കണ്ണനും രാധികമാരും നഗരം കൈയടക്കി വീഥികളെ വര്‍ണാഭമാക്കി ശോഭായാത്ര
കൊല്ലം: മഞ്ഞ പട്ടാടയും പീലിത്തിരുമുടിയും ഗോപിക്കുറിയും തൂമന്ദഹാസവുമായി ഉണ്ണികണ്ണന്മാരും രാധാഗോപികമാരും ഗ്രാമ-നഗരവീഥികളെ പുളകച്ചാര്‍ത്തണിയിച്ചു. ഉണ്ണിക്കണ്ണന്റെ പിറന്നാളാഘോഷം അക്ഷരാര്‍ത്ഥത്തില്‍ നഗരത്തെ അമ്പാടിയാക്കി. അമ്പാടികണ്ണന്മാരും കുസൃതിക്കണ്ണന്മാരും നഗരം കീഴടക്കിയപ്പോള്‍ കണ്ടുനിന്നവരുടെ മനസ് ദ്വാപരയുഗ സ്മരണയിലേക്ക് ചേക്കേറി. ശ്രീകൃഷ്ണന്റെ ജീവിതമുഹൂര്‍ത്തങ്ങള്‍ വിവരിച്ച് അണിനിരന്ന നൂറുകണക്കിന് ദൃശ്യങ്ങള്‍ കണ്ണിന് മിഴിവായി. ഭക്തിനിര്‍ഭരമായ ശോഭായാത്രകള്‍ ജാതിമതരാഷ്ട്രീയചിന്തകള്‍ക്ക് അതീതമായി ജനപങ്കാളിത്തം കൊണ്ടും അച്ചടക്കം കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.
കൊല്ലത്ത് ഏഴ് പ്രധാന കേന്ദ്രങ്ങളിലും എഴുപതോളം ഉപകേന്ദ്രങ്ങളിലും ഇരുനൂറോളം സ്ഥലങ്ങളിലും ശോഭയാത്ര നടന്നു.
കൊല്ലം നഗരത്തില്‍ കച്ചിക്കടവ്, പാപനാശം, പുതിയകാവ്, കപ്പലണ്ടിമുക്ക്, ഉളിയക്കോവില്‍, തേവള്ളി എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച ചെറുശോഭായാത്രകള്‍ കൊല്ലം നഗരത്തില്‍ സംഗമിച്ച് ലക്ഷ്മിനടയില്‍ മഹാശോഭായാത്രയായി ചിന്നക്കട വഴി പുതിയകാവ് ഭഗവതി ക്ഷേത്രത്തില്‍ സമാപിച്ചു.ബാലഗോകുലം ഭാരവാഹികളായ ആര്.ഗോപാലകൃഷ്ണന്, രാജു മുണ്ടയ്ക്കല്‍, ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ വി.മുരളീധരന്, സെന്തില്‍ ഓലയില്‍ ഗോപന് എന്നിവര്‍ നേതൃത്വം നല്കി. ശക്തികുളങ്ങര നഗരത്തിന്റെ ശോഭായാത്ര വിവിധ വഴികള്‍ സഞ്ചരിച്ച് വള്ളിക്കീഴില്‍ സമാപിച്ചു. കടവൂര്‍, കുരീപ്പുഴ മണ്ഡങ്ങളുടെ ശോഭായാത്ര തൃക്കടവൂര്‍ മഹാദേവര്‍ ക്ഷേത്രത്തിലും പ്രാക്കുളം മണ്ഡലത്തിന്റേത് ഗോസ്തലക്കാവിലും തൃപ്പനയത്തിന്റേത് തൃപ്പനയം ദേവീക്ഷേത്രത്തിലും സമാപിച്ചു. കരിക്കോട് നഗരത്തില്‍ മങ്ങാട് കിളികൊല്ലൂര്‍ മണ്ഡലങ്ങളുടെ ശോഭായാത്ര നടന്നു.
ചാത്തന്നൂര്‍ നഗരത്തില്‍പ്പെട്ട പാരിപ്പള്ളി, ശ്രീരാമപുരം, കല്ലുവാതുക്കല്‍, ചിറക്കര, വരിഞ്ഞം, ചാത്തന്നൂര്‍, ആദിച്ചനല്ലൂര്‍ എന്നി മണ്ഡലങ്ങളിലും ശോഭായാത്ര നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."