കോടതികളില്‍ തുടരുന്ന മാധ്യമ അടിയന്തരാവസ്ഥ
കോടതിവാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്കു നേരിട്ടു റിപ്പോര്‍ട്ടു ചെയ്യാന്‍ കഴിയാതെയായിട്ട് ഒരുമാസമായി. ഹൈക്കോടതിയിലെ മീഡിയാ മുറി അടഞ്ഞുകിടപ്പുതന്നെ. കോടതികളില്‍ച്ചെന്നു വാര്‍ത്തശേഖരിക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍പരമായ അവകാശത്തെ ഏതാനും അഭിഭാഷകര്‍ തടയുമ്പോള്‍ സമൂഹത്തിന്റെ അറിയാനുള്ള അവകാശമാണു തടയപ്പെടുന്നത്.
കോടതികള്‍ക്കകത്തു പൊലിസിനും സര്‍ക്കാരിനും കാര്യമില്ലെന്നും തല്ലുകൊള്ളാന്‍ കോടതിയില്‍ പോകേണ്ടെന്നും മുഖ്യമന്ത്രി പറയുമ്പോള്‍ കോടതിയില്‍ച്ചെന്നു വാര്‍ത്ത ശേഖരിക്കാന്‍ തയാറാകുന്ന മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ സംഘടിതമായി ആക്രമിക്കുമെന്നു തന്നെയാണു മനസിലാക്കേണ്ടത്. മതിയായ സുരക്ഷയില്ലാതെ കോടതിയില്‍പ്പോയി ജീവന്‍പണയപ്പെടുത്തി വാര്‍ത്ത ശേഖരിക്കേണ്ട പിടിവാശിയൊന്നും മാധ്യമങ്ങള്‍ക്കുമില്ല. കോടതി വാര്‍ത്ത കൊടുത്തില്ലെങ്കിലും പത്രത്താളുകളും ചാനലിലെ വാര്‍ത്താസമയവും നിറയ്ക്കാനാകും.
പക്ഷേ, അതുകൊണ്ടുണ്ടാകുന്ന പ്രധാനദുരന്തം ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെടുമെന്നതാണ്. സത്യം അട്ടിമറിക്കപ്പെടുകയോ മൂടിവയ്ക്കപ്പെടുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് അറിയാനുള്ള സാധ്യതപോലും ജനാധിപത്യസംവിധാനത്തില്‍ യജമാനന്മാരെന്നു വിളിക്കപ്പെടുന്ന ജനത്തിന് ഇല്ലാതാകും. അഴിമതിയുടെയും മറ്റും പേരില്‍ നീതിപീഠത്തിനു മുന്നില്‍ പല മാന്യന്മാരും ഉന്നതരും തുറന്നുകാണിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമ്പോള്‍ അതൊന്നും അറിയില്ല. ഇങ്ങനെ പലതും ഒളിച്ചുവയ്ക്കാന്‍ ആഗ്രഹിക്കുന്ന ഒരുവിഭാഗം എവിടെയും ഉണ്ടാകാം. പല കോടതിവിധികളും കോടതികളിലെ പരാമര്‍ശവും മൂടിവയ്‌ക്കേണ്ടത് അവരുടെ ആവശ്യമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കു കോടതികളില്‍ പ്രവേശനം നിഷേധിച്ചതിലൂടെ ജയം നേടിയത് ഈ വിഭാഗമാണ്. അതിന് ആരെല്ലാം ഒത്താശചെയ്തുകൊടുത്തുവെന്നു നിഷ്പക്ഷമായി അന്വേഷിച്ചാല്‍ ഒരുപക്ഷേ, കിട്ടുന്ന ഉത്തരം ഞെട്ടിക്കുന്നതാകാം.
ആട് ആന്റണിയെപ്പോലുള്ള ഒരു ക്രമിനലിനും ഗോവിന്ദച്ചാമിയെപ്പോലുള്ള കൊടുംക്രൂരനും കോടതികള്‍ തക്കതായ ശിക്ഷ വിധിക്കുമ്പോള്‍ മാധ്യമങ്ങള്‍വഴിയാണ് പൊതുസമൂഹം അതറിയുന്നത്. വാര്‍ത്തയറിയിക്കല്‍ മാത്രമല്ല ഇവിടെ നടക്കുന്നത്. അത്തരം നീച പ്രവൃത്തികളില്‍നിന്നു വിട്ടുനില്‍ക്കാന്‍ ചിലര്‍ക്കെങ്കിലും ഇത്തരം വാര്‍ത്തകള്‍ പ്രചോദനമാകും. ഗോവിന്ദച്ചാമി ചെയ്തതുപോലുള്ള കുറ്റം ചെയ്താല്‍ മരണം തന്നെയാണ് ശിക്ഷയെന്ന സന്ദേശം ക്രിമിനലുകള്‍ക്ക് നല്‍കുന്നത് മാധ്യമങ്ങളാണ്. സമൂഹത്തെ അതറിയിക്കുന്നതിനു കോടതികള്‍തന്നെ തടസമാകുമ്പോള്‍ ആര്‍ക്ക് എന്തു ചെയ്യാന്‍ പറ്റും? ഏതാനും അഭിഭാഷകരുടെ മര്‍ക്കടമുഷ്ടിമൂലവും ചിലരുടെ നിഗൂഢതാല്‍പ്പര്യത്താലും ഇത്തരം സാധ്യതകള്‍ അടഞ്ഞുപോകുമ്പോള്‍ സമൂഹത്തോടുചെയ്യുന്ന കൊടിയ ദ്രോഹമായിട്ടേ അതിനെ കാണാന്‍ പറ്റൂ.
കോടതികളില്‍ ഇപ്പോഴുണ്ടായ അപ്രഖ്യാപിത മാധ്യമഅടിയന്തരാവസ്ഥയ്ക്കു രണ്ടാണു കാരണങ്ങള്‍. രണ്ടും സത്യസന്ധമായ വാര്‍ത്തകളായതിനാല്‍ മാധ്യമങ്ങള്‍ക്ക് അതില്‍ ലജ്ജിക്കേണ്ട കാര്യമില്ല. പൊതുസമൂഹത്തിന്റെ അറിയുവാനുള്ള അവകാശത്തെ നിര്‍വഹിച്ചുകൊടുക്കുകയായിരുന്നു ഇതിലൂടെ മാധ്യമങ്ങള്‍. അതിലൊന്ന് കൊച്ചിയിലെ മേനക ബോട്ട് ജെട്ടിയില്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. ധനേഷ്മാത്യു മാഞ്ഞൂരാന്‍ വഴിയാത്രക്കാരിയെ കയറിപ്പിടിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തതാണ്. പീഡനത്തിനിരയായ സ്ത്രീയുടെ പരാതിയില്‍ പൊലിസ് കേസെടുത്തതും കേസ് സ്‌റ്റേചെയ്യണമെന്ന ധനേഷ് മാത്യു മാഞ്ഞൂരാന്റെ ഹരജി ഹൈക്കോടതി നിരാകരിച്ചതും മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതു പാതകമാണോ? അഭിഭാഷകര്‍ തെറ്റുചെയ്താല്‍ മൂടിവയ്ക്കണമെന്നാണോ? ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍നിന്നു നിരാലംബരായ സ്ത്രീകള്‍ക്ക് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ മേലിലുണ്ടാകാതിരിക്കാന്‍ ധനേഷ് മാത്യു മാഞ്ഞൂരാന്റെ ആക്രമണം മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിലൂടെ സഹായിക്കുകയല്ലേ ചെയ്തത്? അതു പാടില്ലെന്നും മൂടിവയ്‌ക്കേണ്ടതാണെന്നും അങ്ങനെ ചെയ്യാത്തവര്‍ കോടതിയില്‍ കയറേണ്ടെന്നും ശഠിച്ചാല്‍ എങ്ങനെ ന്യായീകരിക്കാനാകും? ഇക്കാര്യത്തില്‍ ഇടതുപക്ഷ സര്‍ക്കാരും മാഞ്ഞൂരാന്റെ കൂടെയാണെന്നു കരുതേണ്ടിയിരിക്കുന്നു. ധനേഷ് മാത്യു മാഞ്ഞൂരാനെതിരേയുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടും യാതൊരു പോറലുമേല്‍ക്കാതെ അദ്ദേഹം സര്‍ക്കാര്‍ പ്ലീഡറായി തുടരുകയാണ്. പൊതുസമൂഹത്തോടും നിയമവാഴ്ചയോടുമുള്ള വെല്ലുവിളിയാണിതെന്നു പറയാതിരിക്കാനാകില്ല. ഇതിനു കാരണമായി അഡ്വ. ജനറല്‍ നിരത്തുന്ന വാദം ബാലിശമാണ്.
ധനേഷ് മാത്യു മാഞ്ഞൂരാന് ഗവണ്‍മെന്റ് പ്ലീഡറുടെ ചുമതലകള്‍ നല്‍കുന്നില്ലെന്നും കോടതികളിലെ ചേംബര്‍ ജോലികളാണു നല്‍കുന്നതെന്നുള്ള അദ്ദേഹത്തിന്റെ വാദം സാമാന്യബുദ്ധിയുള്ളവര്‍ക്ക് അംഗീകരിക്കാനാകില്ല. യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച ഈ അഭിഭാഷകന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും കുറ്റപത്രം സമര്‍പിക്കപ്പെട്ട അപരാധിയായിട്ടും സസ്‌പെന്‍ഡ് ചെയ്യാതെ നിലനിര്‍ത്തുന്നത് തികച്ചും അനൗചിത്യംതന്നെ.
പൊതുജനത്തിന്റെ നികുതിപ്പണത്തില്‍നിന്നാണു കുറ്റപത്രം സമര്‍പിക്കപ്പെട്ട ഒരു കുറ്റവാളിക്കു സര്‍ക്കാര്‍ ശമ്പളം നല്‍കുന്നത്. മുഖ്യമന്ത്രിയുടെ നിയമോപദേശകനായി എം.കെ ദാമോദരനെ നിയമിക്കാനുള്ള നീക്കം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണു മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ക്കു മാധ്യമങ്ങള്‍ ചതുര്‍ഥിയായത്. മാധ്യമങ്ങള്‍ക്കു കോടതിയിലുള്ള വിലക്കുനീക്കുവാന്‍ സര്‍ക്കാര്‍ ഉത്സുകരാകാത്തതും ഇതുകാരണമാകാം. ഭരണകൂടങ്ങള്‍ക്കും സ്ഥാപിതതാല്‍പ്പര്യക്കാര്‍ക്കും സുഖിക്കുന്ന വാര്‍ത്തകള്‍ മാത്രം കൊടുക്കുവാനുള്ളതല്ല മാധ്യമങ്ങള്‍. സമൂഹത്തിന്റെ അറിയുവാനുള്ള ഭരണഘടനാപരമായ അവകാശത്തിനുവേണ്ടി പൊരുതുകയാണു ഒരര്‍ഥത്തില്‍ മാധ്യമപ്രവര്‍ത്തകര്‍.
അവര്‍ക്കുള്ള വഴികാട്ടി മലയാളപത്രത്തിന്റെ മാര്‍ഗദീപമായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാണ്. ദൈവംതന്നെ തെറ്റുചെയ്താലും ഞാനതു റിപ്പോര്‍ട്ടു ചെയ്യുമെന്നു മഹാനായ ആ പത്രാധിപര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ബ്രിട്ടീഷുകാരുടെ ഭരണനാളുകളില്‍ അചഞ്ചലനായി പ്രഖ്യാപിച്ചതു മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്നും പ്രചോദനമാണ്. അഡ്വക്കറ്റ് ജനറല്‍ ഉണ്ടാകുമ്പോള്‍ പിന്നെയെന്തിനാണ് മുഖ്യമന്ത്രിക്ക് ഒരു നിയമോപദേഷ്ടാവ് എന്ന് മാധ്യമങ്ങള്‍ ചോദിച്ചത് സമൂഹത്തിനു വേണ്ടിയാണ്. ഇത്തരം ചോദ്യങ്ങള്‍ മാധ്യമങ്ങള്‍ ഇനിയും ചോദിച്ചുകൊണ്ടേയിരിക്കും. ഒരു സമൂഹത്തിന്റെ ഉല്‍ക്കര്‍ഷത്തിനും ആരോഗ്യകരമായ നിലനില്‍പ്പിനും ജനാധിപത്യത്തിന്റെ വളര്‍ച്ചയ്ക്കും ഇത്തരം ചോദ്യങ്ങള്‍ അനിവാര്യമാണ്. കോടതികളിലെ മീഡിയാ റൂമുകളുടെ വാതിലുകള്‍ കൊട്ടിയടച്ചതു കൊണ്ട് അത്തരം ചോദ്യങ്ങള്‍ ഉയരാതിരിക്കുകയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."