പുതിയ ഉംറ സീസണ് തുടക്കമായി, തീര്‍ഥാടകർക്ക് മൂന്ന് മാസം സഊദിയിൽ തങ്ങാം, എവിടെയും സഞ്ചരിക്കാം, പ്രതീക്ഷിക്കുന്നത് ഒരു കോടി തീര്‍ഥാടകരെ
മക്ക: ഹജ് സീസണ്‍ അവസാനിച്ച ശേഷം വിദേശങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ വരവിനു തുടക്കമായി. പുതിയ ഉംറ സീസണ് തുടക്കമിട്ട് പാക്കിസ്ഥാന്‍, തുര്‍ക്കി, ഉസ്‌ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ആദ്യ ഉംറ സംഘങ്ങള്‍ ജിദ്ദ, മദീന എയര്‍പോര്‍ട്ടുകള്‍ വഴി പുണ്യഭൂമിയിലെത്തുന്നത്. വിദേശ ഏജന്‍സികള്‍ക്കു കീഴിലെ ഉംറ ഗ്രൂപ്പുകള്‍ക്ക് ബി.2.ബി സംവിധാനവും വ്യക്തികള്‍ക്ക് ബി.2.സി സംവിധാനവും വഴിയാണ് വിസകള്‍ അനുവദിക്കുന്നത്. ഇവരെ സ്വീകരിക്കാൻ 500 ലേറെ ഉംറ സര്‍വീസ് കമ്പനികളും സ്ഥാപനങ്ങളും കർമ്മ നിരതരായി.
വിദേശ തീര്‍ഥാടകര്‍ക്ക് താമസസൗകര്യം നല്‍കാന്‍ ടൂറിസം മന്ത്രാലയത്തിന്റെയും ഹജ്, ഉംറ മന്ത്രാലയത്തിന്റെയും അംഗീകാരമുള്ള 1,900 ലേറെ ഹോട്ടലുകളും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകളും സജ്ജമായിക്കഴിഞ്ഞു. ഉംറ വിസാ കാലാവധി മൂന്നു മാസമായി ദീര്‍ഘിപ്പിച്ചതും നിലവില്‍ വന്നു. ഇതോടെ, തീര്‍ഥാടകര്‍ക്ക് വളരെ സാവധാനം കർമ്മങ്ങൾ പൂർത്തിയാക്കി പുണ്യ ഭൂമിയിലെ ചരിത്ര സ്ഥലങ്ങളും സന്ദർശനവും നടത്താനാകും.
ഉംറ വിസയില്‍ രാജ്യത്ത് പ്രവേശിക്കുന്ന തീര്‍ഥാടകര്‍ക്ക് വിസാ കാലാവധിയില്‍ സഊദിയില്‍ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാന്‍ സാധിക്കുന്നതോടെ രാജ്യത്തെ മറ്റു പൈതൃക കേന്ദ്രങ്ങളും ബന്ധു സന്ദർശനങ്ങളും ഇക്കാലയളവിൽ പൂർത്തിയാക്കാം. ഇത്തവണ വിദേശ രാജ്യങ്ങളില്‍ നിന്ന് ഒരു കോടി ഉംറ തീര്‍ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രാലയം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഏറെ എളുപ്പമാര്‍ന്ന നടപടികളിലൂടെ ലോകത്ത് എവിടെയും നിന്നുള്ള വിശ്വാസികൾക്കും സഊദിയിലെത്തി ഉംറ നിര്‍വഹിക്കാന്‍ സാധിക്കും. മഖാം പോര്‍ട്ടലില്‍ പ്രവേശിച്ച് അംഗീകൃത ഇ-പ്ലാറ്റ്‌ഫോമുകളില്‍ ഒന്ന് തെരഞ്ഞെടുത്ത് ഉംറ സര്‍വീസ് കമ്പനികള്‍ നല്‍കുന്ന താമസ, യാത്രാ സൗകര്യങ്ങള്‍ക്കും മറ്റു ഫീല്‍ഡ് സേവനങ്ങള്‍ക്കും ബുക്ക് ചെയ്ത ശേഷം വ്യക്തിപരമായ വിവരങ്ങളും പാസ്‌പോര്‍ട്ട് വിവരങ്ങളും പൂരിപ്പിക്കുകയും വിദേശ മന്ത്രാലയത്തില്‍ നിന്നുള്ള റഫറന്‍സ് നമ്പര്‍ സ്വീകരിക്കുകയും വേണം. ശേഷം വിദേശ മന്ത്രാലയ പോര്‍ട്ടലില്‍ പ്രവേശിച്ച് ഉംറ വിസ ഇഷ്യു ചെയ്യാനുള്ള മറ്റു നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് വേണ്ടതെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."