ബഷീറിന്റെ ആകാശങ്ങള്‍
മനുഷ്യസ്‌നേഹിയായ ഒരു കലാകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. മനുഷ്യനെ മാത്രമല്ല പ്രപഞ്ചത്തിലെ ഓരോ ജീവിയെയും അദ്ദേഹം സ്‌നേഹിച്ചു. പ്രഈ ഭൂമിയിലെ അവകാശം സര്‍വ്വചരാചരങ്ങള്‍ക്കും ഒരു പോലെയാണ് എന്നദ്ദേഹം വാദിച്ചു.സഹിത്യരചനയില്‍ ബഷീറിന് ഏറ്റവും പ്രിയപ്പെട്ട വിഷയങ്ങളിലൊന്ന് കുടുംബമായിരുന്നു. അദ്ദേഹത്തിന്റെ മിക്ക കൃതികളിലും കുടുംബത്തെക്കാണാം.
ഉമ്മയും ബാപ്പയും ആറുമക്കളുമടങ്ങിയതായിരുന്നു കുടുംബം. ബഷീറായിരുന്നു മൂത്തമകന്‍. ആനുമ്മ, പാത്തുമ്മ എന്നീ സഹോദരിമാരും അബ്ദുല്‍ഖാദര്‍, ഹനീഫ, അബൂബക്കര്‍ എന്നീ സഹോദരന്മാരും.
ബഷീറിന്റെ കഥകളെല്ലാം പച്ചയായ ജീവിതാനുഭവങ്ങള്‍ തന്നെയാണെന്ന് അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ സക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഉമ്മയുടെയും ബാപ്പയുടെയും കുടുംബം തികഞ്ഞ ഇസ്‌ലാംമത വിശ്വാസികളും സാമ്പത്തിക ഭദ്രതയുള്ളവരുമായിരുന്നു. കൃഷിയില്‍ നിന്നും ധാരാളം വരുമാനം കിട്ടിയിരുന്നു. നെല്‍ക്കൃഷിയും ഉണ്ടായിരുന്നു. കോഴി, ആട്, പശു എന്നീ വളര്‍ത്തുമൃഗങ്ങളെയും വരുമാനാര്‍ത്ഥം സ്‌നേഹിച്ചു വളര്‍ത്തിയിരുന്നു.
ഉമ്മയുടെ ദയാവായ്പും സ്വഭാവവും ബഷീറിനെ പ്രത്യേകം സ്വാധീനിച്ചു. അടിയുറച്ച പാരമ്പര്യത്തിലൂന്നിയാണ് ബഷീറും സഹോദരങ്ങളും വളര്‍ന്നുവന്നത്. കുട്ടികള്‍ തമ്മില്‍ കളികളിലേര്‍പ്പെടുകയും വികൃതികളും കുന്നായ്മകളും കാട്ടുകയും ചെയ്തു. ബാല്യകാലം മുതല്‍ തന്നെ ബഷീര്‍ എല്ലാക്കാര്യങ്ങളിലും തമാശ കണ്ടിരുന്നു.
വലിയ കുടുംബത്തിലെ മൂത്തകുട്ടിയായതിനാലാവും സ്വാഭാവികമായും വിട്ടുവീഴ്ചയും അദ്ദേഹം കാട്ടിയിരുന്നത്. വീട്ടിലെ അന്തരീക്ഷത്തില്‍ കണ്ടെത്തിയ നര്‍മ്മം ഭാവനവിടര്‍ത്തി പില്‍ക്കാലത്തെ ബഷീര്‍ക്കൃതികളിലെല്ലാമുണ്ടായി. പാത്തുമ്മയുടെ ആട് എന്ന കൃതിതന്നെ ഏറ്റവും വലിയ ഉദാഹരണം.
അദ്ദേഹം കാണിച്ചിരുന്ന ചെറിയ ചെറിയ ഉപദ്രവകാരിയായ വികൃതികള്‍ക്ക് ബാല്യത്തില്‍ തന്നെ ബാപ്പ ശിക്ഷകള്‍ നല്‍കിയിരുന്നു.
ബഷീറിന്റെ ഉമ്മ
ഏതൊരാളിന്റെയും ആദ്യത്തെയും അവസാനത്തെയും അഭയകേന്ദ്രമാണ് പെറ്റമ്മ. വൈക്കം മുഹമ്മദ് ബഷീര്‍ എന്ന വിഖ്യാതസാഹിത്യകാരന്റെയും അനുഭവം ഒട്ടും വ്യത്യസ്തമല്ല. മകന്‍ പഠിച്ച് ഉന്നതനിലയിലെത്തുന്നതും തങ്ങള്‍ക്ക് താങ്ങും തണലുമായിത്തീരുന്നതും സ്വപ്നം കണ്ടിരുന്നു എല്ലാ അമ്മമാരെപ്പോലെ ബഷീറിന്റെ പെറ്റുമ്മയും. എന്നാല്‍ അതില്‍ നിന്നെല്ലാം മാറി മൂത്തമകന്റെ ലോകം തേടി യാത്രയായപ്പോള്‍ തോരാത്ത കണ്ണീരുമായി ഈ ഉമ്മയും കാത്തിരുന്നു. തന്റെ കണ്ണീരില്‍ക്കുതിര്‍ന്ന സന്ദേശവുമായി ഭര്‍ത്താവിനെ പറഞ്ഞുവിട്ടു.
പക്ഷേ സ്വാതന്ത്ര്യസമരാവേശത്തിന്റെ സ്വാധീനം ബഷീറില്‍ മുന്തി നില്‍ക്കുകയായിരുന്നു അന്ന്. അതിനാല്‍ ഉമ്മയുടെ കണ്ണുനീര്‍ കണ്ടില്ലെന്ന് അദ്ദേഹം നടിച്ചു. എന്നാല്‍ ലോക്കപ്പിലെ ആദ്യാനുഭവം അദ്ദേഹത്തിന്റെ മനസിലേക്ക് ഉമ്മയുടെ ഓര്‍മ്മകള്‍തന്നെയാണുണര്‍ത്തിയത്. തനിക്കു വേണ്ടി ആഹാരം തയ്യാറാക്കി കാത്തിരിക്കുന്ന ഉമ്മ ബഷീറിന്റെ മനസ്സില്‍ തെളിഞ്ഞു തന്നെ നിന്നു.
അതിഭയങ്കരമായ ജയില്‍ വാസത്തിനുശേഷം വീട്ടിലണയാനാണ് അദ്ദേഹം ആഗ്രഹിച്ചത് യാത്രചെയ്ത് അര്‍ദ്ധരാത്രി വൈക്കത്തെത്തിയ അദ്ദേഹം ഇഴജന്തുക്കള്‍നിറഞ്ഞ വഴിത്താരയിലൂടെയാണെങ്കിലും ജന്മഗൃഹത്തിലെത്തി.
അവിടെ ആ സമയത്തും 'നീ വല്ലതും കഴിച്ചോടാ മോനേ?' എന്ന ചോദ്യവുമായി മകനെയും കാത്ത് ഉണര്‍ന്നിരിക്കുകയായിരുന്നു ഉമ്മ. ഇത് ബഷീറിനു മറക്കാനാവാത്ത സാന്ത്വനമായി.
ഭ്രാന്തിന്റെ അസുഖത്തില്‍പ്പെട്ടിരുന്നകാലത്തുപോലും ഉമ്മയുടെ അടുത്തായിരിക്കുമ്പോള്‍ ബഷീര്‍ ശാന്തനായിരുന്നു. താന്‍ പുതിയ വീടുവച്ചപ്പോള്‍ ഉമ്മയെ ഒപ്പം കൊണ്ടു താമസിപ്പിച്ചിരുന്നു അദ്ദേഹം. ബഷീര്‍ വിവാഹിതനാകാന്‍ വൈകിയതില്‍ ഉമ്മയ്ക്ക് വളരെയധികം മന:പ്രയാസമുണ്ടായിരുന്നു. ഉമ്മയുടെ പരാതികാരണമാണ് സാഹിത്യസുഹൃത്തുക്കള്‍ മുന്‍കൈയെടുത്തു ഫാബിയുടെ വിവാഹാലോചന കൊണ്ടുവന്നതും. അദ്ദേഹത്തിന്റെ പാത്തുമ്മയുടെ ആടില്‍ ബഷീറിന്റെ ഉമ്മയെ വായനക്കാര്‍ വിശദമായി കാണുന്നുണ്ട്. രസിക്കുന്നുമുണ്ട്.
ബാപ്പ
ബഷീറിന് ബാല്യത്തിലെ കൃസൃതികളിലൊന്നായിരുന്നു ചെറുജീവികളെ ഉപദ്രവിച്ചു രസിക്കുക എന്നത്. ഒരിക്കല്‍ ഒരു നീര്‍ക്കോലിയെ ഈര്‍ക്കിലില്‍ കുത്തിയെടുത്ത് തുക്കിയിട്ടു രസിച്ചതിന് സ്‌പെഷ്യല്‍ ചൂരല്‍വടികൊണ്ട് ബാപ്പ അദ്ദേഹത്തെ ശിക്ഷിച്ചു. അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഒന്നിനെയും കാരണം കൂടാതെ ദ്രോഹിക്കരുത് എന്ന് ശാസിക്കുകയും ചെയ്തു.
പിന്നീട് ബേപ്പൂരിലെ തന്റെ വിശാലമായ പറമ്പിലെ ഇഴജന്തുക്കളില്‍ ഒന്നിനെപ്പോലും അദ്ദേഹം ഓടിച്ചു കളഞ്ഞില്ല. അവരും ഭൂമിയുടെ അവകാശികളാണെന്നു പ്രഖ്യാപിക്കുകയാണ് ചെയ്തത്.
ബാല്യത്തില്‍ ചെയ്ത ഒരു തെറ്റിന് ബാപ്പ ശിക്ഷിച്ചതുകൊണ്ടാണ് ബഷീര്‍ വീടുപേക്ഷിച്ചിറങ്ങിയത്. സ്വതന്ത്ര്യസമരത്തില്‍ ചെന്നു ചേര്‍ന്നു. അന്നേരം വീടിനെ മറന്നു. എന്നാല്‍ തന്നെ തിരക്കി ബാപ്പ കോഴിക്കോടെത്തിയപ്പോള്‍ ബഷീര്‍ അമ്പരന്നു. അന്ന് അദ്ദേഹം ശാന്തസ്വരത്തില്‍ കുറ്റസമ്മതം നടത്തി. തളര്‍ച്ചയോടെ മടങ്ങിപ്പോയി. അത് ബഷീറിന്റെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു.
കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പില്‍ക്കാലത്തു മോശമായപ്പോള്‍ ബാപ്പ മാനസികവിഷമമനുഭവിച്ചു. ഇതുമനസിലാക്കിയ ബഷീര്‍ ബാപ്പയ്ക്കു താങ്ങാവാന്‍ ഏതെങ്കിലും ജോലി കണ്ടെത്താന്‍ ശ്രദ്ധിക്കുകയും ചെയ്തു. എന്നാല്‍ അവയില്‍ പലതും അമ്പേ പരാജയപ്പെടുകയാണുണ്ടായത്.
ബാപ്പയുടെ മരണസമയത്ത് ബഷീര്‍ വീട്ടിലില്ലായിരുന്നു. തൃശൂര്‍ വടക്കുംനാഥക്ഷേത്രത്തിനു സമീപത്ത് സുഹൃത്തുക്കളായ മുണ്ടശ്ശേരിയും ചങ്ങമ്പുഴയുമൊത്ത് രസം പറഞ്ഞിരിക്കുകയായിരുന്നു. പെട്ടെന്നു തന്നെ ബഷീറിന്റെ ഭാവം മാറി. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടി. വിശ്വസിക്കാന്‍പറ്റാത്ത ഒരുസത്യമാണത്. ശാസ്ത്രം എന്തെല്ലാം കണ്ടുപിടിച്ചുകഴിഞ്ഞു. എന്നിട്ടും ഇത്തരമൊരു സംഭവത്തിന് ഉത്തരം കണ്ടെത്താന്‍ കഴിയുന്നില്ല.
പാത്തുമ്മയും ആനുമ്മയും.
ബഷീറിന്റെ രണ്ടു സഹോദരിമാര്‍. ഇവരില്‍ പാത്തുമ്മ മലയാളക്കരയ്ക്കാകെ സുപരിചിതയാണ്; പാത്തുമ്മയുടെ ഓമനയായ ആടും. സഹോദരിമാരോടു വാത്സല്യമുള്ള മൂത്ത ജ്യേഷ്ഠന്‍ തന്നെയായിരുന്നു ബഷീറെന്നതിന് ഈ കൃതി സാക്ഷ്യം വഹിക്കുന്നു.
അബ്ദുള്‍ ഖാദര്‍
കുറച്ചുകാലം അധ്യപകനായിരുന്നു ബഷീറിന്റെ സഹോദരന്‍ അബ്ദുള്‍ഖാദര്‍. അയാള്‍ ഗൗരവക്കാരനായിരുന്നു. ചെറുപ്പത്തില്‍ ബഷീറും അബ്ദുള്‍ഖാദറും ഒരുമിച്ച് നെയ്യും പഞ്ചസാരയും കട്ടുതിന്ന കഥ പാത്തുമ്മയുടെ ആടില്‍ ഉണ്ട്.
മലയാള വ്യാകരണത്തില്‍ താന്‍ പ്രത്യേകം തല്‍പ്പരനാണെന്നും ഒന്നാമനാണെന്നും കാണിക്കാന്‍ സാഹിത്യകാരനായ ജ്യേഷ്ഠനോട് അദ്ദേഹം പലതവണ തര്‍ക്കിച്ചിരുന്നു.
'ഇക്കാക്കാ ഇതിലെ ആഖ്യാദം എവിടെ?' എന്ന അബ്ദുള്‍ ഖാദറിന്റെ ചോദ്യം മലയാളികളെല്ലാം രസത്തോടെ ഏറ്റുവാങ്ങി. ബഷീറിന്റെ നര്‍മ്മര്‍രസമുള്ള സംഭാഷണവും ഫലിതവും അനുജന്‍മാര്‍ക്കും ഉണ്ടായിരുന്നു.
മുഹമ്മദ് ഹനീഫയും അബൂബക്കറും.
ദിവസത്തില്‍ ഇരുപത്തിനാലുമണിക്കൂറും തമ്മില്‍ തല്ലുപിടിച്ചുകൊണ്ടിരുന്ന ബഷീറിന്റെ ഇളയ സഹോദരങ്ങളാണിവര്‍, ഹനീഫയും അബൂബക്കറും. ഫലിതപ്രകടനത്തില്‍ ബഷീറിനെക്കാള്‍ ഒട്ടും മോശക്കാരല്ലതന്നെ. ബഷീറിനോടുള്ള നിഷ്‌കളങ്കമായ സ്‌നേഹത്തിനു പുറത്ത് എപ്പോഴും മത്സരസ്വഭാവം കാട്ടുന്നവരുമായിരുന്നു അവര്‍.
അവകാശത്തോടെ ബഷീറിന്റെ വസ്തുക്കള്‍ സ്വന്തമായി ഉപയോഗിക്കുന്നതിലും അവര്‍ മത്സരിച്ചിരുന്നു. പ്രസിദ്ധിയില്‍ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്ന വല്യഇക്കാക്കയുടെ അനുജന്മാരാണ് തങ്ങള്‍ എന്നതില്‍ അവര്‍ വലുതായി അഭിമാനിച്ചിരുന്നു. അദ്ദേഹത്തെപ്പോലെ ചമയാനും ഇരുവരും മത്സരിച്ചു. ബഷീറിന്റെ വസ്തുക്കള്‍ കട്ടെടുത്തു സ്വന്തമെന്നതുപോലെ അവര്‍ ഉപയോഗിച്ചു. അതില്‍ കുസൃതിയും ഗൗരവവും അവര്‍ ഒരുപോലെ അനുഭവിച്ചു. ബഷീറാകട്ടെ വാത്സല്യമുള്ള മൂത്ത ജ്യേഷ്ഠനായി ഒക്കെയ്ക്കും കണ്ണടച്ചു.
ബഷീറിന്റെ പെണ്ണുകാണല്‍ ചടങ്ങിന് പ്രമുഖരോടൊപ്പം വീട്ടുകാരനായി പോയത് അനുജനായ അബുബക്കറാണ്. നിക്കാഹിന് വരന് തൊപ്പി വാങ്ങാന്‍ പോയതും അബൂബക്കര്‍ തന്നെ. തനിക്കു പാകമായ തൊപ്പിയാണ് അതിനാല്‍ വാങ്ങിയതും. വിവാഹം കഴിഞ്ഞ് ആ തൊപ്പി തനിക്കുപയോഗിക്കാന്‍ അവകാശത്തോടെ എടുക്കുകയും ചെയ്തു.
ബാല്യകാലസഖിയിലെ മജീദ് ബഷീര്‍ തന്നെയാണെന്നും എന്നാല്‍ സുഹ്‌റയ്ക്ക് പകരം ഒരു വ്യക്തിത്വം ഉണ്ടായിരുന്നില്ലെന്നുമാണ് ഇവരുടെയും പക്ഷം
നാടുവിട്ടുപോയ ബഷീര്‍ അപ്രതീക്ഷിതമായി ഒരുകനത്ത രാത്രി തിരിച്ചുവന്നു. ഉമ്മയോടൊപ്പം വീടിന്റെ തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന ഹനീഫയും അബൂബക്കറുമായിരുന്നു സാക്ഷികള്‍.
ഫാബി ബഷീര്‍
1958 ഡിസംബര്‍ 18 നായിരുന്നു വൈക്കം മുഹമ്മദ് ബഷീറിന്റെ വിവാഹം. ആ ദാമ്പത്യം നാലുപതിറ്റാണ്ടോളം ബഷീറിന്റെ മരണം വരെ നീണ്ടു നിന്നു ആ ദാമ്പത്യം. മലയാളത്തിലെ മഹാനായ സാഹിത്യകാരന്റെ ധര്‍മ്മപത്‌നിയായി വന്ന ഫാത്തിമാ ബീവിയുടെ പേരു മാറ്റി ഫാബിയാക്കിയത് അദ്ദേഹം തന്നെ. ഫാബിയ്ക്കാവട്ടെ ബഷീര്‍ റ്റാറ്റായും ആയിരുന്നു.
ആദ്യത്തെ കുഞ്ഞായ ഷാഹിന ബാപ്പയെ യാത്രയാക്കാന്‍ നേരത്ത് കൈവീശി റ്റാ റ്റാ എന്നു പറഞ്ഞിരുന്നു. അത് അവള്‍തന്നെ വിളിപ്പേരാക്കിയപ്പോള്‍ ഫാബിയും അതു തന്നെ വിളിച്ചു. ഷാഹിനയെക്കൂടാതെ അനീസ് എന്നൊരു മകനും ഈ ദമ്പതികള്‍ക്കുണ്ട്.
കോഴിക്കോട് ചെറുവണ്ണൂര് കോയക്കുട്ടി മാസ്റ്ററുടെ മകളാണ് ഫാത്തിമ. പെട്ടെന്നൊരു ദിവസം വന്നതായിരുന്നു ഈ കല്യാണാലോചന. പെണ്ണുകാണാന്‍ ബഷീര്‍ എത്തിയത് 1958 നവംബര്‍ 31 ന് ആയിരുന്നു. ഒപ്പം മലയാളത്തിലെ വന്‍സാഹിത്യകാരന്മാരുമുണ്ടായിരുന്നു. എം.വി. ദേവന്‍, കെ.എ.കൊടുങ്ങല്ലൂര്‍, എം.ടി.വാസുദേവന്‍ നായര്‍, വി.കെ.എന്‍, ശോഭനപരമേശ്വരന്‍ നായര്‍, വി.അബ്ദുള്ള, മുല്ലവീട്ടില്‍ അബ്ദുള്‍ റഹിമാന്‍, തിക്കൊടിയന്‍ തുടങ്ങിയവര്‍.
ബഷീര്‍ ചിത്രകാരന്‍ എം.വി. ദേവനെക്കൊണ്ട് അവരിരുവരും സംസാരിച്ചു നില്‍ക്കുന്ന ചിത്രം വരപ്പിച്ചു. ഫാബിയുടെ ഒഴിഞ്ഞ കഴുത്തിലും കയ്യിലും കാതിലും ആഭരണങ്ങള്‍ അണിഞ്ഞിരിക്കുന്നതായി വരയ്ക്കാനും ബഷീര്‍ ആവശ്യപ്പെട്ടു. പിറ്റേന്നുള്ള ദിനപ്പത്രങ്ങളില്‍ ആ ചിത്രം സഹിതം ബഷീറിന്റെ കല്യാണക്കാര്യം പ്രസിദ്ധീകരിക്കപ്പെട്ടു.
'എനിക്കു പ്രായക്കൂടുതലാണ്' എന്ന് ബഷീര്‍ ഫാബിയോട് സ്വകാര്യമായി അന്നു പറഞ്ഞിരുന്നു.
അതിനുമുമ്പു തന്നെ ബഷീറിന്റെ കൃതികള്‍ ഫാബി വായിച്ചിരുന്നു. ബഷീറിന്റെ ആരാധികയായി മാറിക്കഴിഞ്ഞിരുന്നു.
മലയാള സാഹിത്യത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വിഷയമായിരുന്നു ബഷീറിനു ഭ്രാന്തായത്. കുട്ടിച്ചാത്തന്റെ ഉപദ്രവം കൊണ്ടാണിത് എന്നായിരുന്നു ബഷീറിന്റെ വിശ്വാസം. കുട്ടിച്ചാത്തനെ അദ്ദേഹത്തിനു പേടിയുമായിരുന്നു. കുട്ടിച്ചാത്തന്‍ തന്നെ മാത്രമല്ല തന്റെ ഭാര്യയെയും മകളെയുംകൂടി ഉപദ്രവിക്കുമെന്ന് ബഷീര്‍ ഭയന്നു. മകള്‍ ഷാഹിനയില്‍ അദ്ദേഹം അത്രകണ്ട് വല്‍സലനായിരുന്നു.
ഒരുദിവസം ഷാഹിനയ്ക്ക് സ്‌കൂളില്‍ നിന്നും ഒരു മുറിവു പറ്റി. നെറ്റിയിലാണ് മുറിവുണ്ടായത്. ഇത് ബഷീറില്‍ വല്ലാത്ത മാനസികവിഷമമുണ്ടാക്കി. അന്നുരാത്രി അദ്ദേഹത്തിന് അസുഖം വളരെക്കൂടി.
അന്നത്തെരാത്രി ഫാബി മകളുമൊത്ത് എങ്ങനെയോ നേരം വെളുപ്പിച്ചെന്നു മാത്രം. ഇതുപോലെ ഭീകരമായ ദിനങ്ങള്‍ പിന്നെയും ധാരാളമുണ്ടായി. ഒരു ദിവസം രാത്രി കുട്ടിച്ചാത്തനെ ഓടിക്കുകയാണെന്ന് പറഞ്ഞ് അദ്ദേഹം കിടക്ക കുത്തിക്കീറി. മാറ്റാരും അടുത്തില്ലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും മകളും മാത്രം അന്ന് പകച്ചു നിന്നു.
ഒരിക്കല്‍ അസുഖം നിമിത്തം സ്വബോധമില്ലാതിരുന്നപ്പോള്‍ ബഷീര്‍ വാങ്ങിപ്പിച്ച മാമ്പഴം കഴുകി വൃത്തിയാക്കി മുറിച്ചു. പറമ്പിന്റെ നാലുകോണിലും ഈ മാങ്ങാപ്പൂളുകള്‍ വച്ചു. അവ ആത്മാക്കള്‍ക്കു നേദിക്കുന്നതായി കൈകളുയര്‍ത്തി പറഞ്ഞു. ഇത്രയുമായപ്പോള്‍ അദ്ദേഹത്തിന് ശാന്തത കൈവന്നു. ഉറങ്ങുകയും ചെയ്തു.
അറിഞ്ഞോ അറിയാതെയോയുള്ള ദേഹോപദ്രവങ്ങള്‍ ഇതിനിടയില്‍ ഫാബിക്കും കിട്ടി. തല ഭിത്തിയിലിടിപ്പിച്ചു ഫാബിയുടെ പല്ലുകള്‍ തെറിച്ചുപോയിരുന്നു. കത്തിക്കു വേണ്ടി ബഷീറുമായി മല്‍പ്പിടുത്തം നടത്തി കൈപ്പത്തി മുറിഞ്ഞു, കവിളില്‍ മുറിവു പറ്റി. അന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് അദ്ദേഹത്തെ കുതിരവട്ടം മാനസികരോഗാശുപത്രിയലേക്കു കൊണ്ടുപോയി.
വിവാഹത്തിനുമുമ്പ് ബഷീര്‍ എഴുതിയതാണ് പാത്തുമ്മയുടെ ആട്. പക്ഷേ വിവാഹത്തിനുശേഷമാണ് അത് അച്ചടിച്ചത്. മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച കൃതിയായിരുന്നു അത്. ഫാബിയുടെ ഇഷ്ടപുസ്തകവും പാത്തുമ്മയുടെ ആട് തന്നെ. ബഷീറിന്റെ കുടുംബത്തില്‍ മരുമകളായിച്ചെന്നപ്പോള്‍ അതിലെ കഥാപാത്രങ്ങളെയെല്ലാം ഫാബി സന്തോഷത്തോടെ കണ്ടു.
ഫാബിയെ സംബന്ധിച്ച് ഒട്ടുംസഹിക്കാനാവാത്ത കാലമായിരുന്നു ബഷീറിന്റെ അസുഖത്തിന്റെ കാലം. ബഷീറിന്റെ ഭാര്യയായതുകൊണ്ട് വളരെ പ്രസിദ്ധയായിരുന്നല്ലോ ഫാബി. വലിയ സാഹിത്യകാരന്റെ ഭാര്യയായതുകൊണ്ട് ആരോടും പറയാനോ ആശ്വാസം കൊള്ളാനോ ആവുകയുമില്ല. ചെറുപ്രായം മാത്രമുള്ള മകളുമായി ഫാബി ദു:ഖങ്ങള്‍ ഉള്ളിലൊതുക്കി. പിന്നീട് മകള്‍ ഷാഹിനയുടെ ഭര്‍ത്താവ് ഹബീബ് അകാലത്തില്‍ മരണമടഞ്ഞു. ഇതും ഫാബിക്കു താങ്ങാനാകാത്തതായി. ബഷീറും ഈസംഭവത്തില്‍ മരണം വരെ ദു:ഖിതനായിരുന്നു.
ഷാഹിന
സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ മകള്‍ എന്ന നിലയില്‍ മകള്‍ ഷാഹിനയും വളരെ പ്രസിദ്ധിയാര്‍ജ്ജിച്ചു.
ബഷീറിന്റെ മാന്ത്രികപ്പൂച്ചയിലെ നായിക ഷാഹിനയായിരുന്നു. ബഷീറെന്ന പിതാവിന്റെ സ്‌നേഹം മുഴുവന്‍ പത്തുവയസുവരെ ഷാഹിന ഒറ്റയ്ക്കനുഭവിച്ചു. സ്‌കൂളിലും പുറത്തും ഷാഹിന ഒരു രാജകുമാരി തന്നെയായിരുന്നു. ബഷീറിന്റെ മകള്‍ എന്ന നിലയില്‍ എല്ലാക്കാര്യങ്ങളിലും എവിടെയും പരിഗണനകിട്ടി. സാഹിത്യലോകം മുഴുവന്‍ അറിഞ്ഞു. ബഷീര്‍ തന്റെ കുടുംബാംഗങ്ങളെത്തന്നെയായിരുന്നല്ലോ കഥാപാത്രങ്ങളാക്കിയിരുന്നത്. മറ്റൊരു സാഹിത്യകാരന്റെ മകള്‍ക്കും കിട്ടാത്തതായിരുന്നു ഈ അപൂര്‍വ്വഭാഗ്യം. അപ്പോഴും ആരും കാണാത്ത ഒരു മറുവശം അതിനുണ്ടായിരുന്നു.
ഓര്‍മ്മവച്ചനാള്‍ മുതല്‍ താന്‍ റ്റാറ്റാ എന്ന വിളിക്കുന്ന ബാപ്പയുടെ അസുഖമായിരുന്നു അത്. തന്നെ ചേര്‍ത്തുപിടിച്ച് ഉമ്മകരയുന്നത് ഷാഹിനയെ ദു:ഖത്തിലാഴ്ത്തി. ഭയത്തിന്റെ നാളുകളായിരുന്നു അവ.
ഒരുദിവസം രാത്രി ചെകുത്താനെ തുരത്താനെന്നു പറഞ്ഞ് ആവേശത്തോടെ ബഷീര്‍ തലയണയും കിടക്കയും കഠാരികൊണ്ട് കുത്തിക്കീറി. അതേ കിടക്കയില്‍ കിടന്നുറങ്ങുകയായിരുന്നു ഷാഹിന. അവള്‍ ഞെട്ടിയുണര്‍ന്നു. കഠാരിയിലേക്ക് നോക്കിക്കൊണ്ട് ആ ബാലിക കിടന്നു, കരയാന്‍ പോലുമാകാതെ. ഭയന്ന് വിറച്ചു നില്‍ക്കുന്ന ഉമ്മയെ അവള്‍ കണ്ടു. ഒടുവില്‍ എങ്ങനെയോ രക്ഷപ്പെട്ടു. അപ്പോഴാണ് ഉമ്മയുടെ കയ്യ് കഠാരി കൊണ്ട് മുറിഞ്ഞത് കണ്ടത്.
മദ്യപിച്ച റ്റാറ്റായെ രാത്രിയില്‍ എപ്പോഴോ സുഹൃത്തുക്കള്‍ താങ്ങി വീട്ടിലെത്തിക്കുന്നതും ഷാഹിനയുടെ നിത്യക്കാഴ്ചയായിരുന്നു. അപ്പോഴൊക്കെ ബാപ്പയെ ഒരപരിചിതനെപ്പോലെയായിരുന്നു ഷാഹിന കണ്ടിരുന്നത്. ആ അപരിചിതനില്‍ നിന്നും അന്നൊക്കെ ഓടിയൊളിക്കുകയായിരുന്നു പതിവ് മറ്റുവീടുകളിലെല്ലാം സഹോദരങ്ങള്‍ ഒരുമിച്ചുകളിക്കുന്നത് ഷാഹിന കൊതിയോടെ നോക്കിയിരുന്നു. തനിക്കൊരു കൂടപ്പിറപ്പില്ലാത്തതില്‍ ഒരുപാട് വിഷമിച്ചിരുന്നു. ഉമ്മയോടും ബാപ്പയോടും പരാതി പറഞ്ഞിരുന്നു. ഒടുവില്‍ കാത്തുകാത്തിരുന്ന് ഒരനുജനെത്തന്നെ ഷാഹിനയ്ക്കുകിട്ടി.
ഷാഹിനയ്ക്ക് പിന്നെയും വിഷമത്തിന്റെ ഘട്ടം വന്നു. വിവാഹജീവിതകാലത്തായിരുന്നു അത്. തീരെ ചെറുപ്പത്തില്‍ത്തന്നെയുള്ള ഭര്‍ത്താവിന്റെ മരണം. രണ്ടു മക്കളെ വളര്‍ത്താന്‍ ഷാഹിന ജോലിക്കു ശ്രമിച്ചു. കറന്റ് ബുക്‌സില്‍ ജോലികിട്ടി. മരിക്കുന്നതുവരെയും ബഷീറിന്റെ മനസിലെ ഉണങ്ങാത്ത മുറിവായിരുന്നു മകള്‍ ഷാഹിന.
ഒരു കുഴിയുണ്ടെങ്കില്‍ കുന്നുമുണ്ടാവും എന്നാണല്ലോ. ഷാഹിനയുടെ ജീവിതത്തിലും അപ്രതീക്ഷിതമായി ഒരു സൗഭാഗ്യം ഒടുവില്‍ കടന്നുവന്നു. ബഷീറിന്റെ സുഹൃത്തുക്കളില്‍ ഒരാളായിരുന്നു എന്‍.പി.മുഹമ്മദ്. അദ്ദേഹത്തിന്റെ ഇളയകന്‍ മുഹമ്മദ് ഫൈസി ഷാഹിനയെ വിവാഹം ചെയ്തു. മുതിര്‍ന്ന രണ്ടു മക്കളുടെ അമ്മയായിരുന്നു അപ്പോള്‍ ഷാഹിന. ബാപ്പയ്ക്ക് മകള്‍ക്കുണ്ടായ ഈ മഹാഭാഗ്യം കാണാന്‍ സാധിച്ചില്ല. ഉമ്മയുടെ പിന്നിടുള്ള ജീവിതത്തിലെ സമാധാനത്തിന് ഇതു കാരണമായി.
അനീസ്
വളരെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബഷീര്‍ - ഫാബി ദമ്പതിമാര്‍ക്കു ലഭിച്ച മകനാണ് അനീസ്. അനീസിനെക്കാത്ത് ഉമ്മയും ബാപ്പയും മാത്രമല്ല, ഷാഹിന എന്ന മൂത്ത ജ്യേഷ്ഠത്തികൂടി ഉണ്ടായിരുന്നു. അതിനാല്‍ വളരെയധികം വാത്സല്യമനുഭവിക്കാന്‍ ഭാഗ്യമുണ്ടായ കുട്ടിയായിരുന്നു അനീസ്.
ഭാഗ്യം കൊണ്ടുവന്ന കുട്ടികൂടിയായിരുന്നു അനീസ്. ബഷീറിന്റെ മദ്യപാനവും അസുഖത്തിന്റെ കാഠിന്യവും കുറഞ്ഞ കാലമായിരുന്നു അത്. അതിനാല്‍ സമാധാനവും സന്തോഷവും നിറഞ്ഞ കുടുംബാന്തരീക്ഷം അനീസിനു കിട്ടി.
നല്ല വിദ്യാഭ്യാസം ലഭിച്ചു, എന്‍ജിനീയറിംഗ് പഠിച്ചു, സ്ഥാനമാനങ്ങള്‍ ലഭിച്ചു, മികച്ച വിവാഹ ജീവിതം ലഭിച്ചു. ജഡ്ജിയുടെ മകളെയാണ് അനീസ് ജീവിതസഖിയാക്കിയത്. ഒരു ബന്ദിന്റെ ദിനത്തില്‍ നടന്ന വിവാഹം കഴിഞ്ഞ് വധൂവരന്മാര്‍ വിമാനമാര്‍ഗ്ഗത്തില്‍ എറണാകുളത്തുനിന്ന് കോഴിക്കോട്ടെത്തിയത് അന്ന് വാര്‍ത്തയായിരുന്നു.
പഠിക്കാന്‍ പ്രത്യേകിച്ച് സാമര്‍ത്ഥ്യമൊന്നും അനീസ് കാട്ടിയിരുന്നില്ല. മക്കളുടെ വിദ്യാഭ്യാസ കാര്യത്തില്‍ പ്രത്യേകിച്ചൊരു ശ്രദ്ധ ബഷീറും ചെയ്തില്ല. പക്ഷേ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് പഠന രംഗത്ത് മകന്‍ തീരെ മോശമായെന്നറിഞ്ഞ് അദ്ദേഹം മകനെ ഉപദേശിക്കുന്നുണ്ട്.
ഒരിക്കലും പ്രസിദ്ധനായ പിതാവിന് താന്‍ കാരണം ചീത്തപ്പേരു വരാതിരിക്കാന്‍ അനീസ് ശ്രദ്ധിച്ചു. ബാപ്പയുടെ സ്‌നേഹവാത്സല്യങ്ങള്‍ ഏറെ അനുഭവിച്ചു വളര്‍ന്ന ഈ മകന്‍ വൈക്കം മുഹമ്മദ് ബഷീര്‍ എന്ന മഹാസാഹിത്യകാരന്റെ മകന്‍ എന്നതില്‍ അങ്ങേയറ്റം തൃപ്തികൊള്ളുന്നു.
അസ്ഹര്‍ കോട്ടേജ്
വൈക്കത്തു തലയോലപ്പറമ്പില്‍, ജനിച്ച നാട്ടില്‍ത്തന്നെ ഒരുവീടു സ്വന്തമാക്കി ജീവിക്കുന്നതായിരുന്നു ബഷീറിനിഷ്ടം. അതാണ് അസ്ഹര്‍ കോട്ടേജ്. എറണാകുളത്തെ ബഷീര്‍ബുക്ക്സ്റ്റാള്‍ നാഷണല്‍ ബുക്ക്സ്റ്റാളിന് വിറ്റുകിട്ടിയ പണം കൊണ്ട് വാങ്ങിയതാണ് ഈ സ്ഥലം.
കന്യാകുമാരി മുതല്‍ ഡല്‍ഹിവരെ കിടക്കുന്ന റോഡിനരികില്‍ വെളുത്ത തോര്‍ത്ത് വിരിച്ചിട്ടതുപോലെ കിടക്കുന്ന സ്ഥലം എന്നാണ് ബഷീര്‍ പറഞ്ഞിട്ടുള്ളത്.
ഈജിപ്തിലെ കെയ്‌റോ നഗരത്തിലെ ആയിരത്തിഅഞ്ഞൂറോളം വര്‍ഷം പഴക്കമുള്ള മുസ്‌ലീം യൂണിവേഴ്‌സിറ്റിയുടെ പേരാണ് അസ്ഹര്‍ യൂണിവേഴ്‌സിറ്റി എന്നത്. ആ പേര് നല്‍കിയ തന്റെ വീട്ടില്‍വച്ചായിരുന്നു ഭാര്‍ഗ്ഗവീനിലയം തിരക്കഥ ബഷീര്‍ എഴുതിയത്. പി.ജെ.ആന്റണി, പ്രേംനസീര്‍, പി.ഭാസ്‌കരന്‍ , വിന്‍സെന്റ് എന്നിവര്‍ അന്ന് അവിടുത്തെ സ്ഥിരം സന്ദര്‍ശകരായിരുന്നു.
ആ പറമ്പില്‍ കല്ലുവെട്ടിയെടുത്ത വളരെ വലിയ ഒരു കുഴിയുണ്ടായിരുന്നു. അദ്ദേഹം ധാരാളം കാശുമുടക്കി ആ കുഴിനികത്തി. മറ്റു മിനുക്കുപണികള്‍ നടത്തി. ആദ്യം ഒരുമുറിമാത്രം പണിതു. തുടര്‍ന്ന് ക്രമേണ വികസിപ്പിച്ചു. ആ വീടിന്റെ മുറ്റം ചരല്‍ വിരിച്ചു. ചെടികള്‍നട്ടു. പറമ്പില്‍ വാഴ തുടങ്ങിയവ വച്ചുപിടിപ്പിച്ചു കൂടുതല്‍ ആകര്‍ഷണീയമാക്കി.
ബഷീറിനും ഫാബിക്കും ഒരുപോലെ ആ കൊച്ചുവീട് പ്രിയതരമായിരുന്നു. അവരുടെ വിവാഹജീവിതത്തിന്റെ തുടക്കം അവിടെ നിന്നുമായിരുന്നു.
പക്ഷേ അവിടുത്തെ ജീവിതം നീണ്ടു നിന്നില്ല. 1962 ല്‍ പാലുകാച്ചല്‍ ചടങ്ങ് നടത്തിയ ആ വീട് വില്‍ക്കേണ്ടിവന്നു. പന്ത്രണ്ടു സെന്റ് സ്ഥലത്തിനുള്ളിലായിരുന്നു ആ വീട്. ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ ഹോര്‍മീസിനാണതു വിറ്റത്. വളരെ കുറഞ്ഞ വിലയ്ക്ക്. എന്നാല്‍ ബഷീറിന്റെ സുഹൃത്തായ അദ്ദേഹം കെട്ടിടം ബാങ്കിന്റെ ശാഖയാക്കി മാറ്റി. എങ്കിലും ബഷീറിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ ഫെഡറല്‍ നിലയം എന്നു പേരു നല്‍കി. ബഷീര്‍ ഉപയോഗിച്ചിരുന്ന പല വസ്തുക്കളും അവിടെ സൂക്ഷിച്ചു. ബാങ്കിന്റെ ചുവരില്‍ ഇരുവരും സംസാരിച്ചുനില്‍ക്കുന്ന ചിത്രവും തൂക്കി.
മാങ്കോസ്റ്റിന്‍ മരം
അവിടെ നിന്നും കോഴിക്കോട് ചെറുവണ്ണൂരിലുള്ള ഫാബിയുടെ വീട്ടിലാണ് ബഷീറും കുടുംബവും താമസിച്ചത്. എന്നിട്ട് ബേപ്പൂരിലെ വൈലാലില്‍ വീടും പറമ്പും വാങ്ങി. പഴയ വീടായിരുന്നു അത്. രണ്ടേക്കര്‍ പറമ്പുണ്ടായിരുന്നു. നാനാവിധത്തില്‍പ്പെട്ട വൃക്ഷങ്ങള്‍, പക്ഷിമൃഗാദികള്‍, ഇഴജന്തുക്കള്‍ എന്നിവ നിറഞ്ഞതായിരുന്നു പറമ്പ്. അന്ത്യംവരെ ബഷീര്‍ താമസിച്ചിരുന്നത് ഇവിടെത്തന്നെ.
അവിടെ വന്നതോടെ ബഷീറിന്റെ ജീവിതം മറ്റൊരു ദിശയിലേക്കായി. സന്ദര്‍ശകരും ആരാധകരും എപ്പോഴും കാണും. അവരോടൊപ്പം പുറത്തുപോയി സമ്മേളിച്ചിട്ട് വരുമ്പോള്‍ രാത്രി വളരെ വൈകും.
അവിടെ മാങ്കോസ്റ്റിന്‍ മരച്ചുവട്ടിലിരുന്ന് ആഗതരുമായി അദ്ദേഹം വിശേഷങ്ങള്‍ കൈമാറി. സാഹിത്യനായകന്മാരും ഉന്നതസ്ഥാനീയരും മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ സന്ദര്‍ശകര്‍. സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ളവര്‍ അവിടെ എപ്പോഴും വന്നിരുന്നു. അങ്ങനെ വൈക്കം മുഹമ്മദ് ബഷീര്‍ വാര്‍ത്തകളില്‍ എപ്പോഴും നിറഞ്ഞു നിന്നു. ബഷീര്‍ ബേപ്പൂര്‍ സുല്‍ത്താനായി.
ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയതും ഈ വീടിന്റെ പശ്ചാത്തലത്തില്‍ത്തന്നെ. നിരവധി അവാര്‍ഡുകള്‍, ഫെല്ലോഷിപ്പുകള്‍, ഡോക്ടറേറ്റ്, പത്മശ്രീ എന്നിവ. ഇവയെല്ലാം അദ്ദേഹത്തിന്റെ പ്രഗല്ഭ്യത്തിന്റെ അംഗീകാരം മാത്രം.
ഒരു സാധാരണ മുസ്‌ലീം കുടുംബത്തില്‍ ജനിച്ചയാളാണു ബഷീര്‍. സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ളയാള്‍. എന്നിട്ടും ഉയര്‍ച്ചയുടെ പടവുകള്‍താണ്ടി. വായനയും ദേശാടനവും നല്‍കിയതാണ് അദ്ദേഹത്തിന്റെ അറിവിന്റെ അടിസ്ഥാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."