ഉയ്ഗൂര്‍ വിഷയത്തിലും ചൈനയെ പിന്തുണച്ച് പാകിസ്താന്‍
ഇസ്‌ലാമാബാദ്: ചൈനയുടെ നേതൃത്വത്തില്‍ സിന്‍ജിയാങ്ങിലെ ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കെതിരേ നടക്കുന്ന വംശഹത്യയും ആക്രമണങ്ങളും അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായിരിക്കേ, ഈ വിഷയത്തില്‍ ചൈനയെ പൂര്‍ണമായി പിന്തുണച്ച് പാകിസ്താന്‍ രംഗത്ത്. ഉയ്ഗൂര്‍ മുസ്‌ലിംകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ തങ്ങള്‍ പൂര്‍ണമായും ചൈനയ്‌ക്കൊപ്പമാണെന്നു പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ വ്യക്തമാക്കി.
ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ചൈനീസ് മാധ്യമവുമായി നടന്ന അഭിമുഖത്തിനിടെയാണ് വിവാദ വിഷയങ്ങളിലടക്കം തങ്ങള്‍ ചൈനയ്‌ക്കൊപ്പമാണെന്നു പരസ്യമായി വ്യക്തമാക്കി ഇമ്രാന്‍ഖാന്‍ രംഗത്തെത്തിയിരിക്കുന്നത്.
ചൈനയിലെ ഒറ്റപ്പാര്‍ട്ടി രീതി മറ്റേതു രീതിയേക്കാളും നല്ലതാണെന്നും രാജ്യത്തിന്റെ വികസനത്തിന് കൂടുതല്‍ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു.
സിന്‍ജിയാങ്ങിലെ ഉയ്ഗൂര്‍ വംശജര്‍ക്കെതിരായ ക്രൂരതകള്‍ക്കെതിരേ അന്താരാഷ്ട്ര തലത്തിലുയരുന്ന അഭിപ്രായങ്ങളെ ഇമ്രാന്‍ഖാന്‍ തള്ളിക്കളഞ്ഞു. സിന്‍ജിയാങ്ങില്‍ സംഭവിക്കുന്നതെന്തെന്നു ചൈന വ്യക്തമാക്കിയിട്ടുണ്ടെന്നും ആ വിശദീകരണം തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ഥത്തില്‍ സംഭവിക്കുന്ന കാര്യങ്ങളല്ല അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയാകുന്നത്. പാശ്ചാത്യ മാധ്യമങ്ങള്‍ ചൈനയ്‌ക്കെതിരേ നീങ്ങുന്നതാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
ചൈനയുമായി വളരെയടുത്ത ബന്ധം നിലനിര്‍ത്തുന്നതിനാല്‍ ചൈന പറയുന്നതാണ് തങ്ങള്‍ക്കു വിശ്വാസമെന്നും ഇമ്രാന്‍ഖാന്‍ കൂട്ടിച്ചേര്‍ത്തു. കടുത്ത അവകാശ ലംഘനങ്ങളാണ് ഉയ്ഗൂര്‍ വംശജര്‍ നേരിടുന്നതെന്ന വിവരങ്ങള്‍ നിരന്തരം പുറത്തുവരുമ്പോഴാണ് പാകിസ്താന്റെ ഈ നിലപാടെന്നതു ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."