വടകര കസ്റ്റഡി മരണം; രണ്ട് പൊലിസുകാര്‍ അറസ്റ്റില്‍
കോഴിക്കോട്: വടകര കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എസ്.ഐ നിജീഷ്, സി.പി.ഒ പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇരുവര്‍ക്കുമെതിരെ നരഹത്യയ്ക്ക് നേരത്തെ കേസെടുത്തിരുന്നു.
ജൂലൈ 21ന് രാത്രിയാണ് വാഹനാപകട തര്‍ക്കവുമായി ബന്ധപ്പെട്ട് വടകര കല്ലേരി സ്വദേശി സജീവനെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍നിന്നു വിട്ടതിനുശേഷം സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. നെഞ്ച് വേദനയുണ്ടെന്ന് സജീവന്‍ പറഞ്ഞിട്ടും മുക്കാല്‍ മണിക്കൂറോളം സ്റ്റേഷനില്‍ തന്നെ നിര്‍ത്തിയെന്നും അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുകളും ആരോപിക്കുന്നു.
വടകര ടൗണിലെ അടയ്ക്കാതെരുവില്‍ വച്ച് വടകര കല്ലേരി സ്വദേശിയായ സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമായി. ഒടുവില്‍ പൊലിസെത്തി. സജീവന്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്റ്റേഷനിലേക്ക് മാറ്റി. അപകട സമയം സജീവന്റെ സുഹൃത്തായിരുന്ന കാര്‍ ഓടിച്ചത്. എങ്കിലും മദ്യപിച്ചെന്ന പേരില്‍ സബ് ഇന്‍സ്‌പെകര്‍ നിജേഷ് കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് സജീവനൊപ്പം ഉണ്ടായിരുന്നവര്‍ പറഞ്ഞു.
മര്‍ദ്ദനമേറ്റതിന് പിന്നാലെ തനിക്ക് നെഞ്ച് വേദന അനുഭവപ്പെടുന്നതായി സജീവന്‍ പറഞ്ഞു. എന്നാല്‍ പൊലിസുകാര്‍ അത് കാര്യമാക്കിയില്ല. 45 മിനിട്ടിന് സ്റ്റേഷനിലെ നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ പൊലിസ് ഇവരെ വിട്ടയച്ചെങ്കിലും സജീവന്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് പൊലിസുകാരുടെ ഉള്‍പ്പെടെ സഹായം തേടിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ ഓട്ടോറിക്ഷക്കാരുടെ സഹായത്തോടെയാണ് വടകര സഹകരണ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."