എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം; 19 വരെ ഓപ്ഷൻ സമർപ്പിക്കാം
തിരുവനന്തപുരം • സംസ്ഥാനത്തെ എൻജിനീയറിങ് (ബി.ടെക്), ആർക്കിടെക്ചർ (ബി.ആർക്) കോഴ്‌സുകളിൽ പ്രവേശനത്തിന് ഈ മാസം 19ന് രാവിലെ 10 വരെ ഓപ്ഷൻ സമർപ്പിക്കാം. www.cee.kerala.gov.in വെബ്‌സൈറ്റിലൂടെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.
ഈ ഘട്ടത്തിൽ ലഭ്യമാക്കിയ ഓപ്ഷനുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. ലഭ്യമായ ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ ഈ മാസം 18ന് ട്രയൽ അലോട്ട്‌മെൻറ് പ്രസിദ്ധീകരിക്കും. പ്രവേശന സാധ്യത സൂചിപ്പിക്കുന്നതായിരിക്കും ട്രയൽ അലോട്ട്‌മെൻറ്. 20ന് ആദ്യ അലോട്ട്‌മെൻറ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെൻറ് ലഭിച്ചവർ 22 മുതൽ 26ന് വൈകീട്ട് നാലുവരെ അലോട്ട്‌മെൻറ് മെമ്മോയിൽ രേഖപ്പെടുത്തിയതും പ്രവേശന പരീക്ഷ കമ്മിഷണർക്ക് അടക്കേണ്ടതുമായ തുക കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫിസ് വഴിയോ ഓൺലൈൻ പേമെൻറ് മുഖാന്തരമോ ഒടുക്കണം.
ഈ സമയത്തിനകം ഫീസ് ഒടുക്കാത്ത വിദ്യാർഥികളുടെ അലോട്ട്‌മെന്റും ബന്ധപ്പെട്ട സ്ട്രീമിൽ നിലവിലുള്ള ഹയർ ഓപ്ഷനുകളും റദ്ദാകും. റദ്ദാകുന്ന ഓപ്ഷനുകൾ പിന്നീട് പുനഃസ്ഥാപിക്കില്ല. തുടർന്നുള്ള അലോട്ട്‌മെൻറുകളുടെ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.
പ്രവേശനം ആഗ്രഹിക്കുന്ന ഒരു കോഴ്‌സ് ബ്രാഞ്ചും കോളജും ചേർന്നതാണ് ഒരു ഓപ്ഷൻ. വിദ്യാർഥി പ്രവേശനം ആഗ്രഹിക്കുന്ന കോഴ്‌സും കോളജും മുൻഗണന ക്രമത്തിലാണ് ഓപ്ഷനായി നൽകേണ്ടത്. എത്ര ഓപ്ഷനുകളും സമർപ്പിക്കാം. അലോട്ട്‌മെന്റ് ലഭിച്ചാൽ പ്രവേശനം നേടുമെന്ന് ഉറപ്പുള്ള കോളജും കോഴ്‌സും മാത്രമേ ഓപ്ഷനായി സമർപ്പിക്കാനാകൂ. ആദ്യഘട്ടത്തിൽ ലഭ്യമായ കോഴ്‌സുകളിലേക്ക് പിന്നീടുള്ള ഘട്ടത്തിൽ ഓപ്ഷൻ സമർപ്പിക്കാനാകില്ല. മുൻഗണനാ ക്രമത്തിൽ നൽകുന്ന ഓപ്ഷനുകളിൽ ഒന്നിലേക്ക് അലോട്ട്‌മെൻറ് ലഭിച്ചാൽ അതിലേക്ക് ഫീസടച്ച് പ്രവേശനം ഉറപ്പാക്കണം. അലോട്ട്‌മെൻറ് ലഭിക്കുന്ന ഓപ്ഷന് താഴെയുള്ള ഓപ്ഷനുകൾ റദ്ദാകും. അലോട്ട്‌മെൻറ് ലഭിക്കുന്ന ഓപ്ഷന് മുകളിലുള്ള ഓപ്ഷനുകൾ ഉയർന്ന ഓപ്ഷനുകളായി അടുത്തഘട്ടത്തിലേക്ക് പരിഗണിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."