യു.പിയിലും ഡല്‍ഹിയിലും കനത്ത മഴ; 13 മരണം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളിലും തുടര്‍ച്ചയായ രണ്ടാംദിനവും കനത്ത മഴ തുടരുന്നു. ഇടിമിന്നലിലും മഴക്കെടുതിയിലുമായി 13 പേര് മരിച്ചു. 11 പേര്‍ക്ക് പരുക്കേറ്റു. വീട് തകര്‍ന്നും മതിലിടിഞ്ഞും നിരവധി നാശനഷ്ടങ്ങളുണ്ടായി. യു.പി അലിഗഡില്‍ സ്കൂളുകള്‍ക്ക് അവധി നല്‍കുകയും ഫിറോസാബാദ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ കനത്ത മഴ ജനജീവിതത്തെ ബാധിക്കുകയും ചെയ്തു.
യു.പിയിലെ 10 ജില്ലകളില്‍ സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്കി. സര്‍ക്കാര്‍ ഓഫിസുകളിലെയും സ്വകാര്യ കമ്പനി-കോര്‍പറേറ്റ് ഓഫിസുകളിലെയും ജീവനക്കാരോട് വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയില്‍ വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകുന്നേരം അഞ്ചു വരെ 31.2 മില്ലി മീറ്റര്‍ മഴ പെയ്തു. മഴ ശക്തമായി തുടര്‍ന്നതോടെ നഗരത്തിലെ നിരവധി റോഡുകളില്‍ വെള്ളംനിറഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഗാസിയാബാദ്, നോയിഡ, ദാദ്രി, ഇന്ദിരാപുരം, ഗ്രേറ്റര്‍ നോയിഡ, ഗുഡ്ഗാവ്, ഫരീദാബാദ്, മനേസര്‍, ബല്ലാബര്ഗ്, യമുന നഗര്‍, കുരുക്ഷേത്ര തുടങ്ങിയ നഗരങ്ങളില്‍ കനത്ത മഴ പെയ്തു. ഗുഡ്ഗാവില്‍ രൂക്ഷമായ ഗതാഗത തടസ്സമാണ് നേരിടുന്നത്. മഴ ഇന്നു കൂടി തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പ്. ഡല്‍ഹി നഗരത്തിലെ മിക്കയിടങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."