സ്ത്രീശാക്തീകരണം നിഴല്‍രൂപങ്ങളോ?
എ.പി കുഞ്ഞാമു
കേരളം സ്ത്രീധനത്തിനെതിരില്‍ കടുത്ത പോരാട്ടത്തിലാണ്. പത്ര പരസ്യങ്ങളിലൂടെയും മറ്റു ബോധവല്‍ക്കരണ പരിപാടികളിലൂടെയും സ്ത്രീധനത്തിനെതിരായുള്ള പോരാട്ടം കടുപ്പിച്ചിരിക്കുന്നു സര്‍ക്കാര്‍. ആത്മഹത്യ ചെയ്ത വിസ്മയ എന്ന യുവതിയുടെ വീട് സന്ദര്‍ശിച്ചു സംസ്ഥാന ഗവര്‍ണര്‍. സ്ത്രീധനമെന്ന സാമൂഹ്യതിന്മയ്‌ക്കെതിരേ ജനമനസ്സാക്ഷിയെ ഉണര്‍ത്താന്‍ അദ്ദേഹം ഉപവാസമനുഷ്ഠിച്ചു. കേരളത്തിന്റെ പ്രബുദ്ധ പാരമ്പര്യത്തെ വെല്ലുവിളിക്കുകയാണ് ഈയിടെ സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടായ അത്യാചാരങ്ങള്‍ എന്ന കാര്യത്തില്‍ ആര്‍ക്കും ഇപ്പോള്‍ സംശയമില്ല. കേരളത്തിന്റെ സമൂഹ മനസ്സാക്ഷി ലജ്ജയോടെ തല കുനിച്ചു നില്‍പാണ്. നാം നാഴികക്ക് നാല്‍പ്പതു വട്ടം ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുന്ന കേരള മാതൃകയുടെ ഈടുറപ്പ് യാത്രയുടെ ഏത് ഘട്ടത്തിലാണ് ഉറക്കുത്തിപ്പോയത്?
സ്ത്രീശാക്തീകരണത്തിന്റെ കാര്യത്തില്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് എത്രയോ മേലെയാണ് കേരളം എന്ന മലയാളികളുടെ അവകാശവാദം ശരി തന്നെ. സ്ത്രീ വിദ്യാഭ്യാസം, തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ക്കുള്ള പ്രാതിനിധ്യം, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു ലഭ്യമാവുന്ന സാമൂഹ്യ സുരക്ഷിതത്വം, പൊതുജീവിതത്തിലും കുടുംബവ്യവസ്ഥയിലും സ്ത്രീകള്‍ക്ക് കൈവന്നിട്ടുള്ള അന്തസ്സ് - ഇതൊക്കെ വച്ചുനോക്കുമ്പോള്‍ മലയാളി സ്ത്രീകള്‍ക്ക് അല്‍പം പോലും തല താഴ്‌ത്തേണ്ടതില്ല. നിരന്തരമായ പ്രവര്‍ത്തനങ്ങളിലൂടെയും ബോധവല്‍ക്കരണങ്ങളിലൂടെയും കലാ സാഹിത്യോപാധികളിലൂടെയും മലയാളി സ്ത്രീകള്‍ കൈവശപ്പെടുത്തിയ അന്തസ്സാണിത്. അതൊക്കെ വെറും നിഴല്‍ രൂപങ്ങളായിരുന്നുവോ? ഇപ്പോഴത്തെ അവസ്ഥയില്‍ ഈ ചോദ്യം അസ്ഥാനത്തല്ല.
കണ്ടം ബെച്ച കോട്ട്
എത്ര കാലമായി നാം സ്ത്രീധനത്തിനെതിരായുള്ള യുദ്ധം തുടങ്ങിയിട്ട്. ഞാന്‍ ഓര്‍ക്കുന്നത് അറുപത്തിയഞ്ചു കൊല്ലങ്ങള്‍ക്കു മുന്‍പ് മലബാറിലങ്ങോളമിങ്ങോളം അരങ്ങേറിയ ഒരു സാമൂഹ്യ നാടകമാണ് ടി. മുഹമ്മദ് യൂസുഫിന്റെ കണ്ടം ബെച്ച കോട്ട്. 1956 ല്‍ മലബാര്‍ കേന്ദ്ര കലാസമിതി നടത്തിയ മത്സരത്തില്‍ ഈ നാടക രചനക്ക് ഒന്നാം സമ്മാനം നേടി. അഞ്ചു വര്‍ഷക്കാലം ഈ നാടകം നാട്ടില്‍പ്പലേടത്തും കളിച്ചു. 1960ല്‍ അത് സിനിമയായി. മതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ സ്ത്രീധനസമ്പ്രദായത്തിനെതിരില്‍ ശക്തമായ സന്ദേശം പ്രസരിപ്പിക്കുന്ന നാടകമായിരുന്നു അത്. പക്ഷേ പറഞ്ഞിട്ടെന്ത്, മമ്മദ് കാക്കയുടെ കോട്ടിലെ ചില്ലറത്തുട്ടുകള്‍ ഒരു സാമൂഹ്യവിപ്ലവത്തിന്റെ ആവശ്യകത ഇപ്പോഴും ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
അപ്പോള്‍ ഒരു കാര്യം തികച്ചും പ്രസക്തമാണ്. ആറോ ഏഴോ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും സ്ത്രീകള്‍ സാമൂഹ്യ, വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ വന്‍ പുരോഗതി ആര്‍ജിച്ചിട്ടും സ്ത്രീധനം പോലെയുള്ള സാമൂഹ്യ അനാചാരങ്ങള്‍ ദൂരീകരിക്കുന്ന കാര്യത്തില്‍ കേരളം ഒരിഞ്ചുപോലും മുന്നോട്ട് നീങ്ങിയിട്ടില്ല. കേരളത്തിന്റെ സാമൂഹ്യ മനസ്സാക്ഷിയുടെ സാമാന്യബോധത്തില്‍ മാറ്റംവരുത്താന്‍ സ്ത്രീ ശാക്തീകരണത്തിന് സാധിച്ചിട്ടില്ല എന്ന വലിയ ശരിയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. അതായത് ഇക്കണ്ട സ്ത്രീ വിദ്യാഭ്യാസം കൊണ്ട് സ്ത്രീകള്‍ എന്തു നേടി. അവര്‍ക്ക് പഠിപ്പുണ്ടായി, ഉദ്യോഗമുണ്ടായി, മാസാമാസം ഭര്‍ത്താവിന്റെ കൈയില്‍ ശമ്പളം എണ്ണിക്കൊടുക്കുന്നവരായി. പക്ഷേ അതിനപ്പുറത്തേക്ക് കുടുംബ ജീവിതത്തിന്റെ കെട്ടുറപ്പ് സ്ഥാപിച്ചെടുക്കാന്‍ ശേഷിയുള്ള സ്വതന്ത്ര വ്യക്തിത്വങ്ങളായി രൂപാന്തരപ്പെടാന്‍ പഠിപ്പും തൊഴിലുമുള്ള സ്ത്രീകള്‍ക്ക് സാധിച്ചിട്ടില്ല. വാസ്തവത്തില്‍ ഉദ്യോഗസ്ഥയായ സ്ത്രീ സ്വന്തമായ വരുമാനം കൊണ്ട് സ്വാതന്ത്ര്യം സ്ഥാപിച്ചെടുക്കുന്ന തുല്യ ഘടകമല്ല കുടുംബത്തില്‍. മറിച്ച് ഭര്‍ത്താവിന്റെയും ഭര്‍ത്താവിന്റെ കുടുംബത്തിന്റെയും സാമ്പത്തിക സുരക്ഷിതത്വത്തിനു വേണ്ടി അമിതഭാരം പേറുന്ന ഹതഭാഗ്യയാണ്. ഒരുപക്ഷേ പഴയ കാലത്ത് പഠിപ്പും ജോലിയുമില്ലാതെ അടുക്കളയുടെ നാലു ചുമരുകള്‍ക്കുള്ളില്‍ അടച്ചിടപ്പെട്ടു എന്ന് പറഞ്ഞു പോന്ന തടവുകാരികളേക്കാള്‍ ഹതഭാഗ്യകള്‍. അതായത് വിദ്യാഭ്യാസവും തൊഴിലും മൂലമുണ്ടായ സ്ത്രീശാക്തീകരണം ബാഹ്യതലത്തിലേയുള്ളൂ. ആന്തരികതലത്തില്‍ സ്ത്രീ രണ്ടാം തരം പൗര തന്നെയാണ്. തനിക്ക് കരുത്തു പകര്‍ന്നു തന്ന കുടുംബവ്യവസ്ഥയുടെ സുരക്ഷിതത്വത്തില്‍നിന്നു പോലും പഠിപ്പും വിവരവുമുള്ള സ്ത്രീ പുറത്താക്കപ്പെട്ടിരിക്കുന്നു എന്ന് സൂക്ഷ്മതലത്തില്‍ നമുക്ക് കാണാനാവും. അതുകൊണ്ടാണ് സ്ത്രീധനത്തിനെതിരായുള്ള പോരാട്ടം സകലവഴികളിലൂടെയും നടത്തിത്തുടങ്ങിയിട്ട് പതിറ്റാണ്ടുകളായിട്ടും പഠിപ്പും വിവരവും ലോക പരിചയവുമുള്ള സ്ത്രീകള്‍ പൊന്നിന്റെയും കാറിന്റെയും വീട്ടു സാമാനങ്ങളുടെയും പേരില്‍ പീഡിപ്പിക്കപ്പെടുന്നത്. അവര്‍ക്ക് ആത്മഹത്യയില്‍ അഭയം തേടേണ്ടി വരുന്നത്. ഇപ്പോള്‍ കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സ്ത്രീ പീഡനക്കേസുകളിലെല്ലാം ഇരയാക്കപ്പെട്ടവര്‍ എട്ടും പൊട്ടും തിരിയാത്ത പാവം പെണ്ണങ്ങളല്ല. വിദ്യാസമ്പന്നകളാണെന്നോര്‍ക്കണം.
പണ്ടേ ദുര്‍ബല, ഇപ്പോഴും ദുര്‍ബല
എന്തുകൊണ്ടാണ് നമ്മുടെ പെണ്‍കുട്ടികള്‍ ഒട്ടും പ്രതിരോധശേഷിയില്ലാത്ത അതീവ ദുര്‍ബലകളായിപ്പോവുന്നത്? സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാവാത്ത തരത്തില്‍ അവര്‍ ഒടിഞ്ഞു തൂങ്ങിപ്പോവുന്നത്? നമ്മുടെ കുടുംബവ്യവസ്ഥയിലും വിദ്യാഭ്യാസ സമ്പ്രദായത്തിലുമുണ്ടായ മാറ്റങ്ങള്‍ തീര്‍ച്ചയായും അതിനു കാരണമാണ്. വലിയ കുടുംബങ്ങളില്‍നിന്ന് അണുകുടുംബങ്ങളിലേക്കുള്ള മാറ്റം നമ്മുടെ കുട്ടികളെ ഏറെ താലോലിക്കപ്പെട്ടവരാക്കി രൂപാന്തരപ്പെടുത്തിയിരിക്കുന്നു. ഒരു വെല്ലുവിളിയും താങ്ങാന്‍ അവര്‍ക്കു ശേഷിയില്ല. ഒരു തോല്‍വിയും അവര്‍ക്ക് താങ്ങാനാവുന്നില്ല. വാസ്തവത്തില്‍ സ്വതന്ത്രമായി വളരുന്ന പെണ്‍കുട്ടികള്‍ ഉള്‍ക്കരുത്താര്‍ജിക്കുകയാണ് വേണ്ടത്. അതാണോ സംഭവിക്കുന്നത്. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഒരു കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അന്തരീക്ഷത്തിലുണ്ടായ മാറ്റമാവാം. അവിടെയും കുട്ടികള്‍ വെല്ലുവിളികള്‍ കാര്യമായി നേരിടേണ്ടി വരുന്നില്ല. ആരും തോല്‍ക്കാത്ത വിദ്യാഭ്യാസ രീതിയാണല്ലോ ഇപ്പോള്‍. എല്ലാം സാധിച്ചു കിട്ടുന്ന ഗാര്‍ഹികാന്തരീക്ഷവും. ഈ സാഹചര്യത്തില്‍ വളരുന്ന പെണ്‍കുട്ടികള്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കാനാവാതെ പതറിപ്പോകുന്നുണ്ടോ എന്ന് തീര്‍ച്ചയായും ആലോചിക്കണം. മനശ്ശാസ്ത്ര സിദ്ധാന്തങ്ങളെ നേര്‍ക്കാഴ്ചകളുമായി മുഖാമുഖം നിര്‍ത്തി വിശകലനം ചെയ്യുക തന്നെ വേണം.
സ്ത്രീധനം പോലെയുള്ള ദുരാചാരങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയാത്തത് ബോധവല്‍ക്കരണത്തിന്റെ കുറവിനേക്കാളേറെ സാമൂഹ്യ സുരക്ഷിതത്വമില്ലായ്മ കൊണ്ടാണ്. സാമ്പത്തിക, സാമൂഹ്യ മണ്ഡലങ്ങളില്‍ നാം വളരെയധികം പുരോഗതി നേടിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ അന്തസ്സായി ജീവിച്ചു പോകാനുള്ള ശേഷി മിക്ക യുവാക്കള്‍ക്കുമില്ല. അപ്പോള്‍ ഇണയുടെ ഭാഗത്ത് നിന്നുള്ള സാമ്പത്തിക പിന്തുണ പലരും പ്രതീക്ഷിക്കുന്നു. അത് ബിസിനസില്‍ മുടക്കിത്തരുന്ന പണമാവാം, വാടകയാവാം വരുമാനം ലഭിക്കുന്ന സ്വത്താവാം, ആഭരണങ്ങളാവാം, സ്വകാര്യ മേഖലയില്‍ ജോലി ലഭിക്കാന്‍ വേണ്ടി കൊടുക്കേണ്ട കോഴയാവാം. പല യുവാക്കളും അവരുടെ രക്ഷിതാക്കളും തങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തിനുള്ള ഉപാധിയായാണ് സ്ത്രീധനത്തെ കാണുന്നത്. അവരുടെ കണ്ണില്‍ അതൊരു സാമൂഹ്യതിന്മയല്ല. സേഫ്റ്റി വാല്‍വാണ്. ഉദാഹരണത്തിന് പഠിപ്പുള്ള ഒരു ചെറുപ്പക്കാരന്‍. തൊട്ടടുത്ത എയ്ഡഡ് സ്‌കൂളില്‍ ജോലിയൊഴിവുണ്ട്. മുപ്പത് ലക്ഷമാണ് കോഴത്തുക. മുപ്പത് ലക്ഷം രൂപ സ്ത്രീധനം വഴി തനിക്കൊരു ജോലി ഉറപ്പിച്ചു തരുന്ന പെണ്‍കുട്ടിയെ അയാള്‍ ഭാര്യയാക്കുന്നതിന്നു പിന്നില്‍ സാമ്പത്തിക സുരക്ഷിതത്വത്തിന്റെ ഈ കുയുക്തിയാണുള്ളത്. വീട് വച്ചു കൊടുത്തും മെഡിസിന്‍ പി.ജിക്ക് പഠിപ്പിച്ചും ബിസിനസ് തുടങ്ങിക്കൊടുത്തുമൊക്കെ സാമ്പത്തിക സുരക്ഷിതത്വത്തിന്റെ ഈ വഴി എളുപ്പകരമാക്കാന്‍ ശ്രമിക്കുന്നവരേറെ. ഈ സാമൂഹ്യാവസ്ഥ നിലനില്‍ക്കുമ്പോള്‍ ബോധവല്‍ക്കരണത്തിന് എന്തര്‍ത്ഥം? വിദ്യാഭ്യാസക്കച്ചവടത്തിനെതിരേ നിയമ നടപടിയെടുക്കുകയാണോ അതോ സ്ത്രീധനത്തിനെതിരില്‍ ഉപവാസമിരിക്കുകയാണോ ഏതാണ് പോരാട്ടത്തിന്റെ വഴി?
ഒറ്റപ്പെട്ട പ്രശ്‌നമല്ല
സ്ത്രീധനമെന്ന പ്രശ്‌നത്തെ നമ്മുടെ പൊതുസാമൂഹ്യാവസ്ഥയില്‍ നിന്ന് വേറിട്ടുനിര്‍ത്തിയാണ് പലരും കാണുന്നത്. ഇതൊരു ഒറ്റപ്പെട്ട പ്രശ്‌നമല്ല. വിവാഹത്തിലെ ആഡംബരം, സ്വര്‍ണഭ്രമം, ആഘോഷങ്ങളുടെ പേരിലുള്ള പൊലിമകള്‍ ഇതെല്ലാം പരസ്പര ബന്ധിതമാണ്. ലളിതമായ ചടങ്ങുകളിലേക്ക് വിവാഹത്തെ ചുരുക്കുകയാണെങ്കില്‍ സ്ത്രീധനം പോലെയുള്ള ദുരാചാരങ്ങള്‍ക്ക് ഒരുപരിധിവരെ അറുതി വരും. പൊങ്ങച്ചത്തിന്റെ ഭാഗം കൂടിയാണല്ലോ സ്ത്രീധനം. നിര്‍ഭാഗ്യവശാല്‍ ഇന്ന് വിവാഹത്തെ കൂടുതല്‍ ആഘോഷമയമാക്കുന്ന സാമൂഹ്യാന്തരീക്ഷമാണ് നിലവിലുള്ളത്. വിവാഹവിരുന്നുകള്‍ ആഘോഷപൂര്‍വം നടത്താന്‍ ആവശ്യമായ വിഭവങ്ങളെക്കുറിച്ചു സപ്ലിമെന്റിറക്കുന്ന പ്രസിദ്ധീകരണം യഥാര്‍ഥത്തില്‍ സാമൂഹ്യതിന്മക്ക് കൂട്ടുനില്‍ക്കുകയല്ലേ? വിവാഹവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന ഫെയറുകള്‍ ഒരുക്കുന്നവര്‍ പരോക്ഷമായി ആഡംബര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുകയല്ലേ? ഇങ്ങനെ ആലോചിച്ചു വരുമ്പോള്‍ സ്ത്രീധനമെന്ന സാമൂഹ്യതിന്മയെയും ആഡംബര വിവാഹമെന്ന ദുരാചാരത്തെയും പലതലങ്ങളില്‍ നിന്നുകൊണ്ട് പ്രോത്സാഹിപ്പിക്കുന്ന സമൂഹമാണ് നമ്മുടേത്. തല്‍ക്കാലത്തേക്ക് ഒന്നോ രണ്ടോ പേരെ പിടികൂടി മാപ്പുസാക്ഷികളാവാന്‍ പൊതുസമൂഹത്തിന് സാധിക്കുകയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."