ജില്ലാതല അവലോകന യോഗം ഒരു പദ്ധതി പോലും ആരംഭിക്കാതെ 55 വാര്‍ഡുകള്‍
കണ്ണൂര്‍: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ പരമാവധി തൊഴിലവസരങ്ങളും തൊഴില്‍ദിനങ്ങളും സൃഷ്ടിക്കാനായിരിക്കണം ഓരോ പഞ്ചായത്തിന്റെയും ശ്രമമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്. ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016-17 വര്‍ഷത്തേക്ക് ആവിഷ്‌കരിച്ച തൊഴിലുറപ്പ് പദ്ധതികള്‍ നടപ്പാക്കുന്ന കാര്യത്തില്‍ സംസ്ഥാനത്ത് ഏഴാം സ്ഥാനത്താണ് കണ്ണൂര്‍. പദ്ധതിയിലുള്‍പ്പെടുത്തി വ്യത്യസ്ത പ്രൊജക്ടുകള്‍ നടപ്പാക്കാന്‍ സൗകര്യമുള്ള ജില്ലയായിരുന്നിട്ടു കൂടി 55 വാര്‍ഡുകളില്‍ ഈ വര്‍ഷത്തെ ഒരു പദ്ധതി പോലും ഇനിയും ആരംഭിച്ചിട്ടില്ലെന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. പല പഞ്ചായത്തുകളും ലക്ഷ്യത്തിന്റെ പകുതിപോലും ഇനിയും കൈവരിച്ചിട്ടില്ല. പോരായ്മകള്‍ പരിഹരിച്ച് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നിര്‍വഹണത്തില്‍ പിറകില്‍ നില്‍ക്കുന്ന പഞ്ചായത്തുകള്‍ അടുത്ത ഒരു മാസം നടപ്പാക്കാന്‍ പോകുന്ന പദ്ധതി പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ സഹിതമുള്ള ആക്ഷന്‍ പ്ലാന്‍ രണ്ട് ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നിലവിലെ പദ്ധതി പുരോഗതി വിലയിരുത്തുന്നതിനും പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ടുപോകുന്നതിനുമായി സെപ്റ്റംബര്‍ 10നകം ബ്ലോക്ക്തലത്തില്‍ തൊഴിലുറപ്പ് അവലോകന യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ ജില്ലാ പ്രൊജക്ട് ഡയരക്ടര്‍ കെ.എം രാമകൃഷ്ണന്‍ നിര്‍ദേശം നല്‍കി. തൊഴിലുറപ്പ് പദ്ധതി പ്രകാരം കൂലി നല്‍കാന്‍ കുടിശികയുള്ള പഞ്ചായത്തുകള്‍ അത് വിതരണം ചെയ്യാന്‍ സത്വര നടപടി കൈക്കൊള്ളണം. കഴിഞ്ഞ വര്‍ഷത്തെ പ്രവൃത്തികളില്‍ പാതിവഴിയിലുള്ളവ ഉടന്‍ പൂര്‍ത്തിയാക്കണം. പദ്ധതിയെ ആധാറുമായി ബന്ധപ്പെടുത്തുന്ന പ്രവൃത്തിയുടെ പുരോഗതി യോഗം വിലയിരുത്തി. കേന്ദ്രസര്‍ക്കാരിന്റെ ജോബ് കാര്‍ഡ് വെരിഫിക്കേഷന്‍ വേഗത്തിലാക്കാനും അടുത്ത വര്‍ഷത്തേക്കുള്ള ലേബര്‍ ബജറ്റ് തയാറാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നേരത്തേ തന്നെ തുടങ്ങാനും യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."