നന്ദിയും കടപ്പാടും അറിയിച്ചു. തങ്ങളുടെ പൊന്നോമനകളെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ഇവരുടെ വാക്കുകൾക്ക് അതിരുകൾ ഇല്ലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."