പോപുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും എന്‍.ഐ.എ രാജ്യ വ്യാപക റെയ്ഡ്; നസ്‌റുദ്ധീന്‍ എളമരം ഉള്‍പെടെയുള്ളവര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാനത്തെ വിവിധ ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും എന്‍.ഐ.എയും ഇ.ഡിയും സംയുക്തമായി റെയ്ഡ് നടത്തുന്നു. ഇന്ന് പുലര്‍ച്ചെ നാലുമണി മുതലാണ് റെയ്ഡ് തുടങ്ങിയത്. 13 സംസ്ഥാനങ്ങളിലായാണ് റെയ്ഡ് നടക്കുന്നത്.
പോപുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി നസറുദ്ധീന്‍ എളമരത്തെയും തൃശൂരില്‍ സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെയും മുന്‍ ചെയര്‍മാന്‍ ഇ. അബൂബക്കറിനേയും കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ടെ സംസ്ഥാന ഓഫിസിലും കൊല്ലം മേഖലാ ഓഫിസിലും പത്തനംതിട്ട, മഞ്ചേരി, തിരുനന്തപുരം, കണ്ണൂര്‍, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്.
സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍ (കരുനാഗപള്ളി), ദേശീയ ജനറല്‍ സെക്രട്ടറി നസറുദ്ധീന്‍ എളമരം, ചെയര്‍മാന്‍ ഒ.എം.എ സലാം (മഞ്ചേരി), മുന്‍ നാഷണല്‍ കൗണ്‍സില്‍ അംഗം കരമന അശ്‌റഫ് മൗലവി, മുന്‍ ചെയര്‍മാന്‍ ഇ. അബൂബക്കര്‍ (കരുവന്‍പൊയില്‍), പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ്, സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍ തുടങ്ങിയവരുടെ വീട്ടിലും റെയ്ഡ് നടന്നു.
റെയ്ഡ് ഭരണകൂട ഭീകരതയെന്ന് ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ സത്താര്‍ പറഞ്ഞു. ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കാനും പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്തു. റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്നും പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."