വനംകൊള്ള മുന്‍മന്ത്രിയുടെ സ്റ്റാഫ്അംഗത്തിനുംപങ്ക്
പി.കെ മുഹമ്മദ് ഹാത്തിഫ്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നടന്ന വനംകൊള്ളയില്‍ മുന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ പങ്കിനെക്കുറിച്ച് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും.
ഇദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും അന്വേഷണസംഘം പരിശോധിക്കും.
കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നടന്ന മരംമുറിയില്‍ ഈ വ്യക്തിക്കു പങ്കുണ്ടെന്ന് സി.പി.ഐ പ്രവര്‍ത്തകരും ആരോപിച്ചിരുന്നു.
മരംമുറിക്കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ ഇദ്ദേഹം സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ഒന്‍പത് ജില്ലകളിലായി നടന്ന ഭൂരിഭാഗം മരംമുറിക്കേസുകളും വനം വകുപ്പ് ഒതുക്കിത്തീര്‍ത്തതാണെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ കേസുകളില്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടതെല്ലാം ഒതുക്കിത്തീര്‍ക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ഇദ്ദേഹമാണെന്നാണ് കണ്ടെത്തല്‍.
പല മരംമുറിക്കേസുകളും മഹസര്‍ മാത്രമെഴുതി ഒതുക്കിത്തീര്‍ക്കാനാണ് വകുപ്പ് ശ്രമിച്ചത്.
കൂടാതെ മരം മുറിച്ച ശേഷം തെളിവുകള്‍ നശിപ്പിക്കാനും ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പട്ടയഭൂമിക്ക് പുറമെ വനം- റവന്യൂ ഭൂമിയിലും വ്യാപകമായി അനധികൃത മരംമുറി നടന്നിട്ടുണ്ട്.
ഇതിനെല്ലാം ഒത്താശ ചെയ്തത് അതാത് ഡിവിഷനുകളിലെ വനം വകുപ്പ് ഉദ്യോഗസ്ഥരാണെന്നും മരംമുറിക്കേസുകള്‍ പലതും ഒത്തുതീര്‍പ്പാക്കാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി അതത് ജില്ലകളില്‍ റവന്യൂ വകുപ്പ് സൂക്ഷിക്കേണ്ട ട്രീ രജിസ്റ്റര്‍ ഹാജരാക്കാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഹാജരാക്കാനുള്ള സമയം കഴിഞ്ഞിട്ടും മിക്ക ജില്ലകളിലെയും ലാന്‍ഡ് റവന്യൂ വിഭാഗം ഇത് ഹാജരാക്കാന്‍ തയാറായിട്ടില്ലെന്ന് അന്വേഷണസംഘം പറയുന്നു.
നിലവില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മരംമുറിക്കേസുകളുമായി ബന്ധപ്പെട്ടും വനം, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷണസംഘം പരിശോധിക്കും.
മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട പ്രതികളുമായി വനം, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, അന്വേഷണസംഘത്തിന്റെയും വനം ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ പ്രത്യേക അവലോകന യോഗം ഇന്ന് ചേരും.
മുന്‍ മന്ത്രിമാര്‍ക്കെതിരേ പ്രതിപക്ഷം
സ്വന്തം ലേഖകര്‍
പറവൂര്‍/ ഹരിപ്പാട്: വനംകൊള്ളയില്‍ കഴിഞ്ഞ ഇടതു സര്‍ക്കാരിലെ വനം മന്ത്രി കെ.രാജു, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരേ പ്രതിപക്ഷം. മുട്ടില്‍ വനംകൊള്ളയുടെ യഥാര്‍ത്ഥ വസ്തുത പുറത്തുവരണമെങ്കില്‍ അന്നത്തെ വനം, റവന്യൂ മന്ത്രിമാരെയും കൂടി കേസില്‍ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറവൂരില്‍ പറഞ്ഞു.
മന്ത്രിമാരുടെ അറിവോടെയാണ് ഈ വിവാദ ഉത്തരവിറങ്ങിയത്. കേരളത്തിലെ വനം മാഫിയയ്ക്ക് മരംകൊള്ള നടത്താനുള്ള കച്ചീട്ടാണ് ഈ ഉത്തരവ്. 1964ലെ ഭൂപതിവ് നിയമവും ചട്ടവും 2005ലെ നിയമവും ചട്ടവുമെല്ലാം നിലനില്‍ക്കുമ്പോള്‍ സങ്കീര്‍ണമായൊരു പ്രശ്‌നത്തില്‍ നിയമത്തെയും ചട്ടത്തെയും മറികടന്ന് ഒരു ഉത്തരവിറക്കാന്‍ മന്ത്രിമാര്‍ കൂട്ടുനിന്നത് ഭരണഘടനാ ലംഘനമാണ്. മരംമുറിക്ക് മന്ത്രിമാര്‍ ഒത്താശ ചെയ്തു. ഇവരെ ചോദ്യം ചെയ്താല്‍ മാത്രമേ പിന്നിലുള്ള രാഷ്ട്രീയ യജമാനര്‍ ആരൊക്കെയാണെന്ന് തിരിച്ചറിയാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
മുട്ടില്‍ മരംമുറിക്കേസ് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിന്‍മേല്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മുന്‍ പ്രതിപക്ഷനേതാവും എം.എല്‍.എയുമായ രമേശ് ചെന്നിത്തല ഹരിപ്പാട്ട് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.മരം മുറിക്കാനുള്ള ഉത്തരവിറക്കിയത് അന്നത്തെ സര്‍ക്കാരിലെ വനം, റവന്യൂ മന്ത്രിമാര്‍ ചേര്‍ന്നാണ്. വനംകൊള്ളക്കാരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."