ജനതയുടെ സാമൂഹിക ചിത്രം
ബി.എസ് ഷിജു
രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനം 'ആസാദി കാ അമൃത് മഹോത്സവ്' എന്നപേരിൽ രാജ്യമെമ്പാടും ആഘോഷിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ആഹ്വാനം. ഇതിന്റെ ഭാഗമായി വീടുകളിൾ ദേശീയപതാക (ഹർ ഘർ തിരംഗ) ഉയർത്തണമെന്നും സോഷ്യൽ മീഡിയ അക്കൗണ്ടിൽ ദേശീയപതാക പ്രൊഫൈൽ ചിത്രമാക്കണമെന്നുമാണ് രാജ്യത്തെ പൗരന്മാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരിക്കുന്നത്. മഹത്തായ ആശയമാണ് ഇതെന്നകാര്യത്തിൽ തർക്കമില്ല.അതേസമയം, ഇത്തരമൊരു ആഹ്വാനം നടത്തിയ പ്രധാനമന്ത്രിക്ക് വിലക്കയറ്റവും തൊഴിലില്ലായ്മയുംകൊണ്ട് പൊറുതിമുട്ടിയ രാജ്യത്തെ സാധാരണക്കാരന്റെ വീടുകളിൽ എങ്ങനെ അടുക്കള പുകയുന്നുവെന്നും അവരുടെ 'സോഷ്യൽ പ്രൊഫൈൽ' എന്താണെന്നും അന്വേഷിക്കാനുള്ള ഉത്തരവാദിത്വം കൂടിയുണ്ട്.
സമ്പന്നർ ഭരണകൂട ഒത്താശയോടെ അതിസമ്പന്നരും ദരിദ്രർ ഭരണകൂട ചെയ്തികളിലൂടെ അതിദരിദ്രരുമായി മാറിക്കൊണ്ടിരിക്കുന്ന വിചിത്ര പ്രതിഭാസത്തിനാണ് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിൽ രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. മോദിയുടെ 'ചങ്ങാത്ത മുതലാളി' ഗൗതം അദാനി ഏതാനും ദിവസം മുമ്പ് മൈക്രോസോഫ്റ്റ് തലവൻ ബിൽഗേറ്റ്സിനെ പിന്നിലാക്കി 9,23,214 കോടി (115.5 ബില്യൻ) ഡോളറിന്റെ ആസ്തിയുമായി ലോകസമ്പന്ന പട്ടികയിൽ നാലാം സ്ഥാനത്തെത്തി. എന്നാൽ അത്രയൊന്നും പ്രാധാന്യം നേടാതെപോയ മറ്റൊരു വാർത്തകൂടി ഇതിനിടെ പുറത്തുവന്നിരുന്നു. ആഗോള പട്ടിണി സൂചികയിൽ(ജി.എച്ച്.ഐ) ഇന്ത്യയുടെ സ്ഥാനം 94ൽ നിന്ന് 101ാമതായി എന്നതാണ് ആ വാർത്ത. സമ്പന്നരുടെ ശ്രേണിയിൽ അദാനിയുടെ വളർച്ച താഴെനിന്ന് മുകളിലേക്കാണെങ്കിൽ പട്ടിണിക്കാരുടെ ശ്രേണിയിൽ രാജ്യത്തിന്റെ വളർച്ച മുകളിൽനിന്ന് കീഴ്‌പ്പോട്ടും. ലോകത്തിലെ പോഷകാഹാരക്കുറവ് നേരിടുന്ന മൂന്നിലൊന്ന് കുട്ടികൾ ഇന്ത്യയിലാണെന്ന യൂനിസെഫ് റിപ്പോർട്ടും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്.
പണപ്പെരുപ്പവും അതുമൂലമുള്ള വിലക്കയറ്റവും കാരണം ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പെടാപ്പാടുപെടുകയാണ് സാധാരണക്കാരായ ഇന്ത്യൻ ജനത. സർക്കാർ ജനുവരിയിൽ പാർലമെന്റിന്റെ മേശപ്പുറത്തുവച്ച സാമ്പത്തിക സർവേ പറയുന്നത് 4.6 കോടി ജനങ്ങൾ അതിദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയെന്നാണ്. കൊവിഡിനുശേഷം 84 ശതമാനം ഭവനങ്ങളുടെ വരുമാനം കുറഞ്ഞെന്നും സർവേ പറയുന്നു. രാജ്യത്തിന്റെ സാമ്പത്തികരംഗം നിശ്ചലാവസ്ഥയിലാണ്. ഉയർന്ന പണപ്പെരുപ്പമാണ് ബി.ജെ.പി ഭരണത്തിന് കീഴിൽ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്. സാമ്പത്തികരംഗം കൈകാര്യം ചെയ്യുന്നതിലെ സർക്കാരിന്റെ കെടുകാര്യസ്ഥത, ഉയർന്ന ഇറക്കുമതി ചുങ്കം, ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അനിശ്ചിതത്വം എന്നിവയെല്ലാം പ്രതിസന്ധി സങ്കീർണമാക്കി.
ഇന്ത്യയിലെ ഇന്ധന വിലയാകട്ടെ ലോകത്തെ തന്നെ ഏറ്റവും ഉയർന്നതാണ്. പെട്രോൾ വില ലിറ്ററിന് 100 രൂപയ്ക്കും മുകളിലായി. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം ആഗോള വിപണിയിൽ ക്രൂഡോയിന്റെ വില കുറഞ്ഞാണ് നിന്നിട്ടുള്ളത്. എന്നാൽ ഇതിന്റെ ഗുണഫലം ഒരു ഘട്ടത്തിൽ പോലും സാധാരണ ജനങ്ങൾക്ക് കൈമാറാൻ കേന്ദ്രസർക്കാരിൽനിന്ന് ഇടപെടൽ ഉണ്ടായിട്ടില്ല. സർക്കാരിന് എക്‌സൈസ് തീരുവ അടക്കമുള്ള നികുതികൾ കുറച്ച് വേണമെങ്കിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില പിടിച്ചുനിർത്താനാകുമായിരുന്നു. വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വിലയിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മാത്രം 346 രൂപയുടെ വർധനവുണ്ടായി. ഉജ്ജ്വല പദ്ധതിക്ക് കീഴിൽ സബ്‌സിഡിയില്ലാതെ വിപണി വിലയ്ക്കാണ് സാധാരണക്കാർ പാചക വാതകം വാങ്ങിയിരുന്നത്. പിന്നീട് സബ്‌സിഡി തുക അക്കൗണ്ടിലേക്ക് നൽകുകയായിരുന്നു. എന്നാൽ 2020 മേയോടുകൂടി സബ്‌സിഡി തന്നെ നിർത്തലാക്കിയ അവസ്ഥയാണ്. പൊതുഗതാഗത നിരക്കുകൾ വർധിച്ചു. പാസഞ്ചർ ട്രെയിൻ നിരക്ക് വർധിപ്പിച്ചു. മറ്റു ഗതാഗത നിരക്കുകളിലും വർധനവുണ്ടായിട്ടുണ്ട്.
ഇത്തരത്തിൽ അടിസ്ഥാന ജനവിഭാഗങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്ന സർക്കാരിനാകട്ടെ കോർപറേറ്റ് പ്രീണനത്തിന് ഒരു വിമുഖതയുമില്ല. കോർപറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് സർക്കാർ 22 ശതമാനമാണ് വെട്ടിക്കുറച്ചത്. ഇതുമൂലം പൊതുഖജനാവിനുണ്ടായ വരുമാന നഷ്ടമാകട്ടെ 1,45,000 കോടി രൂപയുടേതും. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം 40 ആയി വർധിച്ചു. ഇക്കാലയളവിൽ ഇന്ത്യയിലെ സമ്പന്നരായ 100 പേരുടെ ആസ്തി 22.14 ലക്ഷം കോടിയിൽ നിന്ന് 53.16 ലക്ഷം കോടിയായി വർധിക്കുകയും ചെയ്തു. ചങ്ങാത്ത മുതലാളിമാരുടെ 11 ലക്ഷം കോടി രൂപയുടെ കടമാണ് മോദി സർക്കാർ എഴുതിത്തള്ളിയത്. കോടികളുടെ വായ്പ്പയെടുത്ത് രാജ്യംവിട്ട നീരവ് മോദി-മെഹുൽ ചോക്‌സി(20000 കോടി), വിജയ്മല്യ (10000 കോടി), ലളിത് മോദി (3000 കോടി), നിതിൻ സന്ദേസർ (6000 കോടി) എന്നിവരും ഭരണ പാർട്ടിക്ക് വേണ്ടപ്പെട്ടവരാണ്.
തൊഴിലില്ലായ്മ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ജൂലൈ മാസത്തെ സി.എം.ഐ.ഇ ഡാറ്റ (സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി) പ്രകാരം 7.8 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. പ്രതിവർഷം രണ്ടുകോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിലെത്തിയ സർക്കാരിന് കീഴിൽ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണവും അനുദിനം വർധിച്ചുവരുന്നു. സി.എം.ഐ.ഇയുടെ കണക്കനുസരിച്ച് ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ മാത്രം 1.3 കോടി പേർ തൊഴിൽ രഹിതരായി. മേയ് മാസത്തിൽ 40.4 കോടിയായിരുന്ന തൊഴിൽ ചെയ്യുന്നവരുടെ എണ്ണം 39.1 കോടിയായാണ് കുറഞ്ഞത്. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ജീവിതത്തിൽ ആശയും പ്രതീക്ഷയുമായി മാറിയ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിലും സർക്കാർ കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വിവാദ അഗ്‌നിപഥ് പദ്ധതിക്ക് കീഴിൽ വ്യോമസേന അപേക്ഷ ക്ഷണിച്ച 3000 പോസ്റ്റുകളിലേക്ക് 7.5 ലക്ഷം പേർ അപേക്ഷ നൽകിയത് തന്നെ രാജ്യത്തെ തൊഴിലില്ലായ്മ എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാക്കുന്നതാണ്.
സത്യത്തിൽ ജനങ്ങളെ പാരതന്ത്ര്യത്തിന്റെ ചങ്ങലയ്ക്കിട്ട ശേഷമാണ് ആഘോഷത്തിന് പ്രധാനമന്ത്രിയും സർക്കാരും ആഹ്വാനം ചെയ്തിരിക്കുന്നത്. ഏകാധിപത്യത്തിന്റെ മൂർത്തീ ഭാവമായി മാറിയിരിക്കുന്ന സർക്കാർ ജനങ്ങളുടെ സർവ സ്വാതന്ത്ര്യവും കവർന്നെടുക്കപ്പെട്ടുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ അടിസ്ഥാന ശിലകളെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ അനുസ്യൂതം തുടരുകയാണ്.
ജനാധിപത്യത്തിന്റെ നെടുംതൂണുകളെല്ലാം ഹൈജാക്ക് ചെയ്യപ്പെട്ടു. പാർലമെന്റിനെ നോക്കുകുത്തിയാക്കി നിയമനിർമാണങ്ങൾ നടത്തുന്നു. വിയോജിപ്പുകളെ ഭയക്കുന്ന ഭരണകൂടത്തിന്റെ ശ്രമം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ അടിച്ചമർത്താനാണ്. എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനെ കയറൂരിവിട്ടിരിക്കുന്നത് ഇതുമാത്രം ലക്ഷ്യമിട്ടാണ്. ജവഹർലാൽ നെഹ്റു സ്ഥാപിച്ച, സ്വാതന്ത്ര്യസമരകാലത്ത് ജിഹ്വയായി വർത്തിച്ച കോൺഗ്രസ് മുഖപത്രമായ നാഷനൽ ഹെറാൾഡുമായി ബന്ധപ്പെട്ട വ്യാജകേസിൽ സോണിയാഗാന്ധിയേയും രാഹുൽഗാന്ധിയേയും വേട്ടയാടുന്നത് അടക്കം ഇതിന്റെ ഉദാഹരണങ്ങളാണ്. ജഡ്ജി നിയമനങ്ങളിലുണ്ടായിരുന്ന സുതാര്യത ഇല്ലാതാക്കിയ സർക്കാരിന്റെ ശ്രമം കോടതികളെ പൂർണമായും നിയന്ത്രണത്തിലാക്കാനാണ്. മാധ്യമങ്ങളെ മുഴുവൻ വരുതിയിലാക്കിയ സർക്കാർ അതിന് തയാറാകത്ത മാധ്യമപ്രവർത്തകരെ കേസെടുത്ത് ജയിലിലടയ്ക്കുകയും ചെയ്യുന്നു. പുതുതായി ഒന്നും ഉണ്ടാക്കാനോ പുതിയ ചരിത്രം സൃഷ്ടിക്കാനോ ആകാത്തവർ ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ലായ പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം ദുർബലപ്പെടുത്തുകയും ആസ്തികൾ വിറ്റുതുലയ്ക്കുകയും ചെയ്യുന്നു. ഇതടക്കമുള്ള ചെയ്തികളും ഭീകരവും ദയനീയവുമായ ഭരണപരാജയവും മറയ്ക്കുന്നതിനാണ് രാജ്യത്തിന്റെ നാനാഭാഗങ്ങളിലും വർഗീയ ശക്തികളെ ഇളക്കിവിട്ട് കലാപങ്ങൾ സൃഷ്ടിക്കുന്നത്. ഇത്തരം സങ്കീർണതകളിലൂടെ രാജ്യം കടന്നുപോകുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്നത്.
സർവതലങ്ങളിലും ഏകാധിപത്യം നടമാടുന്ന ഇന്ത്യയിൽ ജനാധിപത്യം ഇന്ന് ഓർമയായി മാറിയിരിക്കുന്നു. ഏകാധിപത്യം യാഥാർഥ്യമാകുമ്പോൾ പോരാട്ടം അവകാശമാകുമെന്ന് വിശ്വസാഹിത്യകാരൻ വിക്ടർ ഹ്യൂഗോ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഈ വാക്കുകൾ കൂടുതൽ പ്രസക്തമാകുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. ഏകാധിപത്യവും പണാധിപത്യവും കീഴ്‌പ്പെടുത്തിയ ജനാധിപത്യത്തെ തിരികെകൊണ്ടുവരാൻ ഇന്ത്യയിൽ ഒരു പോരാട്ടം അനിവാര്യമായി മാറിയിരിക്കുന്നു. പൊരുതി നേടിയ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നിലനിർത്താനും രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കാനും ഏതറ്റംവരെയും പോകുമെന്ന പ്രതിജ്ഞയാകണം ഈ സ്വാതന്ത്ര്യ ദിനത്തിൽ ഓരോ ഭാരതീയനും ഏറ്റെടുക്കേണ്ടത്.
(രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് ഡയരക്ടറാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."