നിയന്ത്രണം നീളും; ഇളവില്‍ തീരുമാനം ഇന്ന്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീണ്ടേക്കും. സംസ്ഥാനത്ത് പൊതുവിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള വടക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ചും പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനമാനിച്ചു. എന്തെല്ലാം ഇളവുകള്‍ വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഇന്ന് കലക്ടര്‍മാരുടെ യോഗം വിളിച്ചു. വൈകിട്ട് മൂന്നരയ്ക്കുള്ള യോഗശേഷം വാര്‍ത്താസമ്മേളനത്തിലാവും ലോക്ക്ഡൗണ്‍ നിയന്ത്രണം എങ്ങനെയെന്ന് മുഖ്യമന്ത്രി വിശദീകരിക്കുക.
ടെസ്റ്റുകള്‍ കൂട്ടിയതാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടാന്‍ കാരണമെന്ന് വിദഗ്ധ സമിതി യോഗത്തില്‍ അഭിപ്രായപ്പെട്ടു.
നിലവിലെ സ്ഥിതി ആശങ്കാജനകമല്ല, എന്നാല്‍ ജാഗ്രത വേണം. നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് പൊലിസും ആരോഗ്യവകുപ്പും ആവശ്യപ്പെട്ടത്.
കൊവിഡ് വ്യാപനം തടയാനുള്ള സജ്ജീകരണങ്ങള്‍ വിലയിരുത്താനായി കേന്ദ്രസംഘം ഇന്നലെ രാവിലെ എത്തി. കേരളത്തിലെ ചികിത്സാ സൗകര്യങ്ങളടക്കം പരിശോധിക്കാനെത്തിയ സംഘം മൂന്നാംതരംഗം മുന്‍കൂട്ടി കണ്ട് ജാഗ്രതയോടെ നടപടികളെടുക്കണമെന്ന് ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി. തിരുവനന്തപുരത്തെ ചികിത്സാ സൗകര്യങ്ങള്‍ പരിശോധിച്ച സംഘം തൃപ്തി രേഖപ്പെടുത്തി.
സംസ്ഥാനത്തെ രോഗബാധിതരുടെ സമ്പര്‍ക്കപട്ടിക കണ്ടെത്തുന്നത് ശക്തമാക്കണമെന്ന് കേന്ദ്രസംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവുവന്നാല്‍ കേസുകള്‍ കൂടും. കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് നല്‍കിയ ഇളവുകളെത്തുടര്‍ന്നായിരുന്നു കേസുകള്‍ കൂടിയതെന്ന് കേന്ദ്രസംഘം മുന്നറിയിപ്പ് നല്‍കുന്നു. ഈ വര്‍ഷവും ഓണാഘോഷക്കാലത്ത് ഇതേ സാഹചര്യമാകും ഉണ്ടാവുക. കേസുകള്‍ കൂടാതിരിക്കാന്‍ നല്ല ജാഗ്രത വേണമെന്നും കേന്ദ്രസംഘം നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."