സ്വർണക്കടത്തിന് ഹൈടെക് രീതി; കരിയര്‍മാര്‍ കുടുംബിനികള്‍ വരെ
അശ്‌റഫ് കൊണ്ടോട്ടി
ആറുമാസം വിദേശത്ത് താമസിച്ച യാത്രക്കാരന് മാത്രമാണ് ഒരു കിലോ സ്വര്‍ണം നിയമപരമായി കൊണ്ടുവരാന്‍ അവകാശമുള്ളത്. ഇതിനു തന്നെ കസ്റ്റംസ് നിയമങ്ങള്‍ പാലിച്ചിരിക്കണം. സ്വര്‍ണം വാങ്ങിയതിന്റെ ബില്ല്, വാങ്ങാനായി സ്വന്തം അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചതിന്റെ തെളിവ്, വരുമാന സ്രോതസ് തുടങ്ങിയവ നല്‍കണം. ഇതോടൊപ്പം 12.50 ശതമാനം വിദേശ കറന്‍സിയില്‍ നികുതിയും അടയ്ക്കണം.
ദുബൈയില്‍ സ്വര്‍ണത്തിന് നികുതിയില്ല. ഒരു കിലോ സ്വര്‍ണം കസ്റ്റംസിനെ വെട്ടിച്ച് കടത്തിയാല്‍ നാലു മുതല്‍ അഞ്ച് ലക്ഷം വരെ ലാഭം നേടാം. ഇതില്‍ വിമാന ടിക്കറ്റും കുറഞ്ഞ തുകയും നല്‍കി സ്വര്‍ണക്കടത്ത് സംഘം യാത്രക്കാരെ വലവീശിപ്പിടിക്കുകയാണ്. ദേശസാല്‍കൃത ബാങ്കുകള്‍വഴി സ്വര്‍ണം ഇറക്കുമതിയേക്കാള്‍ ഇരട്ടി തുകയും സ്വര്‍ണവും എത്തിക്കുകയാണ് കള്ളക്കടത്ത് സംഘത്തിന്റെ ലക്ഷ്യം.
കരിയര്‍മാരെ
വലവീശാനും സംഘം
സ്വര്‍ണക്കടത്ത് സംഘത്തിന്റെ പ്രധാന താവളം ദുബൈ ആണെങ്കിലും വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഇവർക്ക് ഇടനിലക്കാരുണ്ട്. എന്നാല്‍, കരിയര്‍മാര്‍ മുഖേന കള്ളക്കടത്ത് നടത്തുന്നത് കൂടുതലും ദുബൈ കേന്ദ്രീകരിച്ചാണ്. കേസില്‍ പിടിയിലാകുന്നത് കരിയര്‍മാര്‍ മാത്രമാകുമ്പോള്‍ പ്രധാന സൂത്രധാരനെ പിടികൂടാറില്ല.
വിസിറ്റിങ് വിസയിലും മറ്റും പോകുന്നവര്‍, ഗള്‍ഫില്‍ തൊഴില്‍ ലഭിക്കാതെ അലയുന്നവര്‍, പെട്ടെന്ന് നാട്ടിലേക്ക് ടിക്കറ്റെടുത്ത് മടങ്ങാന്‍ കഴിയാത്തവര്‍ തുടങ്ങിയവരെയാണ് കള്ളക്കടത്ത് സംഘം കൂടുതലും കരിയറാക്കുന്നത്. അതേസസമയം, ആഡംബര ജീവിതത്തിനായി പണം കണ്ടെത്താന്‍ കരിയര്‍മാരാകുന്നവരുമുണ്ട്. കള്ളക്കടത്ത് സംഘത്തിന് കരിയര്‍മാരെ പരിചയപ്പെടുത്താനും ഏജന്റുമാരുണ്ട്.
കടത്തുകാരില്‍ എയര്‍ഹോസ്റ്റസും
കേരളത്തില്‍ സ്വര്‍ണക്കടത്തിന്റെ പേരില്‍ പിടിക്കപ്പെട്ടവരില്‍ യാത്രക്കാര്‍ മാത്രമല്ല, എയര്‍ഹോസ്റ്റസ് വരെയുണ്ട്. കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ എയര്‍ഹോസ്റ്റസായ താല്‍ക്കാലിക ജീവനക്കാരിയില്‍നിന്ന് മൂന്നുകിലോ സ്വര്‍ണം പിടികൂടിയിരുന്നു.
ദൂബൈയില്‍നിന്ന് കുടുംബസമേതം എത്തുന്ന സ്ത്രീകളെയും കുട്ടികളെയും വരെ സ്വര്‍ണക്കടത്ത് കരിയര്‍മാരാക്കുന്നുണ്ട്. നെടുമ്പാശ്ശേരിയില്‍ കള്ളക്കടത്ത് സൂത്രധാരന്‍ ഫയാസിനു വേണ്ടി സ്വര്‍ണമെത്തിച്ചത് രണ്ടു സ്ത്രീകളാണ്. വിമാന ടിക്കറ്റും 15,000 മുതല്‍ 30,000 രൂപ പാരിതോഷികവുമാണ് കരിയര്‍മാര്‍ക്ക് കള്ളക്കടത്ത് സംഘം നല്‍കുന്നത്.
സ്വര്‍ണം ഒളിപ്പിക്കുന്ന ചൈനാ ടെക്‌നിക്
സ്വര്‍ണക്കടത്തിന് നിലവില്‍ ഹൈടെക് രീതിയാണ് സ്വീകരിക്കുന്നത്. ഇലക്ട്രോണിക്‌സ് സാധനങ്ങളുടെ ഭാഗമായി സ്വര്‍ണം രൂപം മാറ്റുന്നതാണ് ഇതില്‍ പ്രധാനം. ഇസ്തരിപ്പെട്ടി, ടെലിവിഷന്‍, കംപ്യൂട്ടര്‍ തുടങ്ങിയവയില്‍ സ്വര്‍ണം ഉപകരണമായി വിളക്കിച്ചേര്‍ത്ത് കടത്തുന്നതാണ് ഒരു രീതി. ഗ്രീസ്, ചായപ്പൊടി, ശീതളപാനീയം തുടങ്ങിയവയില്‍ ലയിപ്പിച്ചു കടത്തുന്നതാണ് മറ്റൊരു രീതി. ഇവയില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ തന്നെ ലബോറട്ടറികളെ സമീപിക്കേണ്ടി വരും. സ്വര്‍ണം ഈയവും വെള്ളിയും പൂശി രൂപം മാറ്റി കൊണ്ടുവരുന്നുമുണ്ട്. സ്പൂണ്‍, ഗ്ലാസ്, പാത്രങ്ങള്‍, കത്തി, ബെല്‍റ്റ് ബക്കിള്‍, ബട്ടന്‍സ് തുടങ്ങി സാരിപ്പിന്നില്‍നിന്നു വരെ കള്ളക്കടത്ത് സ്വര്‍ണം കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.
എക്‌സ്‌റേ പരിശോധനകളില്‍ കണ്ടെത്താന്‍ കഴിയാത്ത വിധത്തിലാണ് ഒളിപ്പിക്കുന്നത്. ഇതിനായി പ്രത്യേക ചൈനാ സംഘം ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ ഇലക്ട്രിക് ഉപകരണങ്ങളുടെയും ഭാഗമെന്ന് തോന്നുന്ന വിധത്തിലാണ് ചൈനക്കാര്‍ സ്വര്‍ണം രൂപം മാറ്റുന്നത്.
ഒളിപ്പിച്ച സ്വര്‍ണം വിമാനത്താവളങ്ങളില്‍ എക്‌സറേ മെഷിനില്‍ വച്ച് പിടിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് ഇവര്‍ ഉപകരണങ്ങള്‍ കള്ളക്കടത്ത് ഏജന്റുമാര്‍ക്ക് നല്‍കുന്നത്. അതേസമയം, രണ്ടു വര്‍ഷമായി കേരളത്തില്‍ കൂടുതല്‍ യാത്രക്കാരും ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തുന്നത്.
ഇതിലൊന്നും കാണില്ല, ഞങ്ങൾ അതുക്കും മേലെ
സര്‍, ഇതിലും വലിയ സ്‌ക്രീനിങ് കഴിഞ്ഞാണ് ഞാനെത്തുന്നത്. സ്വര്‍ണം വിഴുങ്ങിയെത്തിയ യാത്രക്കാരന്‍ പിടിയിലായപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞത് ഇങ്ങിനെയായിരുന്നു. സ്വര്‍ണം വിഴുങ്ങിയും മലദ്വാരത്തില്‍ ഒളിപ്പിച്ചും കടത്തുന്ന ഓരോരുത്തരും കസ്റ്റംസ് സ്‌ക്രീനിങ് മറികടക്കാൻ വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്.
സ്വര്‍ണഗുളിഗകള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തുന്നതിന് പ്രത്യേക പരിശീലനം നല്‍കുന്ന സംഘം ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. രണ്ടും മൂന്നും ദിവസം സ്വര്‍ണം ഒളിപ്പിച്ച് കസ്റ്റംസിന് സംശയം തോന്നാത്ത രീതിയില്‍ ആദ്യം നടത്തം പരിശീലിപ്പിച്ചെടുത്താണ് കരിയര്‍മാരെ തയാറാക്കുന്നത്.
നിശ്ചിതസമത്ത് വെള്ളവും ഭക്ഷണവും നിയന്ത്രിച്ച് പുറപ്പെടുന്നതിന്റെ മണിക്കൂർ മുമ്പ് ജെല്ല് പുരട്ടിയാണ് സ്വര്‍ണഗുളികകള്‍ മലദ്വാരത്തില്‍ ഒളിപ്പിക്കുന്നത്. സ്വര്‍ണം ഒളിപ്പിച്ചതിനു ശേഷം ഭക്ഷണം കഴിക്കാന്‍ പാടില്ലെന്നാണ് പ്രത്യേക നിര്‍ദേശം.
ഒരു കോടിക്ക് മുകളില്‍ കോഫെപോസ
ഒരു കോടിക്ക് മുകളില്‍ മൂല്യമുള്ള സ്വര്‍ണം പിടിക്കപ്പെട്ടാലാണ് കോഫെപോസ ചുമത്തി കേസെടുക്കുക. ഇവരെ എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ ഹാജരാക്കി കേസ് നടത്തും. എന്നാല്‍, ഒരു കോടിക്ക് താഴെയുള്ള സ്വര്‍ണം പിടിക്കപ്പെട്ടാല്‍ കസ്റ്റംസ് കമ്മിഷണര്‍ക്ക് ജാമ്യം നല്‍കാം.
പിടിക്കപ്പെട്ട സ്വര്‍ണമൂല്യത്തിന്റെ 25 ശതമാനം വരെ പിഴ അടയ്ക്കണം. സ്വര്‍ണം കണ്ടുകെട്ടി കസ്റ്റംസ് കസ്റ്റഡിയിലെടുക്കും. ഇതു യാത്രക്കാരന് തിരിച്ചു വേണമെങ്കില്‍ രേഖകള്‍ ഹാജരാക്കി നികുതിയും പിഴയും അടച്ച് വാങ്ങാനാവും. എന്നാല്‍, നഷ്ടം സഹിച്ച് ആരും ഇതിന് മുതിരാറില്ല. ഇതോടെ ഈ സ്വര്‍ണം സർക്കാരിലേക്ക് കണ്ടുകെട്ടും.
കസ്റ്റംസിനെ വെട്ടിച്ച് കടത്തുന്ന സ്വര്‍ണം യാത്രക്കാരനില്‍നിന്ന് തട്ടിയെടുക്കാനാണ് ഇപ്പോള്‍ വഴിയോരങ്ങളില്‍ ക്വാട്ടേഷന്‍ സംഘങ്ങള്‍ കാത്തുനില്‍ക്കുന്നത്. അതു സംബന്ധിച്ച് നാളെ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."