ഓണത്തിനും ബക്രീദിനും നഗരത്തില്‍ ഇരുട്ടടി
കാഞ്ഞങ്ങാട്: ഓണവും, ബക്രീദും അടുത്തിരിക്കേ നഗരത്തില്‍ ഇരുട്ടടി തുടരുന്നു. നഗരത്തിലെ വൈദ്യുതി വിതരണ സംവിധാനം പാടെ തകരാറിലായിട്ട് നാളുകളായി.
മാവുങ്കാല്‍ സബ് സ്റ്റേഷനില്‍നിന്നും നഗരത്തിലേക്ക് വൈദ്യുതി പ്രവഹിക്കുന്ന ലൈനുകള്‍ക്കു കാലപ്പഴക്കംകൊണ്ട് ശക്തി കുറഞ്ഞതിനാല്‍ നഗരത്തിലെ വൈദ്യുതി വന്നും, പോയിയും കളിക്കുന്ന അവസ്ഥയാണ്. ഇതുകൊണ്ട്‌നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലുള്‍പ്പെടെയുള്ള വൈദ്യുത ഉപകരണങ്ങള്‍ നശിക്കുന്ന അവസ്ഥയാണ്.
കഴിഞ്ഞ പത്തു വര്‍ഷമായി നഗരത്തിലെ വൈദ്യുത സംവിധാനം ഈ നിലയിലായിട്ടും ഇക്കാര്യത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും അധികൃതര്‍ക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
പ്രസരണ ലൈനിന്റെ തേയ്മാനം കാരണം വൈദ്യുതിക്ക് തടസം നേരിടുന്നത് പരിഹരിക്കുന്നതിന് മാവുങ്കാലില്‍നിന്നും നഗരപരിധിയിലേക്കു ഭൂമിക്കടിയിലൂടെ സ്ഥാപിച്ച എച്ച്.ടി. കേബിള്‍ ഭൂമിക്കടിയില്‍ സുഖ നിദ്രയിലാണ്.
ഇത് ഒന്ന് രണ്ടു തവണ ചാര്‍ജ് ചെയ്‌തെങ്കിലും കേബിള്‍ സ്ഥാപിച്ചതിലെ അപാകത കാരണം ഇതിലൂടെ വൈദ്യുതി പ്രസരണം സാധ്യമല്ലാതായി.
നഗരത്തിലെ വൈദ്യുതി വിതരണത്തിലെ ദുരിതം പരിഹരിക്കാന്‍ രണ്ടുവര്‍ഷം മുന്‍പ് 33 കെ.വി സബ്‌സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ഇതിന്റെ നിര്‍മാണം ദ്രുതഗതിയില്‍ നടത്തുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ജനുവരിയില്‍ ഇതിന്റെ ഉദ്ഘാടനം നടക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയെങ്കിലും എട്ടുമാസം പിന്നിട്ടിട്ടും ഇത് നടപ്പിലായിട്ടില്ല.
ജില്ലയിലെതന്നെ ഏറ്റവും നല്ല സെക്ഷന്‍ ഓഫിസ് എന്ന ഖ്യാതി നേടിയ കാഞ്ഞങ്ങാട്ടെ ഓഫിസ് കെട്ടിടത്തിന് പിറകുവശത്തായി കോടികള്‍ മുടക്കി സ്ഥാപിച്ച സബ് സ്റ്റേഷന്‍ കമ്മിഷന്‍ ചെയ്തിരുന്നെങ്കില്‍ സെക്ഷന്‍ ഓഫിസ് ജീവനക്കാര്‍ക്കും നഗര വാസികള്‍ക്കും ആശ്വാസമാകുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."