സര്‍ക്കാര്‍ പിടിവാശി വെടിഞ്ഞു വ്യാപാരികള്‍ കട തുറക്കല്‍ സമരം മാറ്റി
കോഴിക്കോട്: അതിജീവനത്തിനായി കട തുറന്നു സമരത്തിനിറങ്ങാനൊരുങ്ങിയ വ്യാപാരികളെ നേരിടുമെന്ന് ഭീഷണിപെടുത്തിയ സര്‍ക്കാര്‍ ഒടുവില്‍ പിടിവാശി വെടിഞ്ഞു. പ്രതിഷേധം കടുത്തതോടെ വ്യാപാരികളെ ചര്‍ച്ചയ്ക്ക് വിളിച്ച് മുഖ്യമന്ത്രി. ഇതോടെ നിയന്ത്രണം ലംഘിച്ച് ഇന്നുമുതല്‍ കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് വ്യാപാരികളും പിന്‍മാറി.
മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടുവിളിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് ഉറപ്പു നല്‍കിയെന്നും ഈ സാഹചര്യത്തില്‍ നിയന്ത്രണം ലംഘിച്ച് കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍മാറുകയാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ അറിയിച്ചു. നാളെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടക്കും. കൊവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ തുടരുന്ന നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്നും കടകള്‍ ഇന്നുമുതല്‍ തുറക്കുമെന്നും പ്രഖ്യാപിച്ച് കോഴിക്കോട്ടെ വ്യാപാരികള്‍ രംഗത്തുവന്നപ്പോള്‍ 'കട തുറന്നാല്‍ നേരിടാനറിയാ'മെന്ന മുഖ്യമന്ത്രിയുടെ മറുപടി കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സമസ്ത മേഖലകളില്‍ നിന്നും പ്രതിഷേധമുയരുകയും കടകള്‍ ഇന്നുമുതല്‍ തുറക്കുമെന്ന് വ്യാപാരികള്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് സര്‍ക്കാരിന്റെ മനംമാറ്റം.
അതിനിടെ കോഴിക്കോട് നഗരത്തില്‍ കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ വ്യാപാരികളുമായി ജില്ലാ കലക്ടര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. നിലവില്‍ ഒരു ദിവസം മാത്രമാണ് കോഴിക്കോട്ട് കടകള്‍ തുറക്കാന്‍ അനുമതിയുള്ളത്. ഇതോടെ ഇന്നുമുതല്‍ കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു വ്യാപാരികള്‍.
പെരുന്നാള്‍ ദിനം വരെ കടകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നും ബാക്കി കാര്യം ചര്‍ച്ചയിലൂടെ തീരുമാനിക്കാമെന്നുമായിരുന്നു വ്യാപാരികള്‍ നേരത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോവുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതായും നാളെ നടക്കുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും നസിറുദ്ദീന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."