കേരളത്തിലെ 2 സ്‌കൂളുകള്‍ ഉള്‍പ്പെടെ 20 സി.ബി.എസ്.ഇ സ്‌കൂളുകളുടെ അഫിലിയേഷന്‍ റദ്ദാക്കി
ന്യൂഡല്‍ഹി: പരിശോധനയില്‍ വിവിധ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കേരളത്തിലെ രണ്ടെണ്ണമടക്കം രാജ്യത്തെ 20 സ്‌കൂളുകളുടെ അഫിലിയേഷന്‍ സി.ബി.എസ്.ഇ. റദ്ദാക്കി. മലപ്പുറം പീവീസ് പബ്ലിക് സ്‌കൂള്‍, തിരുവനന്തപുരം മദര്‍ തെരേസ മെമ്മോറിയല്‍ സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവയ്ക്കാണ് അംഗീകാരം നഷ്ടപ്പെട്ടത്.
സി.ബി.എസ്.ഇ മാനദണ്ഡങ്ങള്‍ അനുസരിച്ചാണോ ബോര്‍ഡിനു കീഴിലുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നറിയാന്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. പരിശോധനാവേളയില്‍ വ്യാജ വിദ്യാര്‍ഥികളെ ഹാജരാക്കുക, യോഗ്യതയില്ലാത്തവര്‍ക്ക് പ്രവേശനം നല്‍കുക, രേഖകള്‍ കൃത്യമായി സൂക്ഷിക്കാതിരിക്കുക തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തിയാണ് സ്‌കൂളുകളുടെ അഫിലിയേഷന്‍ റദ്ദാക്കിയത്.
ഡല്‍ഹിയിലെ 5 സ്‌കൂളുകളും യു.പിയിലെ മൂന്ന് സ്‌കൂളുകളും രാജസ്ഥാന്‍, മഹാരാഷ്ട്ര, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ 2 വീതം സ്‌കൂളുകള്‍ക്കുമെതിരെയാണ് നടപടിയെടുത്തത്. ജമ്മുകശ്മീര്‍, ദെഹ്‌റാദൂണ്‍, അസം, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ഓരോ വീതം സ്‌കൂളുകളുടെയും അംഗീകാരം റദ്ദാക്കി. രാജ്യത്തെ 3 സ്‌കൂളുകള്‍ക്കെതിരെ തരംതാഴ്ത്തല്‍ നടപടിയും സ്വീകരിച്ചിട്ടുണ്ട്. അഫിലിയേഷന്‍, പരീക്ഷാ ബൈലോ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചതിനാണ് ഈ സ്‌കൂളുകളുടെ ഗ്രേഡ് തരംതാഴ്ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."