വഴിയിലെ കുഴികളോ കുഴികളിലെ വഴികളോ?
നെടുമ്പാശേരിയിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായിരുന്ന പറവൂർ മാഞ്ഞാലി സ്വദേശി ഹാഷിം കഴിഞ്ഞ അഞ്ചാം തീയതി മരിക്കാനിടയായ ദാരുണ സംഭവമാണ് റോഡുകളിലെ കുഴി അടയ്ക്കാത്തതിനെതിരേ പൊതുസമൂഹത്തിൻ്റെ ഹൈക്കോടതിയുടെയും രൂക്ഷ എതിർപ്പുകൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയത്. തുടർന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രൂക്ഷ വാക് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ഹൈക്കോടതിയും കടുത്ത ഭാഷയിലാണ് റോഡുകളിലെ കുഴികൾ അടയ്ക്കാത്തതിനെതിരേ പ്രതികരിച്ചത്. ദേശീയപാതയിലെ കുഴിയിൽ വീണാണ് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചതെന്ന പൊതുമരാമത്ത് മന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ല. സംസ്ഥാന പാതയിലെ ശോചനീയാവസ്ഥയും അദ്ദേഹം അറിയേണ്ടതുണ്ട്. പൊതുമരാമത്തിന്റെ കീഴിലുള്ള സംസ്ഥാന പാതകളിലും മരണക്കുഴികൾ നിറഞ്ഞിരിക്കുകയാണ്.
ഹാഷിമിന്റെ മരണം കഴിഞ്ഞ് മൂന്നു ദിവസത്തിനുശേഷം ഹൈക്കോടതി റോഡിലെ കുഴികൾ ഒരാഴ്ചക്കകം അടയ്ക്കുവാൻ ദേശീയപാതാ അതോറിറ്റിക്ക് അന്ത്യശാസനം നൽകുകയുണ്ടായി. റോഡപകടങ്ങൾ മനുഷ്യ നിർമിത ദുരന്തങ്ങളാണെന്നും റോഡുകൾ കുരുതിക്കളമാകുന്നത് അനുവദിക്കാനാവില്ലെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി മേധാവികളായ കലക്ടർമാർ വെറും കാഴ്ചക്കാരാകരുതെന്നും വിധിന്യായത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എടുത്തു പറയുകയും ചെയ്തു.
ഹാഷിം കുഴിയിൽ വീണു മരിച്ചതിന് പിന്നാലെ മരണത്തിനു ഇടയാക്കിയ റോഡിലെ കുഴി അധികൃതർ അടച്ചുവെങ്കിലും അത് കണ്ണിൽ പൊടിയിടുക എന്ന പ്രയോഗത്തെ സാധൂരിക്കുംവിധം അശാസ്ത്രീയമായിരുന്നു. റോഡും റോഡിലെ കുഴികളും ദേശീയപാത അതോറിറ്റിയുടെ കീഴിലാണോ പൊതുമരാമത്ത് വിഭാഗത്തിന്റെ കീഴിലാണോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലാണോ എന്നതിലല്ല കാര്യം. കുഴികൾ യാത്രികർക്ക് മരണക്കുഴികളാകുന്നു എന്നതാണ് പ്രശ്‌നം. മന്ത്രിയും പ്രതിപക്ഷ നേതാവും പരസ്പരം പഴി പറയുന്നതുകൊണ്ട് റോഡിലെ കുഴികൾ അടയുകയില്ല. കുഴിയിൽ വീണ് ആളുകൾ മരിക്കുന്നത് അവസാനിക്കുകയുമില്ല. റോഡുകളിലെ അപകട സാധ്യത ഒഴിവാക്കാനുള്ള ഉത്തരവാദിത്വം കലക്ടർമാർക്കുണ്ട്. റോഡ് നിർമിച്ച കരാറുകാരനും മേൽനോട്ടം വഹിച്ച എൻജിനീയർക്കും മറ്റു ഉത്തരവാദപ്പെട്ടവർക്കുമെതിരേ നടപടിയെടുക്കാനുള്ള ബാധ്യത കലക്ടർമാർക്കുണ്ട്. അതവർ നിറവേറ്റണം. കോടതി ഉത്തരവനുസരിച്ച് നന്നാക്കുന്ന റോഡുകളും വൈകാതെ കേടുവരുന്നുണ്ട്. ഇങ്ങനെയുള്ള കരാറുകാരെ കരിമ്പട്ടകയിൽ ഉൾപ്പെടുത്തി അവരിൽ നിന്ന് കനത്ത പിഴ ഈടാക്കാൻ പൊതുമരാമത്ത് വകുപ്പും ദേശീയപാത അതോറിറ്റിയും തയാറാവുകയാണ് വേണ്ടത്. റോഡുകളിൽ മരണക്കുഴികൾ ഉണ്ടാകുംവിധം അശാസ്ത്രീയമായി റോഡ് നിർമിക്കുന്ന കമ്പനികൾക്ക് ടോൾ പിരിക്കാനുള്ള അവകാശം ഉണ്ടാകാൻ പാടില്ല.
കേരളത്തിലേതുപോലെ മറ്റൊരു സംസ്ഥാനത്തും ആഴത്തിലുള്ള കുഴികൾ നിറഞ്ഞ റോഡുകൾ ഇല്ല. കേരളത്തിൽ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന ചോദ്യത്തിന് ഉത്തരം ലളിതമാണ്. കരാറുകാരും എൻജിനീയർമാരും തമ്മിലുള്ള അവിശുദ്ധബന്ധം തന്നെയാണ് കാരണം. കുറ്റിച്ചൂലുപയോഗിച്ച് കരിങ്കൽപ്പൊടികൊണ്ട് റോഡുകളിലെ കുഴി അടയ്ക്കാൻ മേൽനോട്ടം വഹിക്കുന്ന എൻജിനീയർമാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നിയമം ഉണ്ടാകണം. പണി കഴിപ്പിച്ച റോഡ് നിശ്ചിത കാലാവധിക്ക് മുമ്പ് കേടുവന്ന് കുഴികൾ രൂപപെട്ടാൽ നിർമാണ കമ്പനിക്കെതിരേയും ബന്ധപ്പെട്ട എൻജിനീയർമാർക്കെതിരേയും നടപടികൾ ഉണ്ടാകണം. 70 മുതൽ 90 കിലോമീറ്റർ വരെ വേഗപരിധിയുള്ള റോഡുകളിൽ 20-30 കി.മീ ദൂരപരിധിയിൽ പോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയിലാണ് റോഡുകളിൽ പലതും.
ഹൈക്കോടതിയിൽ നിന്ന് രൂക്ഷ വിമർശനം ഉണ്ടായിട്ടും കുഴികൾ അടയ്ക്കുന്ന കാര്യത്തിൽ ഉദാസീന സമീപനമാണ് കരാറുകാരിൽ നിന്ന് ഉണ്ടായത്. കുഴികൾ ഒരാഴ്ചക്കകം അടയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവ് പാലിക്കാനെന്ന വ്യാജേന പലയിടങ്ങളിലും അശാസ്ത്രീയമായ രീതിയിലാണ് കുഴികൾ അടച്ചത്. ഇത് ശ്രദ്ധയിൽ പെട്ട ഹൈക്കോടതി അടച്ച കുഴികളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ എറണാകുളം, തൃശൂർ കലക്ടർമാർക്ക് ഉത്തരവ് നൽകുകയായിരുന്നു. ടാർ മിക്‌സ് പായ്ക്കറ്റുകളിലാക്കി കുഴിയിലിട്ട് മൂടി ഇടിച്ചുറപ്പിക്കുന്ന ജോലിയാണ് കരാറുകാർ ചെയ്തത്. റോഡ് റോളർ ഉപയോഗിച്ച് ചെയ്യേണ്ട പ്രവൃത്തി ഹൈക്കോടതി ഉത്തരവുണ്ടായിട്ടും എത്ര ലാഘവത്തോടെയാണ് കരാറുകാർ എടുക്കുന്നത് എന്നതിന്റെ തെളിവാണ് ഈ കുഴിമൂടൽ. ഒരു മഴ പെയ്താൽ ഇളകിപ്പോരാവുന്നതേയുള്ളൂ ഇടിക്കട്ട കൊണ്ട് ഉറപ്പിക്കുന്ന ടാർ മിക്‌സ്.
റോഡുകളുടെ തകർച്ചക്ക് കാരണമായി കരാറുകാർ പതിവായി കുറ്റപ്പെടുത്തുന്നത് മഴയെയാണ്. മികച്ച രീതിയിൽ പണിതാൽ ഏത് കാലാവസ്ഥയേയും അതിജീവിക്കാൻ റോഡുകൾക്ക് കഴിയുമെന്ന് 2021 ഡിസംബറിൽ ഹൈക്കോടതി ഒരു ഉത്തരവിൽ പറഞ്ഞതാണ്. പാലക്കാട്- ഒറ്റപ്പാലം റോഡാണ് ഇതിനു ഉദാഹരണമായി അന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചത്. ആ റോഡ് നിർമിച്ചത് മലേഷ്യൻ എൻജിനീയർ ആയിരുന്നുവെന്നും ഹൈക്കോടതി അന്ന് സൂചിപ്പിക്കുകയുണ്ടായി.
റോഡ് പണിക്ക് നൂറ് രൂപ നീക്കിവച്ചാൽ അതിന്റെ പകുതിയെങ്കിലും ഉപയോഗിക്കണം. എൻജിനീയർമാർ അറിയാതെ ഒരഴിമതിയും നടക്കുകയില്ല.ശരാശരി നിലവാരമുള്ള റോഡെങ്കിലും ജനങ്ങൾക്ക് കിട്ടണം. കുഴിയിൽ വീണ് മരിക്കാതെ വീടെത്താൻ അവർക്ക് കഴിയണം. ആരുടേയോ വീഴ്ചകൾക്ക് ജനങ്ങളാണ് ദുരിതം അനുഭവിക്കേണ്ടിവരുന്നത്. ഇതൊക്കെയും 2021ൽ ഹൈക്കോടതി ബന്ധപ്പെട്ടവരെ ഓർമപ്പെടുത്തിയതാണ്. ആര് കേൾക്കാൻ? 2022 ഓഗസ്റ്റ് എട്ടിലും ഹൈക്കോടതി വീണ്ടും ആ ചോദ്യം മറ്റൊരു വാചകത്തിലൂടെ ആവർത്തിച്ചിരിക്കുന്നു. കുഴിയെല്ലാം അടയ്ക്കാൻ ഇനിയെത്ര ജീവൻ നഷ്ടപ്പെടണം എന്നാണ് ആ ചോദ്യം. ബന്ധപ്പെട്ടവരിൽ നിന്നു ഉത്തരം ഉണ്ടാകുമോ? അതോ തനിയാവർത്തനമാകുമോ ഹൈക്കോടതിയുടെ ഇപ്പോഴത്തെ ചോദ്യവും?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."