ആത്മീയ സ്വത്വമാണ് പ്രവാചക രാഷ്ട്രീയം
മുജ്തബ ഫൈസി ആനക്കര
ഓരോ കാലവും നേരിടുന്ന പ്രശ്‌നങ്ങൾക്ക് മാതൃകാപരമായ പരിഹാരങ്ങളെ സംവേദനം ചെയ്യുന്ന ജീവിതമാണ് തിരുനബി(സ)യുടേത്. ആചാരാനുഷ്ഠാനങ്ങളിൽ മാത്രമല്ല മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും ആത്മീയ മൂല്യങ്ങൾ മുറുകെപ്പിടിക്കണം എന്നതാണ് പ്രവാചക മാതൃക. ഏതൊരു സമൂഹത്തിന്റെയും നിർമിതിയിൽ നിർണായക സ്വാധീനം ചെലുത്തുന്ന രാഷ്ട്രീയ മേഖലയിൽ വരെ മതപരമായ ആത്മീയമൂല്യങ്ങളെ കൂടെ നിർത്താൻ സാധ്യമാകുമ്പോൾ മാത്രമാണ് പ്രവാചകൻ മുന്നോട്ടുവയ്ക്കുന്ന ജീവിതചര്യയെ പൂർണമായും ഉൾക്കൊള്ളാൻ വിശ്വാസിക്ക് കഴിയുന്നത്.
രാഷ്ട്രീയം ഉൾപ്പെടെയുള്ള സാമൂഹ്യമേഖലകളിൽ മനുഷ്യൻ്റെ സ്വാഭാവികമായ പ്രതികരണങ്ങൾക്കും രീതിശാസ്ത്രങ്ങൾക്കുമപ്പുറം തികച്ചും ആത്മീയമായ സമീപനങ്ങൾ കൂടി സ്വീകരിക്കാൻ സാധ്യമാകേണ്ടതുണ്ട്. ഉപാധികളില്ലാതെ പ്രവാചകനോടുള്ള സ്‌നേഹം ഉണ്ടാകുമ്പോഴാണ് ഇത്തരം ആത്മീയമായ ഇടപെടലുകൾക്കും അനുസരണങ്ങൾക്കും സാധ്യമാവുകയുള്ളൂ. കേവലമായ വൈകാരിക താൽപര്യങ്ങളുടെ ബലത്തിലായിരുന്നില്ല പ്രവാചക ജീവിതത്തിലെ രാഷ്ട്രീയനീക്കങ്ങൾ എന്ന് ചരിത്രം പരിശോധിച്ചാൽ വ്യക്തമാണ്.
ഈ ആത്മീയ സ്വത്വമാണ് പ്രവാചക രാഷ്ട്രീയത്തിന്റെ കാതൽ. അത് തിരിച്ചറിയാനും പ്രാവർത്തികമാക്കാനും ആത്മീയതയുടെയും പ്രവാചക സ്‌നേഹത്തിന്റെയും ചേരുവകൾ രുചിക്കാനെങ്കിലും സാധ്യമാകണം. തൊഴിലാളിത്തം, ജാതീയത, ദേശീയത തുടങ്ങിയവയുടെ വൃത്തത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ആധുനിക രാഷ്ട്രീയ ക്രമത്തിന് പ്രവാചകന്റെ ആത്മീയ രാഷ്ട്രീയത്തിന്റെ ഉൾസാരങ്ങളെ കണ്ടെത്താൻ ഭൗതികതയുടെ ധിഷണാ മാപിനികൾ കൊണ്ട് സാധ്യമായെന്നുവരില്ല. അധികാര രാഷ്ട്രീയത്തിന്റെ കപടമോഹങ്ങൾ തലയിലേറ്റിവരുന്ന പൊളിറ്റിക്കൽ ഇസ് ലാമിസ്റ്റുകൾക്കും യഥാർഥത്തിൽ പ്രവാചകൻ മുന്നോട്ടുവയ്ക്കുന്ന, മനുഷ്യനെ മനുഷ്യനായി പരിഗണിക്കുകയും ആത്മീയതയിലധിഷ്ഠിതവുമായ രാഷ്ട്രീയ ക്രമത്തെ ഉൾക്കൊള്ളാൻ സാധ്യമായിട്ടില്ല എന്നതാണ് സത്യം.
സ്വന്തം സമൂഹത്തിൻ്റെ ആത്യന്തികമായ സുരക്ഷിതത്വം ഉറപ്പുവരുത്തിയുള്ള രാഷ്ട്രീയനീക്കങ്ങൾ മാത്രമാണ് പ്രവാചകൻ പ്രോത്സാഹിപ്പിച്ചത്. സ്വയം അപകടം ക്ഷണിച്ചുവരുത്തുന്ന വൈകാരിക രാഷ്ട്രീയ പ്രകടനങ്ങൾ ഈ ആത്മീയരീതിയോട് ചേർന്നതല്ല. അതുകൊണ്ടാണ് തൻ്റെ സൈന്യത്തിന് നിർദേശങ്ങൾ നൽകുമ്പോൾ യുദ്ധതന്ത്രങ്ങൾക്ക് പുറമേ സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കരുത്, നിരായുധരെ അപായപ്പെടുത്തരുത്, വൃക്ഷങ്ങൾ നശിപ്പിക്കരുത്, തുടങ്ങിയ മാനുഷിക മൂല്യങ്ങൾ പകർന്നു നൽകുന്ന ആത്മീയതയിലധിഷ്ഠിതമായ രാഷ്ട്രീയ രീതികൾ പ്രവാചക ജീവിതത്തിൽ നാം ദർശിക്കുന്നത്. ഈ വഴി സ്വീകരിച്ചു വന്നവരാണ് സൂഫികൾ. അവർ നേതൃത്വം നൽകിയ നിരവധി സമരങ്ങളിലും രാഷ്ട്രീയ നീക്കങ്ങളിലും പ്രതിരോധ പോരാട്ടങ്ങളിലുമെല്ലാം പ്രവാചകൻ മുന്നോട്ടുവെക്കുന്ന ഈ ആത്മീയ രാഷ്ട്രീയ ദർശനത്തിന്റെ സത്തയെ നമുക്ക് കണ്ടെത്താൻ സാധ്യമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."