കര്‍ഫ്യൂവിനിടയിലും മംഗളൂരുവില്‍ കൊല്ലപ്പെട്ട ഫാസിലിന്റെ ഖബറടക്കത്തിനെത്തിയത് ആയിരങ്ങള്‍ കേസില്‍ 13 പേര്‍ കസ്റ്റഡിയില്‍
മംഗളൂരു: കര്‍ണാടക മംഗളൂരുവില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഫാസിലിന് ആയിരക്കണക്കിന് പേരുടെ സാന്നിധ്യത്തില്‍ യാത്രാമൊഴി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം വന്‍ പോലീസ് സാന്നിധ്യത്തില്‍ കാല്‍നടയായാണ് ജന്മനാടായ മംഗല്‍പേട്ടിലെ മുഹിയുദ്ദീന്‍ ജുമാമസ്ജിദിലേക്ക് കൊണ്ടുപോയത്. ഇവിടെ പൊതുദര്‍ശനത്തിന് ശേഷം പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
വ്യാഴാഴ്ചയാണ് മംഗളൂരുവിലെ വസ്ത്രവ്യാപാരിയായ മുഹമ്മദ് ഫാസില്‍ (24) എന്ന യുവാവിനെ നാലംഗ സംഘം കുത്തിക്കൊന്നത്. സൂറത്കലിലെ മംഗല്‍പേട്ട് സ്വദേശിയായ ഫാസില്‍ തന്റെ കടയുടെ മുന്നില്‍വെച്ചാണ് ആക്രമിക്കപ്പെട്ടത്. ഗുരുതര പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച നാലംഗ സംഘമാണ് ആക്രമിച്ചത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊലപാതകത്തെ തുടര്‍ന്ന് പനമ്പൂര്‍, ബജ്‌പെ, മുല്‍ക്കി, സൂറത്ത്കല്‍ എന്നിവിടങ്ങളിലും പരിസരങ്ങളിലും ജൂലൈ 30 അര്‍ധരാത്രി വരെ നിരോധനാജ്ഞ തുടരുമെന്ന് പൊലിസ് കമ്മീഷണര്‍ അറിയിച്ചു. മേഖലയില്‍ വിദ്യാലയങ്ങള്‍ക്ക് ഇന്നും നാളെയും അവധി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."