HOME
DETAILS

രാജ്യദ്രോഹ നിയമം സുപ്രിംകോടതിയില്‍

  
backup
July 20 2021 | 16:07 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a6%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b9-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf

 


ജേക്കബ് ജോര്‍ജ്


2014 മുതല്‍ 2019 വരെയുള്ള കാലയളവിനുള്ളില്‍ 326 പേര്‍ക്കെതിരേയാണ് ഇന്ത്യയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടത്. ഇതില്‍ ശിക്ഷിക്കപ്പെട്ടത് ആറുപേര്‍ മാത്രം. അസമിലാണ് ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് - 54 എണ്ണം. 26 കേസില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചു. അതില്‍ത്തന്നെ 25 ലും വിചാരണ പൂര്‍ത്തിയാക്കുകയും ചെയ്തു. പക്ഷേ ഒന്നിലും ഒരാളെയും ശിക്ഷിച്ചില്ല. അടുത്തത് ജാര്‍ഖണ്ഡും ഹരിയാനയും. ജാര്‍ഖണ്ഡില്‍ 40 കേസ്. ഹരിയാനയില്‍ 31 ഉം. ജാര്‍ഖണ്ഡില്‍ 29 കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഹരിയാനയില്‍ 19 ലും. രണ്ടു സംസ്ഥാനങ്ങളിലും ഓരോ പ്രതിയെ കുറ്റക്കാരനെന്നു കണ്ടു. കേരളത്തില്‍ ഈ കാലഘട്ടത്തില്‍ 22 കേസുണ്ടായി. പക്ഷേ ഒന്നിലും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ആരെയും ശിക്ഷിച്ചിട്ടുമില്ല.
സാമ്രാജ്യ ഭരണകാലത്ത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയും സമര നേതാക്കളെയും അടിച്ചമര്‍ത്താന്‍ ബ്രിട്ടിഷ് ഭരണാധികാരികള്‍ നടപ്പാക്കിയ രാജ്യദ്രോഹ നിയമം ഇപ്പോഴും തുടരുന്നതെന്തെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ ഉയര്‍ത്തിയ ചോദ്യം ഭരണസിരാകേന്ദ്രങ്ങളെയൊക്കെയും ഞെട്ടിച്ചു. അടിമത്തത്തിന്റെയും അധികാരമേല്‍ക്കോയ്മയുടെയും ചിഹ്നവും ഉപകരണവുമായ രാജ്യദ്രോഹ നിയമം എന്തിനിപ്പോഴും തുടരുന്നു എന്ന ചോദ്യം ഉയര്‍ത്തിയത് ന്യായപീഠത്തിലെ ഏറ്റവും ഉന്നതനായ ന്യായാധിപനാണെന്നത് ഈ വിഷയത്തിന്റെ പ്രധാന്യവും പ്രസക്തിയും വര്‍ധിപ്പിക്കുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഗാന്ധിജിക്കും ബാലഗംഗാധര തിലകനുമൊക്കെ എതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. 1897 ലാണ് തിലകനെതിരേ ബ്രിട്ടിഷ് അധികൃതര്‍ ഈ കുറ്റം ചുമത്തിയത്. അദ്ദേഹത്തിന്റെ പ്രസംഗം കേട്ട് ആവേശഭരിതരായ ചില നാട്ടുകാര്‍ ആക്രമണത്തിലേയ്ക്ക് തിരിഞ്ഞുവെന്നും അതില്‍ രണ്ട് ബ്രിട്ടിഷ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടുവെന്നുമായിരുന്നു കേസ്. കോടതി അദ്ദേഹത്തെ ശിക്ഷിച്ചു. പക്ഷേ പിറ്റേ വര്‍ഷം തിലകന്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. 1908ല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124 എ വകുപ്പ് അദ്ദേഹത്തിന്റെ പേരില്‍ വീണ്ടും ചുമത്തി. ബിഹാറിലെ ഫോര്‍വേഡ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന കേദാര്‍നാഥിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് 1962 ലാണ്. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനും കോണ്‍ഗ്രസിനു തന്നെയും എതിരായ പ്രസംഗത്തില്‍ രാജ്യദ്രോഹമാരോപിച്ചു ബിഹാര്‍ സര്‍ക്കാര്‍ കേസെടുക്കുകയായിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ വിചാരണ ചെയ്യപ്പെട്ട ആദ്യത്തെ രാജ്യദ്രോഹക്കേസ് എന്ന പ്രത്യേകതയും കേദാര്‍നാഥ് കേസിനുണ്ട്. കേസ് സുപ്രിംകോടതിയിലെത്തുകയും പരമോന്നത കോടതി രാജ്യദ്രോഹക്കുറ്റത്തിന്റെ പ്രസക്തി പ്രത്യേകം പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തതാണ്. ആക്രമണത്തിന് ആഹ്വാനമുണ്ടെങ്കിലേ ഈ വകുപ്പിനു പ്രസക്തിയുള്ളൂവെന്നായിരുന്നു കോടതി വിധി.


ബിഹാറിലെ തന്നെ മറ്റൊരു രാഷ്ട്രീയ നേതാവായി ഉയര്‍ന്ന കനയ്യകുമാറാണ് രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട മറ്റൊരാള്‍. 2016 ല്‍ ജെ.എന്‍.യു വിദ്യാര്‍ഥികള്‍ നടത്തിയ ഒരു പ്രകടനത്തില്‍ ചെയ്ത പ്രസംഗത്തിന്റെ പേരിലാണ് കനയ്യകുമാറിനെതിരേ ഈ കുറ്റം ചുമത്തിയത്. 2007 ല്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ നക്‌സലൈറ്റുകളെ പിന്തുണച്ചുവെന്നാരോപിച്ച് ഡോ. ബിനായക് സെന്നിനെ രാജ്യദ്രോഹം ചുമത്തി തുറങ്കലിലടച്ചു. കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. ശിശുരോഗ വിദഗ്ധനും മനുഷ്യാവകാശപ്രവര്‍ത്തകനുമായിരുന്ന ബിനായക് സെന്നിന്റെ അറസ്റ്റ് ലോകശ്രദ്ധ നേടിയിരുന്നു.
ബ്രിട്ടിഷ് മേല്‍ക്കോയ്മയ്‌ക്കെതിരേയുള്ള ഏതു മുന്നേറ്റത്തെയും തടയാനും സ്വാതന്ത്ര്യസമര നേതാക്കളുടെ വായ്മൂടിക്കെട്ടാനും ഭരണാധികാരികള്‍ കൊണ്ടുവന്ന രാജ്യദ്രോഹ നിയമം മാറ്റാറായില്ലേ എന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഒരു രാഷ്ട്രീയ നേതാവല്ല, ചോദിച്ചത്. രാജ്യത്തിന്റെ ഒരു ചീഫ് ജസ്റ്റിസ് തന്നെയാണെന്നതാണ് പ്രധാന കാര്യം. എഡിറ്റേഴ്‌സ് ഗില്‍ഡ് നടത്തിയ ഒരു പരാതിയിന്മേല്‍ വാദം കേള്‍ക്കവേ, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124 എ എന്ന വകുപ്പിനെപ്പറ്റി സ്വയം തോന്നിയ ചോദ്യമാണ് ജസ്റ്റിസ് രമണ ഉന്നയിച്ചത്. ഇക്കഴിഞ്ഞ ജൂണിലാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനും പത്രാധിപരുമായ വിനോദ് ദുവയ്‌ക്കെതിരേ ഹിമാചല്‍പ്രദേശ് പൊലിസ് ചുമത്തിയ രാജ്യദ്രോഹക്കുറ്റം സുപ്രിംകോടതി തള്ളിക്കളഞ്ഞത്. കേദാര്‍നാഥ് കേസില്‍ പണ്ട് സുപ്രിംകോടതി പുറപ്പെടുവിച്ച വിധി മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകമാണെന്നാണ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടത്. ലക്ഷദ്വീപിലെ പ്രമുഖ ചലച്ചിത്രപ്രവര്‍ത്തക ഐഷാ സുല്‍ത്താനയ്ക്കുമേല്‍ ടെലിവിഷന്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് വലിയ വാര്‍ത്തയായിരുന്നു.


ഭരണത്തെയോ ഭരണകര്‍ത്താക്കളെയോ വിമര്‍ശിക്കുന്നതും കുറ്റപ്പെടുത്തുന്നതും ആക്ഷേപിക്കുന്നതും രാജ്യദ്രോഹമാവുമെങ്കില്‍, ജനാധിപത്യത്തിന്റെ ഉദ്ദേശ്യമെന്താണെന്ന് തന്നെയാണ് സുപ്രിംകോടതി ഉന്നയിച്ച ചോദ്യത്തിന്റെ അര്‍ഥം. ഐഷാ സുല്‍ത്താന നിസാരമായ കാര്യങ്ങള്‍ ഉന്നയിച്ചതിനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടത്. വിനോദ് ദുവ കുറ്റപ്പെടുത്തിയത് നരേന്ദ്ര മോദി സര്‍ക്കാരിന് കൊവിഡ് നിയന്ത്രണത്തില്‍ വന്ന പാളിച്ചകളെയാണ്. സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ ഇന്ത്യക്കാര്‍ അനുഭവിച്ചു വരുന്ന അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് കൊളോണിയല്‍ കാലഘട്ടത്തിലെ ഈ നിയമം എന്നോര്‍ക്കണം. ഈ നിയമം അടുത്തക്കാലത്ത് വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്നത് കണ്ടിട്ടാണ് സുപ്രിംകോടതി അസ്വസ്ഥമായത്. വളരെ ശ്രദ്ധപൂര്‍വം കൈകാര്യം ചെയ്യേണ്ട ഇത്തരം നിയമങ്ങള്‍ അശ്രദ്ധയോടെ ഉപയോഗിക്കുന്നതു മാത്രമല്ല, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയും ഉപയോഗിക്കുന്നുവെന്നതാണ് സുപ്രിംകോടതിക്ക് ആശങ്ക ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെയാണ് സാമ്രാജ്യ ഭരണകൂടം തങ്ങള്‍ക്കെതിരായ ഏതു നീക്കത്തെയും തുടക്കത്തില്‍ത്തന്നെ നിയന്ത്രിക്കാനും അഭിപ്രായസ്വാതന്ത്ര്യത്തിനു തടയിടാനുമാണ് ഈ വിഷയം ഉപയോഗിച്ചതെന്നു കോടതി ചൂണ്ടിക്കാട്ടിയത്.


ആക്രമണത്തിനുള്ള വ്യക്തമായ ആഹ്വാനമുണ്ടെങ്കില്‍ മാത്രമേ ഏതെങ്കിലും വാക്കോ പ്രസംഗമോ രാജ്യദ്രോഹക്കുറ്റമാവൂ എന്നാണ് 1962-ലെ കേദാര്‍നാഥ് കേസില്‍ സുപ്രിംകോടതി വിധിച്ചത്. ഈ വിധി നിലനില്‍ക്കെത്തന്നെയാണ് കനയ്യകുമാറിനെ അറസ്റ്റ് ചെയ്തത്. വിനോദ് ദുവയ്‌ക്കെതിരേ പൊലിസ് നടപടി സ്വീകരിച്ചത്. ബംഗളൂരു സ്വദേശി ദിഷാ രവി എന്ന വിദ്യാര്‍ഥിനിയെ പൊലിസ് സംഘം അറസ്റ്റ് ചെയ്ത് ഡല്‍ഹിയില്‍ കൊണ്ടുപോയതും ഇതേ കുറ്റം ചുമത്തിത്തന്നെ. രൂക്ഷമായ ആരോപണം പൊലിസ് ഉന്നയിച്ചുവെങ്കിലും ഡല്‍ഹി വിചാരണ കോടതി ദിഷയ്ക്കു ജാമ്യം നല്‍കുകയായിരുന്നു. ഡല്‍ഹിയിലെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മാസങ്ങള്‍ക്കുമുമ്പ് യു.പി പൊലിസ് അറസ്റ്റ് ചെയ്തതും രാജ്യദ്രോഹക്കുറ്റം ചുമത്തിയായിരുന്നു. കാപ്പന് ഇനിയും മോചനം കിട്ടിയിട്ടില്ല.


ഇതിലൊക്കെ ഗൗരവതരം ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ കേസ് തന്നെ. ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കുവേണ്ടി അവരുടെ, മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മനുഷ്യ സ്‌നേഹിയായിരുന്നു ജസ്യൂട്ട് പുരോഹിതനായ ഫാദര്‍ സ്റ്റാന്‍ സ്വാമി. 2018 ജൂലൈ 26-ാം തീയതി അദ്ദേഹമുള്‍പ്പെടെ 26 പേര്‍ക്കെതിരേ ജാര്‍ഖണ്ഡ് പൊലിസ് രാജ്യദ്രോഹത്തിനു കേസെടുത്തു. ഫാദര്‍ സ്റ്റാന്‍ സ്വാമിക്കെതിരേ ചുമത്തിയ വകുപ്പുകളില്‍ പ്രധാനം 124 എ വകുപ്പു തന്നെ. 84 വയസുകാരനായ ഫാദര്‍ സ്റ്റാന്‍ സ്വാമി ദിവസങ്ങള്‍ക്കു മുമ്പാണ് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയവെ മരണമടഞ്ഞത്. ജയിലില്‍ കിടക്കുമ്പോള്‍ പാര്‍ക്കിന്‍സണ്‍ രോഗിയായ തനിക്ക് വെള്ളം കുടിക്കാന്‍ സ്‌ട്രോ ഘടിപ്പിച്ച ഗ്ലാസ് വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യം പോലും നിരാകരിക്കപ്പെടുകയായിരുന്നു.


ഇത്തരം കേസുകളൊക്കെയും കോടതി മുമ്പാകെ നിലനില്‍ക്കുന്നവയല്ലെന്നതാണ് കഴിഞ്ഞ ആറു വര്‍ഷത്തെ കണക്കുകള്‍ കാണിക്കുന്നത്. വ്യക്തമായ കുറ്റമൊന്നുമില്ലാതെയാണ് പലപ്പോഴും ആരോപണമുന്നയിക്കുന്നത് എന്നതാണ് വസ്തുത. ഇല്ലാത്ത കുറ്റം ആരോപിച്ചാല്‍ വിചാരണയില്‍ തെളിവില്ലാതെ കോടതി പ്രതിയെ വെറുതെ വിടും. പക്ഷേ അതിനു മുമ്പു തന്നെ പ്രതി ഏറെ കഷ്ടപ്പെട്ടിരിക്കും. അറസ്റ്റ്, പൊലിസ് നടപടിയില്‍ നിന്നും അന്യായമായ തടങ്കലില്‍ നിന്നും ഉണ്ടാവുന്ന ഭീകരമായ കഷ്ടപ്പാടും പ്രയാസങ്ങളും. അതിനും പുറമേ ഭീമമായ കോടതി ചെലവും. ഇത്തരം ദുരനുഭവങ്ങള്‍ കാട്ടി ശബ്ദവും ശക്തിയുമുള്ളവരെ നിശബ്ദരാക്കുക തന്നെയാണ് രാജ്യദ്രോഹ നിയമത്തിന്റെ ലക്ഷ്യം. സുപ്രിംകോടതിയുടെ ചോദ്യത്തിന് എന്തുത്തരമാവും കേന്ദ്ര സര്‍ക്കാര്‍ നല്‍കുക?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റ്; രാഹുല്‍ മാങ്കൂട്ടത്തിലും പികെ ഫിറോസും അടക്കം 37 പേര്‍ക്ക് ജാമ്യം

Kerala
  •  2 months ago
No Image

സര്‍ക്കാരിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ഇടത് അനുകൂല ജീവനക്കാരുടെ സംഘടന ജോയിന്റ് കൗണ്‍സില്‍ 

Kerala
  •  2 months ago
No Image

'കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത്'; ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കൊല്ലം സ്വദേശിയായ പത്ത് വയസുകാരന് രോഗബാധ

Kerala
  •  2 months ago
No Image

2024 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് ഗവേഷകര്‍

International
  •  2 months ago
No Image

ഇനി എമിഗ്രേഷന്‍ കൗണ്ടറുകളില്‍ ക്യൂ നിന്ന് മടുക്കേണ്ട; ദുബൈ വിമാനത്താവളത്തില്‍ 'ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം' വരുന്നു

uae
  •  2 months ago
No Image

പ്രധാനമന്ത്രി വയനാട്ടില്‍ വന്നത് ഫോട്ടോഷൂട്ടിനാണോ?- വിമര്‍ശനവുമായി ടി സിദ്ദിഖ്

Kerala
  •  2 months ago
No Image

വയനാടിന് കേന്ദ്രം അടിയന്തരമായി സഹായം നല്‍കണമെന്ന് നിയമസഭ; പ്രമേയം ഏകകണ്ഠമായി പാസ്സാക്കി

Kerala
  •  2 months ago
No Image

'ഞങ്ങള്‍ക്ക് മുന്നില്‍ ചുവന്ന രേഖകള്‍ ഒന്നുമില്ല' ഇതുവരെ സംയമനം പാലിച്ചത് യുദ്ധം ഒഴിവാക്കാന്‍, ഇനി അതില്ലെന്നും ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്

International
  •  2 months ago
No Image

കോഴിക്കോട് അത്തോളിയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അന്‍പതോളം പേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  2 months ago