HOME
DETAILS
MAL
സുപ്രഭാതം നിവര്‍ന്നുനിന്നുതന്നെ ശബ്ദിക്കും
backup
July 11 2021 | 03:07 AM
സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍/
ശഫീഖ് പന്നൂര്‍
സുപ്രഭാതം വിജയകരമായി ഏഴു വര്‍ഷം പിന്നിട്ടിരിക്കുന്നു. വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ടാണ് ഈ വിജയം നേടിയത്. ചെയര്‍മാന്‍ ഈ നേട്ടത്തെ എങ്ങനെ വിലയിരുത്തുന്നു?
ഏഴു വര്‍ഷം പിന്നിട്ട് എട്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ് സുപ്രഭാതം. കുറഞ്ഞ കാലംകൊണ്ടുതന്നെ കേരളത്തിലെ ഏറ്റവും നല്ല പത്രങ്ങളിലൊന്നായി കേരള സമൂഹം ഇതിനെ അംഗീകരിച്ചു എന്നതു തന്നെയാണ് സുപ്രഭാതത്തിന്റെ ഏറ്റവും വലിയ നേട്ടം. കേരളത്തില്‍ നിരവധി പ്രസിദ്ധീകരണങ്ങളുണ്ട്; പത്രങ്ങളായും മാഗസിനുകളായും. യഥാര്‍ഥ മാധ്യമ ധര്‍മം പാലിക്കുന്ന പത്രമാണ് സുപ്രഭാതം. ആരെയും മുഖം നോക്കാതെ, ആരെയും സുഖിപ്പിക്കാനുമില്ലാതെ വാര്‍ത്തകളെ നിഷ്പക്ഷമായി മാത്രം സമീപിക്കുന്ന പത്രം. സത്യത്തിനു മാത്രമാണ് വാര്‍ത്തകള്‍ നല്‍കുമ്പോള്‍ സുപ്രഭാതം പരിഗണന നല്‍കുന്നത്. ഈ കാഴ്ചപ്പാടിലൂടെയുള്ള സുപ്രഭാതത്തിന്റെ ഏഴു വര്‍ഷങ്ങള്‍ വിജയത്തിന്റെ കൂടി ഏഴു വര്‍ഷങ്ങളായിരുന്നു. സുപ്രഭാതത്തിന്റെ വിജയ രഹസ്യം, കേരളത്തിലെ ജനങ്ങളും വായനക്കാരും ഇത് ഏറ്റെടുത്തു എന്നതാണ്. അതോടൊപ്പം സുപ്രഭാതം കുടുംബത്തിന്റെ നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങളും ഈ വിജയത്തിനു പിന്നിലുണ്ട്. മാനേജ്‌മെന്റ്, പത്രപ്രവര്‍ത്തകര്‍, മറ്റു ജീവനക്കാര്‍, വിതരണക്കാര്‍ തുടങ്ങിയവര്‍ ജോലി എന്നതിലുപരിയായി പത്രത്തിന്റെ വിജയത്തിനായി നടത്തിയ പരിശ്രമത്തിന്റെ വിജയം കൂടിയാണ് സുപ്രഭാതം.
സുപ്രഭാതം പിന്നിട്ട ഏഴു വര്‍ഷങ്ങള്‍ ഇന്ത്യയിലെ മുസ്‌ലിം, ദലിത് ന്യൂനപക്ഷ സമൂഹം വലിയ പ്രതിസന്ധികള്‍ നേരിട്ട കാലമായിരുന്നു. മുത്വലാഖ്, പൗരത്വ ബില്‍, സംവരണം, ആള്‍ക്കൂട്ടക്കൊല, ന്യൂനപക്ഷ വേട്ട ഇങ്ങനെ പലതും. ഈ വിഷയങ്ങളില്‍ സുപ്രഭാതം നടത്തിയ ഇടപെടലുകളെ എങ്ങനെ കാണുന്നു?
സുപ്രഭാതം ഒരു പ്രത്യേക വിഭാഗത്തിന്റെയോ പാര്‍ട്ടിയുടെയോ വിഷയങ്ങളും വാര്‍ത്തകളും മാത്രം പ്രസിദ്ധീകരിക്കുന്ന പത്രമല്ല. രാജ്യത്തും പുറത്തും നമ്മുടെ ചുറ്റുപാടും നടക്കുന്ന സംഭവങ്ങളെയും വാര്‍ത്തകളെയും സത്യസന്ധമായി സമീപിക്കുന്ന രീതിയാണ് നാളിതുവരെ അവലംബിച്ചത്. വാര്‍ത്തകള്‍ തിരുത്തിനല്‍കേണ്ട അവസ്ഥ സുപ്രഭാതത്തിനുണ്ടാവാറില്ല. കാരണം വിഷയങ്ങളുടെ അടിസ്ഥാനം അറിഞ്ഞ ശേഷമാണ് പത്രം വാര്‍ത്തകള്‍ നല്‍കാറുള്ളത്. വാര്‍ത്തകള്‍ വസ്തുതാപരമാവണം എന്നു നിര്‍ബന്ധമാണ്. എല്ലാ സമുദായങ്ങളുടെയും വിഷയങ്ങളും വാര്‍ത്തകളും പ്രധാന്യമനുസരിച്ച് സുപ്രഭാതം നല്‍കാറുണ്ട്. സുന്നീ സമൂഹത്തിന്റെയും അതില്‍ തന്നെ ഭൂരിപക്ഷ സമൂഹമായ സമസ്തയുടെയും സുന്നീയിതര സംഘടനകളുടെയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും വാര്‍ത്തകള്‍ നല്‍കുക എന്നതാണ് സുപ്രഭാതത്തിന്റെ സമീപനം. സമസ്തയുടെയും പോഷകസംഘനകളുടെയും വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കാറുണ്ട്. സമസ്തയെ ശക്തിപ്പെടുത്തുന്ന പാര്‍ട്ടിയുടെ വാര്‍ത്തയ്ക്ക് കൂടുതല്‍ പ്രധാന്യം നല്‍കാറുണ്ട്.
കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷം പല പ്രശ്‌നങ്ങളും നമ്മുടെ സമൂഹം നേരിട്ടിട്ടുണ്ട്; മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന മുത്വലാഖ്, രാജ്യത്തെ മൊത്തമായി ബാധിക്കുന്ന പൗരത്വ പ്രശ്‌നം, നിപ, കൊവിഡ്, പ്രളയം പോലുള്ള മഹാമാരി ഉയര്‍ത്തിയ വെല്ലുവിളി. സമസ്തയും പോഷക സംഘടനകളും സുപ്രഭാതവും ഈ വിഷയങ്ങളിലെല്ലാം ശക്തമായി ഇടപെട്ടിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിക്കാവുന്ന മേഖലകളിലെല്ലാം സഹകരിച്ചാണ് സമസ്തയും സുപ്രഭാതവും പ്രവര്‍ത്തിച്ചത്. പൗരത്വ പ്രശ്‌നത്തില്‍ സമരത്തിന്റെ മുന്നില്‍തന്നെ സമസ്തയുണ്ടായിരുന്നു. ഈ ഘട്ടങ്ങളിലെല്ലാം വിഷയങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാനും സര്‍ക്കാരിന്റെ മുന്നില്‍ എത്തിക്കാനും സുപ്രഭാതത്തിനു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് സുപ്രഭാതത്തെ ജനങ്ങള്‍ അംഗീകരിച്ചത്. വിശ്വസിക്കാന്‍ പറ്റുന്ന ഒരു പത്രമാണെന്ന ബോധ്യം ജനങ്ങള്‍ക്കുണ്ട്. അതിനാല്‍ ഈ പത്രത്തെ ജനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.
സുപ്രഭാതത്തിനെതിരേ ചില വിമര്‍ശനങ്ങളും ഉയരാറുണ്ട്. പല രാഷ്ട്രീയ പാര്‍ട്ടികളുടെയും വാര്‍ത്തകളും പരസ്യങ്ങളും നല്‍കുന്നുണ്ട് എന്നതാണ് പ്രധാന വിമര്‍ശനങ്ങളിലൊന്ന്. പ്രതികരണം?
വിമര്‍ശനങ്ങള്‍ എപ്പോഴും സ്വാഗതാര്‍ഹമാണ്. വിമര്‍ശനങ്ങളില്‍ക്കൂടിയായിരിക്കും വളര്‍ച്ചയുമുണ്ടാവുക. ചില വിമര്‍ശനങ്ങള്‍ പരിശോധിച്ചു പരിഹാരം കാണേണ്ടതായിരിക്കും. ചില വിമര്‍ശനങ്ങള്‍ തള്ളപ്പെടേണ്ടതായിരിക്കും. സമസ്ത ഒരു മത സംഘടനയാണ്. അതോടൊപ്പം സമൂഹത്തെ ബാധിക്കുന്ന പൊതുപ്രശ്‌നങ്ങളിലും സമസ്ത ഇടപെടാറുണ്ട്. പൗരത്വ പ്രശ്‌നം, ചാരിറ്റി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ സമസ്തയും സുപ്രഭാതവും ഇടപെടാറുണ്ട്. നേരത്തെ സൂചിപ്പിച്ച പോലെ ഈ ഘട്ടങ്ങളിലെല്ലാം നിഷ്പക്ഷമായി വാര്‍ത്തകളെ സമീപിക്കുക എന്നതാണ് പത്രത്തിന്റെ നിലപാട്. അതില്‍ ഏത് രാഷ്ട്രീയ പാര്‍ട്ടി എന്ന് സുപ്രഭാതം നോക്കാറില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായങ്ങളും അവരോടു ബന്ധപ്പെട്ട കാര്യങ്ങളും വാര്‍ത്തകളായും വിശകലനങ്ങളായും നല്‍കാറുണ്ട്.
ഓരോ രാഷ്ട്രീയ പാര്‍ട്ടിയെ സംബന്ധിച്ചും പല ആരോപണങ്ങളുമുണ്ടാവും. ചിലര്‍ക്ക് ചിലത് ഇഷ്ടപ്പെട്ടുകൊള്ളണമെന്നില്ല. കാര്യങ്ങള്‍ മറച്ചുവയ്ക്കുക എന്നത് മാധ്യമ ധര്‍മമല്ല. വെളിപ്പെടുത്താന്‍ പറ്റുന്നത് വെളിപ്പെടുത്തണം. സമസ്തയെ എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയായാലും ഭരണപക്ഷമായാലും പ്രതിപക്ഷമായാലും എല്ലാവരുടെയും വാര്‍ത്തകള്‍ നാം നല്‍കാറുണ്ട്. അത് മാധ്യമധര്‍മം എന്ന നിലയിലാണ്. ഏതൊരു പാര്‍ട്ടിക്കായാലും, അനുകൂലമോ പ്രതികൂലമോ ആയി വാര്‍ത്ത നല്‍കുന്നത് മാധ്യമധര്‍മം എന്ന നിലയിലാണ്. അല്ലാതെ, അവരോടുള്ള യോജിപ്പിന്റെയും വിയോജിപ്പിന്റെയും അടിസ്ഥാനത്തിലല്ല. ഈ സമീപനം വിമര്‍ശിക്കപ്പെടേണ്ടതില്ല. വിമര്‍ശിക്കുന്നവര്‍ക്ക് എന്തും വിമര്‍ശിക്കാം. ആ വിമര്‍ശനത്തെ കേരളത്തിലെ ജനങ്ങള്‍ ഉള്‍ക്കൊണ്ടിട്ടില്ല. സുപ്രഭാതത്തെ കേരളത്തിലെ ജനങ്ങള്‍ക്കറിയാം. പത്രത്തിന്റെ നടത്തിപ്പുകാര്‍ മാത്രമല്ല, രാജ്യത്തെ എല്ലാ ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും അംഗീകരിച്ചതാണീ കാര്യം. വിമര്‍ശകര്‍ പത്രധര്‍മം എന്താണെന്ന് മനസിലാക്കാത്തവരായിരിക്കും എന്നാണ് എന്റെ അഭിപ്രായം.
വാര്‍ത്തകളെ സമീപിക്കുന്ന രീതിയിലും നിലപാടിലും സുപ്രഭാതം വല്ല മാറ്റങ്ങളും ഉദ്ദേശിക്കുന്നുണ്ടോ?
സമസ്തയുടെ ഉന്നതരായ പണ്ഡിതര്‍ ആലോചിച്ച് രൂപപ്പെടുത്തിയതാണ് സുപ്രഭാതത്തിന്റെ നയങ്ങളും നിലപാടും. ഏതു രാഷ്ട്രീയ പാര്‍ട്ടിയും ശ്രദ്ധിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന സംഘടനയായി സമസ്തയും പോഷക സംഘടനകളും മാറിയതിന്റെ പിന്നില്‍ സുപ്രഭാതത്തിനു വലിയ പങ്കുണ്ട്. സുപ്രഭാതത്തിന്റെ തുടക്കത്തില്‍ മഹാന്മാരായ നേതാക്കള്‍ സ്വീകരിച്ച നയമാണിത്. സമസ്തയെ ശക്തിപ്പെടുത്തുന്ന നിലപാട് മാത്രമാണ് സുപ്രഭാതം നാളിതുവരെ സ്വീകരിച്ചതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്. സമസ്തക്കും സമസ്തയുടെ നിലപാടിനും പോറലേല്‍ക്കുന്ന ഒരു വാര്‍ത്തയും ഇന്നേവരെ സുപ്രഭാതത്തില്‍ വന്നിട്ടില്ല. ഇനി വരികയുമില്ല. സമസ്തയുടെ നേതൃത്വത്തിലുള്ള പത്രം എന്ന നിലയില്‍ സമസ്തയുടെ വളര്‍ച്ചക്കും പുരോഗതിക്കും വേണ്ടിയാണ് ഈ പത്രം എന്നും നിലകൊള്ളുക. എന്നാല്‍ അതോടൊപ്പം ഒരു പൊതുപത്രവും കൂടിയാണ്. അത് അങ്ങനെത്തന്നെ തുടരുകയും ചെയ്യും.
സുപ്രഭാതം കാംപയിന്‍ വരികയാണ്. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നല്‍കാനുള്ള നിര്‍ദേശം?
സുപ്രഭാതത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചവരാണ് സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കളും പ്രവര്‍ത്തകരും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്, എസ്.വൈ.എസ്, സുന്നി മഹല്ല് ഫെഡറേഷന്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍, എസ്.കെ.എസ്.എസ്.എഫ്, സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍, സമസ്ത എംപ്ലോയീസ് അസോസിയേഷന്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഖുതബാഅ്, സമസ്ത ലീഗല്‍ സെല്‍, സമസ്ത കേരള സുന്നി ബാലവേദി, സമസ്ത പ്രവാസി സെല്‍, സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി തുടങ്ങിയ പോഷക സംഘടനകളും മറ്റു വിദേശരാജ്യങ്ങളിലെ ഇസ്‌ലാമിക് സെന്ററുകളും കൂട്ടായ്മകളും അഹോരാത്രം പരിശ്രമിച്ചതിന്റെ ഫലമായാണ് ഈ വിജയം നമുക്കുണ്ടായത്. ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 10 വരെ നടക്കുന്ന കാംപയിനിലും എല്ലാവരുടെയും പിന്തുണയും പരിശ്രമവും ഉണ്ടാവണം എന്നാണ് ഞങ്ങളുടെ അഭ്യര്‍ഥന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."