ഐക്യാഹ്വാനവുമായി ഡൽഹിയിലും ഹരിയാനയിലും പ്രതിപക്ഷ നീക്കം
ബി.ജെ.പി വിരുദ്ധ ചേരിയിൽ കോൺഗ്രസ് ഉണ്ടാകണമെന്ന് നിതീഷും ലാലുവും
ന്യൂഡൽഹി • 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി വിരുദ്ധ ചേരിക്ക് പുത്തനുണർവേകി ഡൽഹിയിലും ഹരിയാനയിലും തിരക്കിട്ട പ്രതിപക്ഷ നീക്കം.
2024ന് മുമ്പ് ബി.ജെ.പി വിരുദ്ധ വിശാല പ്രതിപക്ഷ കൂട്ടായ്മ രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാറും മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി അധ്യക്ഷനുമായ ലാലുപ്രസാദ് യാദവും കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.
ഇതേദിവസം തന്നെ ഹരിയാനയിൽ ബി.ജെ.പിയിതര കക്ഷികളുടെ നേതൃസംഗമവും നടന്നു. സംഗമത്തിൽ പങ്കെടുത്ത ശേഷമാണ് നിതീഷും ലാലുവും ഡൽഹിയിലെത്തി സോണിയയെ കണ്ടത്.
വൈകിട്ട് ആറുമണിയോടെ ലാലുവും നിതീഷും ജൻപഥിലെ സോണിയയുടെ വസതിയിലേക്ക് വരികയായിരുന്നു. പ്രതിപക്ഷത്തെ ശക്തിപ്പെടുത്താനാവശ്യമായ വിട്ടുവീഴ്ച കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ലാലുവും നിതീഷും സോണിയ ഗാന്ധിയോട് അഭ്യർഥിച്ചു.
വിവിധ കക്ഷികൾക്കിടയിൽ ആശയപരവും രാഷ്ട്രീയപരവുമായ ഭിന്നതകളുണ്ട്. എന്നാൽ, ബി.ജെ.പി വിരുദ്ധതയ്ക്ക് പ്രഥമ പരിഗണന നൽകി എല്ലാവരെയും ഒന്നിപ്പിക്കണമെന്ന നിർദേശമാണ് ഇരുവരും മുന്നോട്ടുവച്ചത്. കോൺഗ്രസിനോട് വിരോധമുള്ള പ്രാദേശിക കക്ഷികളെയും വിശാലചേരിക്കൊപ്പം നിർത്താൻ തടസം നിൽക്കരുതെന്നും ഇരുവരും സോണിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ടി.ആർ.എസ്, വൈ.എസ്.ആർ കോൺഗ്രസ്, ഐ.എൻ.എൽ.ഡി, ഇടതുമുന്നണിയിലെ മറ്റ് കക്ഷികൾ, സമാജ്‌വാദി പാർട്ടി, ബി.എസ്.പി, ബി.ജെ.ഡി, ജമ്മുകശ്മിർ പി.ഡി.പി, നാഷനൽ കോൺഫറൻസ് ഉൾപ്പെടെയുള്ള പാർട്ടികളെ പ്രതിപക്ഷ നിരയിലേക്ക് കൊണ്ടുവരുന്നതിനുള്ള അനുമതിയാണ് സോണിയയിൽ നിന്ന് തേടിയതെന്നാണ് വിവരം.
അഞ്ച് വർഷത്തിനുശേഷം ഇതാദ്യമായാണ് ദേശീയ രാഷ്ട്രീയത്തിലെ കരുത്തരായ മൂന്ന് കക്ഷി നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നത്.കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട നിതീഷും ലാലുവും, കോൺഗ്രസില്ലാതെ ബി.ജെ.പി വിരുദ്ധ ചേരി അസാധ്യമാണെന്ന് പറഞ്ഞു. ബി.ജെ.പിയെ ഇല്ലാതാക്കി രാജ്യത്തെ രക്ഷിക്കണമെന്ന് ലാലു പ്രസാദ് പറഞ്ഞു. കോൺഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടെത്തിയ ശേഷം ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ വീണ്ടും കൂടിക്കാഴ്ച നടത്താമെന്ന് സോണിയ അറിയിച്ചതായും ലാലു പറഞ്ഞു. രാജ്യപുരോഗതിക്കായി ഒന്നിക്കാൻ എല്ലാ കക്ഷികളോടും നിതീഷും ആഹ്വാനം ചെയ്തു.
നേരത്തെ ഹരിയാനയിലെ ഫത്തഹാബാദിൽ പിതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ചൗധരി ദേവിലാലിന്റെ 109ാം ജന്മദിനത്തിൽ ഐ.എൻ.എൽ.ഡി സ്ഥാപകൻ ഓംപ്രകാശ് ചൗതാല സംഘടിപ്പിച്ച റാലിയാണ് പ്രതിപക്ഷ നേതാക്കളുടെ സംഗമവേദിയായത്.
എൻ.സി.പി നേതാവ് ശരത് പവാർ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, ആർ.ജെ.ഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വിയാദവ്, ശിവസേന നേതാവ് അരവിന്ദ് സാവന്ത്, ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദൽ, നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല തുടങ്ങിയവർ പങ്കെടുത്തു. മമതാ ബാനർജി, ചന്ദ്രബാബു നായിഡു, ചന്ദ്രശേഖർ റാവു എന്നിവരെത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."