പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന ജനറല്‍ സെക്രട്ടറി
കൊച്ചി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ അറിയിച്ചു. സംഘടന പരമായ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാനും അണികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോപുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ അഞ്ചുവര്‍ഷത്തേക്ക് നിരോധിച്ച സാഹചര്യത്തിലാണ് നടപടി. നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതല്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും അംഗങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.
പ്രസ്താവനയുടെ പൂര്‍ണ രൂപം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധമാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രാലയം ഒരു വിജ്ഞാപനം പുറത്തിറക്കിയതായി അറിയിക്കുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സമൂഹത്തിലെ നിരാലംബരും അധഃസ്ഥിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ സാമൂഹികസാമ്പത്തികസാംസ്‌കാരിക ശാക്തീകരണത്തിനായി വ്യക്തമായ കാഴ്ചപ്പാടോടെ പരിശ്രമിക്കുന്ന ഒരു സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. എല്ലാ ഇന്ത്യന്‍ പൗരന്മാരും തുല്യ സ്വാതന്ത്ര്യവും നീതിയും സുരക്ഷിതത്വവും ആസ്വദിക്കുന്ന സമത്വ സമൂഹത്തിന് വേണ്ടിയാണിത്.
പക്ഷേ, മഹത്തായ നമ്മുടെ രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാര്‍ എന്ന നിലയില്‍, സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ മുന്‍ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുകയും ചെയ്യുന്നുവെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിർത്താൻ എല്ലാ മുൻ അംഗങ്ങളോടും അഭ്യർത്ഥിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."