ദുബായ് ഫിറ്റ്‌നസ് ചലഞ്ച് ഒക്‌ടോബര്‍ 28 മുതല്‍
ദുബായ്: ലോക ശ്രദ്ധയാകര്‍ഷിച്ച ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ (ഡിഎഫ്‌സി) ഏഴാമത് എഡിഷന്‍ ഒക്‌ടോബര്‍ 28ന് ആരംഭിക്കും. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആവിഷ്‌കരിച്ച് നടപ്പാക്കിയ ഈ ലോകോത്തര കായിക ക്ഷമതാ സംരംഭം ഒക്‌ടോബര്‍ 28 ശനിയാഴ്ച തുടക്കം കുറിച്ച് നവംബര്‍ 26 ഞായറാഴ്ച വരെ നീണ്ടുനില്‍ക്കുന്നതായിരിക്കും. 30 ദിവസത്തേക്ക് ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്ത് ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിക്കാന്‍ സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതാണിത്.
2017ല്‍ ആരംഭിച്ച ഫിറ്റ്‌നസ് ചലഞ്ച് ദുബായിലെ കരുത്തുറ്റ സ്‌പോര്‍ട്‌സ് സംരംഭമാണ്. കായിക ക്ഷമതക്കുള്ള അടിസ്ഥാന ഘടകങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ഈ വാര്‍ഷിക പ്രസ്ഥാനം സ്ഥിരം ആരോഗ്യ ശീലങ്ങള്‍ സ്വീകരിക്കാന്‍ ജനങ്ങളെ സഹായിക്കുന്നതാണ്.
കഴിഞ്ഞ വര്‍ഷത്തെ എഡിഷനില്‍ 2.2 മില്യണ്‍ പേര്‍ പങ്കെടുത്ത് റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ശൈഖ് സായിദ് റോഡില്‍ ഒരുക്കിയ ഫ്‌ളാഗ്ഷിപ് ഇവന്റായ ദുബായ് റൈഡില്‍ 35,000 സൈക്‌ളിസ്റ്റുകളും ദുബായ് റണ്ണില്‍ 193,000 ഓട്ടക്കാരും അണിനിരന്നിരുന്നു.
ഈ വര്‍ഷത്തെ ദുബായ് റൈഡ് നവംബര്‍ 12ന് ഞായറാഴ്ചയായിരിക്കും. ദുബായ് റണ്‍ ചലഞ്ച് നവംബര്‍ 26ന് ഞായറാഴ്ചയാണ് സമാപിക്കുക. രണ്ട് പരിപാടികളിലും ദുബായുടെ ഏറ്റവും ശ്രദ്ധേയമായ ശൈഖ് സായിദ് റോഡില്‍ ഓടുകയോ നടക്കുകയോ സൈക്കിള്‍ ചവിട്ടുകയോ ചെയ്യുന്നതാണ്.
അടുത്ത ഏതാനും ആഴ്ചകളില്‍ ഈ വര്‍ഷത്തെ ചലഞ്ചിന്റെ വിശദ വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."