വീണ്ടും നിറയൊഴിക്കണമെന്നില്ല, ഇന്നും കാതുകളില്‍ വെടിയൊച്ച മുഴങ്ങുകയാണ്
ആദില്‍ ആറാട്ടുപുഴ
ഫോട്ടോ: മനു ആര്‍.
2009 മെയ് 17 പകല്‍ 2.30
ഭാര്യ അസൂറാ ബീവിയുടെ അനിയത്തിയുടെ കല്യാണപ്പന്തലില്‍ നില്‍ക്കുകയായിരുന്ന അത്തിപ്പീര് തുടര്‍ച്ചയായ വെടിയൊച്ച കേട്ടതോടെയാണ് പുറത്തിറങ്ങി നോക്കുന്നത്. നെഞ്ചിനും പൊക്കിളിനുമിടയില്‍ കടന്നുപോയൊരു ബുള്ളറ്റിനപ്പുറം എന്താണ് സംഭവിച്ചതെന്ന് കുറച്ച് മണിക്കൂറുകളെങ്കിലും അയാള്‍ക്ക് മനസിലായിരുന്നില്ല. ഒരു മണിക്കൂറോളം നീണ്ടുനിന്ന മുപ്പതു റൗണ്ടിലധികം വെടിവയ്പ്പടങ്ങേണ്ടി വന്നു ആരൊക്കെയോ അത്തിപ്പീരിനരികിലേക്ക് ഓടിയെത്താന്‍. ഒരാഴ്ച മരണത്തിനും ജീവിതത്തിനുമിടയിലായിരുന്നു അത്തിപ്പീര്. വെടികൊണ്ടു വീണയിടത്തുനിന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അയാളുടെ ബോധം മറഞ്ഞിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം കണ്ണുതുറന്നപ്പോള്‍ വേദനമാത്രം. പിന്നീട് ബുള്ളറ്റ് ശരീരം തുളച്ച് കടന്നുപോയിക്കാണുമെന്ന അനുമാനത്തില്‍ അയാളുടെ മുറിവ് തുന്നിക്കെട്ടി. അടുത്ത ദിവസമാകട്ടെ വയറു വീര്‍ത്തുപൊങ്ങി ശാരീരിക അവശതകളാല്‍ അത്തിപ്പീര് വീണ്ടും മരണശയ്യയിലായി. പിന്നെയും ഓപ്പറേഷന്‍. വെടിയുണ്ട പുറത്തെടുത്ത് അഞ്ചുദിവസത്തെ മയക്കത്തിനപ്പുറം അയാള്‍ ഉയര്‍ത്തെഴുന്നേറ്റു. മരണക്കയത്തിലേക്കാണ്ടുപോയ ആ ആറുപേര്‍ക്കൊപ്പം ഖബറടക്കാനെടുത്ത കുഴിയെ സാക്ഷിയാക്കി അയാള്‍ ജീവിതത്തിലേക്ക് തിരിച്ചുകയറി. പക്ഷേ, മുന്‍പുണ്ടായിരുന്ന ജീവിതവും ജോലിയും അയാളെ കടന്നുപോയ ആ ബുള്ളറ്റ് തട്ടിയെടുത്തിരുന്നു. ആയാസകരമായ ഒരു ജോലിയും ചെയ്യാനാവുന്നില്ലന്നതിനപ്പുറം, നന്നായൊന്നു നിവര്‍ന്ന് കിടന്നുറങ്ങാന്‍ പോലും അത്തിപ്പീരിനാകുന്നില്ല. മത്സ്യത്തൊഴിലാളിയായ അത്തിപ്പീരിനോ വെടികൊണ്ട് ജീവന്‍ മാത്രം ബാക്കിയായവര്‍ക്കോ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായങ്ങള്‍ പോലും ലഭിച്ചില്ല. സന്നദ്ധ സംഘടനകള്‍ നടത്തിയ ധനസഹായമല്ലാതെ ഓപ്പറേഷന്‍ നടത്തിയതിന്റെ പാട് മാത്രമാണ് അത്തിപ്പീരിന് ബീമാപ്പള്ളി വെടിവയ്പ്പ് ബാക്കിനല്‍കിയത്. സര്‍ക്കാര്‍ ധനസഹായം ലഭ്യമായത് വെടിവയ്പ്പില്‍ മരിച്ചവര്‍ക്ക് മാത്രമാണെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതൊരാളുടെ മാത്രം കഥയല്ല. ഒരു ദേശത്തിന്റെയാകെ നേരനുഭവമാണ്.
നീതിയില്ല, കരുണ
തേടിക്കഴിയുകയാണ് ബീമ ഉമ്മ
പൊലിസ് വെടിവയ്പ്പിന്റെ അനീതിയില്‍ നിന്നു നീതി തേടി അതിജീവനം നടത്തുകയാണ് ബീമ ഉമ്മ. ഓട്ടോ ഡ്രൈവറായ മകന്‍ സലീമിനൊപ്പം പള്ളിക്ക് സമീപം തന്നെയായിരുന്നു ഉമ്മ താമസിച്ചിരുന്നത്. വെടിവയ്പ്പ് നടക്കുമ്പോള്‍ ഉമ്മ പള്ളിയിലായിരുന്നു. രാവിലെത്തെ ഓട്ടം കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി വീട്ടില്‍ എത്തിയതായിരുന്നു സലീം. ബഹളം കേട്ട് വീടിന് പുറത്തിറങ്ങിയ സലീമിനും വെടിയേറ്റു. വലതുകാലിന് വെടിയേറ്റ സലീമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഒരുമണിക്കാണ് മകന് വെടിയേറ്റെന്ന് ഉമ്മ അറിയുന്നത്. വലതുകാല്‍ പൂര്‍ണമായും നഷ്ടപ്പെട്ട സലീം മൂന്ന് മാസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയത് മൃതപ്രായനായാണ്. മഹല്ല് കമ്മിറ്റി നല്‍കിയ 5000 രൂപയും ഒരു ചാക്ക് അരിയുമാണ് ആകെ ലഭിച്ച സഹായം. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഒരു സഹായവുമുണ്ടായില്ലെന്നും ബീമ ഉമ്മ പറയുന്നു. തുടര്‍ചികിത്സക്കായി പിന്നെയും ഒരുപാട് പണം ചെലവായി. ഇതിനായി ആകെയുണ്ടായിരുന്ന വീടും സ്ഥലവും വിറ്റു. അതും തികയാതെ വന്നതോടെ പള്ളിയില്‍ വരുന്ന ഭക്തരോട് യാചിക്കേണ്ട ഗതികേടിലായി. മൂന്നുവര്‍ഷത്തെ ദുരിതജീവിതത്തിനൊടുവില്‍ 2012ല്‍ സലീം മരിച്ചു. ആകെയുണ്ടായിരുന്ന മകന്‍ കൂടി നഷ്ടമായതോടെ ഇപ്പോള്‍ മറ്റുള്ളവരുടെ കാരുണ്യത്തിലാണ് ബീമ ഉമ്മ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. പള്ളിക്ക് സമീപത്ത് എവിടെയെങ്കിലും കിടന്നുറങ്ങും. ഒരുനേരത്തെ ഭക്ഷണം കഴിക്കണമെങ്കില്‍ പോലും പള്ളിയിലെത്തുന്നവരോട് യാചിക്കണം. ആരോഗ്യ പ്രശ്‌നങ്ങള്‍ ധാരാളമുണ്ടെങ്കിലും ചികിത്സയ്‌ക്കോ മരുന്നിനോ പണം കണ്ടെത്താനാകത്തിനാല്‍ ഇപ്പോള്‍ അതേപ്പറ്റി ഓര്‍ത്ത് വേവലാതിപ്പെടാറില്ല. പള്ളിയുടെ തിണ്ണയില്‍ അനുഗ്രഹം തേടിയെത്തുന്നവരുടെ കനിവിനായി കേഴുകയാണ് ബീമ ഉമ്മ.
തുടക്കം തര്‍ക്കം
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വന്‍ പരാജയം ഏറ്റുവാങ്ങിയ അന്നു രാത്രിയാണ് ബീമാപ്പള്ളി വെടിവയ്പ്പിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം. കൊമ്പ് ഷിബു എന്ന ഗുണ്ട മെയ് 8ന് ബീമാപ്പള്ളിയിലെ പീരു മുഹമ്മദിന്റെ കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങിയ ശേഷം, പണം നല്‍കില്ലെന്നും മെയ് 25ന് തുടങ്ങുന്ന ഉറൂസ് നടത്താന്‍ സമ്മതിക്കില്ലെന്നും ഭീഷണിപ്പെടുത്തി. തനിക്ക് എയിഡ്‌സുണ്ടെന്നും രോഗം പരത്തുമെന്നും ഇയാള്‍ ആക്രോശിച്ചു. നിര്‍ത്തിയില്ല, കൊമ്പ് ഷിബുവിന്റെ താണ്ഡവം പതിവായി നടന്നു. മെയ് 15ന് രാത്രി ഇയാള്‍ ബീമാപ്പള്ളി പള്ളിക്കടുത്ത് അനീഷിന്റെ കടയിലെത്തി ഭക്ഷണം കഴിച്ചശേഷം പണം നല്‍കില്ലെന്ന് പറഞ്ഞ് വീണ്ടും പ്രശ്‌നമുണ്ടാക്കി. അനാവശ്യപ്രശ്‌നം സൃഷ്ടിക്കുന്ന കൊമ്പ് ഷിബുവിനെ അറസ്റ്റ് ചെയ്യണമെന്ന് ബീമാപ്പള്ളി ജമാഅത്ത് പ്രസിഡന്റ് അസീസ് പൂന്തുറ സി.ഐക്കും ശംഖുംമുഖം എ.സിക്കും മെയ് 16ന് പരാതി നല്‍കിയെങ്കിലും പൊലിസ് ഒരു നടപടിയും സ്വീകരിച്ചില്ല. രാത്രിയോടെ ഇയാള്‍ വീണ്ടും പ്രദേശത്തെത്തി നാട്ടുകാരുമായി വഴക്കുണ്ടാക്കി. പ്രശ്‌നം ഗുരുതരമാകുമെന്ന സാഹചര്യം വന്നതോടെ അന്നത്തെ എം.എല്‍.എയായിരുന്ന വി. സുരേന്ദ്രന്‍ പിള്ള, കലക്ടര്‍ സഞ്ജീവ് കൗള്‍ എന്നിവര്‍ ബീമാപ്പള്ളിയിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പുനല്‍കി. എന്നാല്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല.
ബസ് തടയലില്‍ നിന്ന്
വെടിവയ്പ്പിലേക്ക്
മെയ് 17ന് രാവിലെയോടെ ഇയാള്‍ വീണ്ടും ബീമാപ്പള്ളി തീരത്തെത്തി വള്ളങ്ങള്‍ക്കും വലകള്‍ക്കും തീയിട്ടതോടെ പ്രശ്‌നം നാട്ടുകാരും ഷിബുവും തമ്മിലുള്ള കൈയാങ്കളിയിലേക്ക് നീങ്ങി. എന്നിട്ടും ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ പോലും പൊലിസ് തയാറായില്ല. ഉച്ചയോടെ ഇയാള്‍ ചെറിയതുറ ഭാഗത്ത് റോഡിലിറങ്ങിനിന്ന് ബീമാപ്പള്ളിയിലേക്കെത്തുന്ന ബസ് തടഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്യാനോ പ്രശ്‌നം പരിഹരിക്കാനോ പൊലിസ് തയാറായില്ല. ഇത് ചോദ്യംചെയ്യാനായി കടപ്പുറത്തെ റോഡിലൂടെ ചെറിയതുറയിലേക്ക് നടന്നുനീങ്ങിയ നിരായുധരായ ജനങ്ങള്‍ക്കിടയിലേക്ക് പൊലിസ് യാതൊരു മുന്നറിയിപ്പും കൂടാതെ വെടിവയ്പ്പ് നടത്തുകയായിരുന്നു. പിന്നിലേക്ക് ഓടിയവരെ പിന്തുടര്‍ന്ന് വെടിവച്ചു. വെടികൊണ്ട് വീണവരെ തോക്കിന്റെ ബയണറ്റ് കൊണ്ട് കുത്തി, പരുക്കേറ്റവരെ വലിച്ചിഴച്ചു. ബീച്ചില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന 14 വയസുകാരന്‍ ഫിറോസ് ഖാനടക്കം അഞ്ചു പേര്‍ സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. അഞ്ചു പേര്‍ വെടിയേറ്റും ഒരാള്‍ തോക്കിന്റെ പാത്തികൊണ്ട് തലയ്ക്ക് അടിയേറ്റുമാണ് മരിച്ചത്. അഹമ്മദ് ഖനി (50), ബാദുഷ (35), സയിദ് അലവി (24), അബ്ദുള്‍ ഹക്കീം (27) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. ഗുരുതരമായ പരുക്കേറ്റ കണ്ണി ഹാജി (63) മെയ് 19ന് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. 58 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. രണ്ടു പേര്‍ പിന്നീട് ഈ വെടിവയ്പ്പിന്റെ യാതനകളില്‍ നീറി നീറി മരണമടഞ്ഞു.
ഉത്തരവിട്ടവരില്ല,
ഉത്തരവാദികളും
ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ സുരേഷ് കുമാറും ഡി.സി.ആര്‍.ബി എ.സി ഷറഫുദ്ദീനും വെടിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയെന്നാണ് പൊലിസ് ആദ്യം വിശദീകരണം നല്‍കിയത്. വെടിവയ്പ്പ് നടന്നതിന് ശേഷമാണ് വെടിവയ്പ്പിനുള്ള നിര്‍ദേശം നല്‍കിയതെന്ന് കലക്ടറേറ്റ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നു. വെടിവയ്ക്കാന്‍ ജില്ലാ കലക്ടര്‍ സഞ്ജയ് കൗള്‍ സബ് കലക്ടര്‍ കെ. ബിജുവിന് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. വെടിവയ്പ്പ് നടത്തിയ ശേഷം അനുമതിയുണ്ടായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലിസ് ശ്രമിച്ചെങ്കിലും ഉത്തരവിട്ടെന്ന രേഖയില്‍ ഒപ്പുവയ്ക്കണമെന്ന സമ്മര്‍ദത്തിന് സബ് കലക്ടര്‍ വഴങ്ങിയില്ല. വെടിവയ്പ്പിന് താന്‍ ഉത്തരവിട്ടിട്ടില്ലെന്ന് ജുഡീഷ്യല്‍ കമ്മിഷന് മുന്നില്‍ സബ് കലക്ടര്‍ കെ. ബിജു ആവര്‍ത്തിച്ചു. ഡി.സി.പി എ.വി ജോര്‍ജാണ് വെടിവയ്പ്പിന് നിര്‍ദേശം നല്‍കിയതെന്നാണ് എന്‍.സി.എച്ച്.ആര്‍.ഒ (മനുഷ്യാവകാശ സംഘടന) വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ വെടിവയ്പ്പിനെ ന്യായീകരിച്ച് ഡി.ജി.പി ജേക്കബ് പുന്നൂസ് ആഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന വെടിവയ്പ്പ് സമയത്ത് കോടിയേരി ബാലകൃഷ്ണനായിരുന്നു ആഭ്യന്തരമന്ത്രി. പൊലിസിന് നേരെ ആക്രമണമുണ്ടായെന്നുള്ള ആരോപണവും ബോംബേറടക്കമുള്ള കള്ളക്കഥകളും റിപ്പോര്‍ട്ടില്‍ ഇടംനേടി. ആര്‍ക്കെതിരേയും നടപടിക്ക് ശുപാര്‍ശ ചെയ്തില്ല. ഗ്രനേഡ് കഷ്ണമടക്കമുള്ള ആരോപണങ്ങളില്‍ ചുവടുപിടിച്ച് എന്‍.ഐ.എ വരെ ബീമാപ്പള്ളിയില്‍ കയറിയിറങ്ങി. സംഭവത്തിന് തൊട്ടുപിന്നാലെ വെടിവയ്പ്പിന് നേതൃത്വം നല്‍കിയ അസിസ്റ്റന്റ് കമ്മിഷണര്‍ ഇ. ഷറഫുദ്ദീനുള്‍പ്പെടെ നാല് പൊലിസുകാരെ സസ്‌പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ നടപടി ഒതുക്കി. അധികം വൈകാതെ ഇവരെല്ലാം പ്രമോഷനോടെ സര്‍വിസില്‍ തിരിച്ചെത്തി.
2009 ഓഗസ്റ്റില്‍ തന്നെ ജില്ലാ ജഡ്ജി കെ. രാമകൃഷ്ണന്‍ അധ്യക്ഷനായ കമ്മിഷന്‍ നിലവില്‍വന്നു. സംഭവസമയത്തെ ജില്ലാ കലക്ടര്‍, മന്ത്രി, ഡി.ജി.പി എന്നിവരടക്കം നിരവധി പേരില്‍ നിന്നു തെളിവുശേഖരിച്ച കമ്മിഷന്‍ 60 സാക്ഷികളേയും വിസ്തരിച്ചു. 2012 ജനുവരി 4ന് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും റിപ്പോര്‍ട്ട് ഇതുവരെ പുറംലോകം കണ്ടിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഈ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു എന്നാണ് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ മറുപടി. റിപ്പോര്‍ട്ടിന്‍മേല്‍ ആവശ്യമായ നടപടി സ്വീകരിച്ച ശേഷം റിപ്പോര്‍ട്ട് പുറത്തുവിടും എന്നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. എന്നാല്‍ ആ റിപ്പോര്‍ട്ട് ഇന്നും അധികാരത്തിന്റെ ഇടനാഴികളില്‍ പൊടിപിടിച്ച് ഉറങ്ങുകയാണ്.
വാഗ്ദാനങ്ങള്‍ നിരവധി
വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ആറ് പേരുടെ കുടുബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും അന്നത്തെ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വെടിവയ്പ്പില്‍ കാല്‍ നഷ്ടപ്പെട്ട നസീമുദ്ദീന് അഞ്ച് ലക്ഷവും, ഷംസുദ്ദീന് മൂന്ന് ലക്ഷവും നല്‍കാനും അന്നത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. പരുക്കേറ്റ മറ്റുള്ളവര്‍ക്ക് പരുക്കിന്റെ സ്വാഭാവമനുസരിച്ച് പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കുമെന്ന ധാരണയിലും രഹസ്യവും പരസ്യവുമായ പലതരം ഭീഷണികളും ചേര്‍ത്താണ് അന്ന് പ്രതിഷേധങ്ങളുടെ വാ സര്‍ക്കാരും സംവിധാനങ്ങളും ചേര്‍ന്ന് മൂടിക്കെട്ടിയത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇന്നും ഇതില്‍ പകുതിപോലും പാലിക്കപ്പെട്ടില്ല.
ഉത്തരവിട്ടവരില്ല, ഉത്തരവാദികളും
ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ സുരേഷ് കുമാറും ഡി.സി.ആര്‍.ബി എ.സി ഷറഫുദ്ദീനും വെടിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയെന്നാണ് പൊലിസ് ആദ്യം വിശദീകരണം നല്‍കിയത്. വെടിവയ്പ്പ് നടന്നതിന് ശേഷമാണ് വെടിവയ്പ്പിനുള്ള നിര്‍ദേശം നല്‍കിയതെന്ന് കലക്ടറേറ്റ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പിന്നീട് പുറത്തുവന്നു. വെടിവയ്ക്കാന്‍ ജില്ലാ കലക്ടര്‍ സഞ്ജയ് കൗള്‍ സബ് കലക്ടര്‍ കെ. ബിജുവിന് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. വെടിവയ്പ്പ് നടത്തിയ ശേഷം അനുമതിയുണ്ടായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലിസ് ശ്രമിച്ചെങ്കിലും ഉത്തരവിട്ടെന്ന രേഖയില്‍ ഒപ്പുവയ്ക്കണമെന്ന സമ്മര്‍ദത്തിന് സബ് കലക്ടര്‍ വഴങ്ങിയില്ല. വെടിവയ്പ്പിന് താന്‍ ഉത്തരവിട്ടിട്ടില്ലെന്ന് ജുഡീഷ്യല്‍ കമ്മിഷന് മുന്നില്‍ സബ് കലക്ടര്‍ കെ. ബിജു ആവര്‍ത്തിച്ചു. ഡി.സി.പി എ.വി ജോര്‍ജാണ് വെടിവയ്പ്പിന് നിര്‍ദേശം നല്‍കിയതെന്നാണ് എന്‍.സി.എച്ച്.ആര്‍.ഒ (മനുഷ്യാവകാശ സംഘടന) വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ വെടിവയ്പ്പിനെ ന്യായീകരിച്ച് ഡി.ജി.പി ജേക്കബ് പുന്നൂസ് ആഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന വെടിവയ്പ്പ് സമയത്ത് കോടിയേരി ബാലകൃഷ്ണനായിരുന്നു ആഭ്യന്തരമന്ത്രി. പൊലിസിന് നേരെ ആക്രമണമുണ്ടായെന്നുള്ള ആരോപണവും ബോംബേറടക്കമുള്ള കള്ളക്കഥകളും റിപ്പോര്‍ട്ടില്‍ ഇടംനേടി. ആര്‍ക്കെതിരേയും നടപടിക്ക് ശുപാര്‍ശ ചെയ്തില്ല. ഗ്രനേഡ് കഷ്ണമടക്കമുള്ള ആരോപണങ്ങളില്‍ ചുവടുപിടിച്ച് എന്‍.ഐ.എ വരെ ബീമാപ്പള്ളിയില്‍ കയറിയിറങ്ങി. സംഭവത്തിന് തൊട്ടുപിന്നാലെ വെടിവയ്പ്പിന് നേതൃത്വം നല്‍കിയ അസിസ്റ്റന്റ് കമ്മിഷണര്‍ ഇ. ഷറഫുദ്ദീനുള്‍പ്പെടെ നാല് പൊലിസുകാരെ സസ്‌പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ നടപടി ഒതുക്കി. അധികം വൈകാതെ ഇവരെല്ലാം പ്രമോഷനോടെ സര്‍വിസില്‍ തിരിച്ചെത്തി.
2009 ഓഗസ്റ്റില്‍ തന്നെ ജില്ലാ ജഡ്ജി കെ. രാമകൃഷ്ണന്‍ അധ്യക്ഷനായ കമ്മിഷന്‍ നിലവില്‍വന്നു. സംഭവസമയത്തെ ജില്ലാ കലക്ടര്‍, മന്ത്രി, ഡി.ജി.പി എന്നിവരടക്കം നിരവധി പേരില്‍ നിന്നു തെളിവുശേഖരിച്ച കമ്മിഷന്‍ 60 സാക്ഷികളേയും വിസ്തരിച്ചു. 2012 ജനുവരി 4ന് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും റിപ്പോര്‍ട്ട് ഇതുവരെ പുറംലോകം കണ്ടിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഈ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു എന്നാണ് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ മറുപടി. റിപ്പോര്‍ട്ടിന്‍മേല്‍ ആവശ്യമായ നടപടി സ്വീകരിച്ച ശേഷം റിപ്പോര്‍ട്ട് പുറത്തുവിടും എന്നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. എന്നാല്‍ ആ റിപ്പോര്‍ട്ട് ഇന്നും അധികാരത്തിന്റെ ഇടനാഴികളില്‍ പൊടിപിടിച്ച് ഉറങ്ങുകയാണ്.
വാഗ്ദാനങ്ങള്‍ നിരവധി
വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ആറ് പേരുടെ കുടുബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും അന്നത്തെ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വെടിവയ്പ്പില്‍ കാല്‍ നഷ്ടപ്പെട്ട നസീമുദ്ദീന് അഞ്ച് ലക്ഷവും, ഷംസുദ്ദീന് മൂന്ന് ലക്ഷവും നല്‍കാനും അന്നത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. പരുക്കേറ്റ മറ്റുള്ളവര്‍ക്ക് പരുക്കിന്റെ സ്വാഭാവമനുസരിച്ച് പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കുമെന്ന ധാരണയിലും രഹസ്യവും പരസ്യവുമായ പലതരം ഭീഷണികളും ചേര്‍ത്താണ് അന്ന് പ്രതിഷേധങ്ങളുടെ വാ സര്‍ക്കാരും സംവിധാനങ്ങളും ചേര്‍ന്ന് മൂടിക്കെട്ടിയത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇന്നും ഇതില്‍ പകുതിപോലും പാലിക്കപ്പെട്ടില്ല.
അവര്‍ സൗകര്യപൂര്‍വം ബീമാപ്പള്ളിയെ മറന്നു
ബീമാപ്പള്ളി റഷീദ്
(മുന്‍ കൗണ്‍സിലര്‍,
മുന്‍ ജമാഅത്ത് പ്രസിഡന്റ്)
വെടിവയ്പ്പിനോടനുബന്ധമായ പ്രശ്‌നങ്ങള്‍, കേസുകള്‍, കോടതി തുടങ്ങി അധികാരകേന്ദ്രങ്ങളില്‍ കയറിയിറങ്ങി ഒരു ദശാബ്ദത്തോളം പോരാട്ടം നടത്തിയെങ്കിലും ഇനിയും ബീമാപ്പള്ളിക്കാര്‍ക്ക് നീതി അന്യമാണ്. നിരപരാധികളായ ജനങ്ങളെ രാഷ്ട്രീയ ഭരണകൂട ഭീകരത കൊന്നൊടുക്കുകയാണ് സത്യത്തില്‍ ബീമാപ്പള്ളിയില്‍ സംഭവിച്ചത്. എങ്ങനെയാണ് ഇതിനെ ന്യായീകരിക്കാനാവുക. അതിക്രൂരമെന്നല്ലാതെ ബീമാപ്പള്ളി വെടിവയ്പ്പിനെ വിശേഷിപ്പിക്കാനാവില്ല. അന്ന് ഞാന്‍ വീട്ടിലായിരുന്നു. ആരൊക്കെയോ നിലവിളിയോടെ ഫോണ്‍ ചെയ്യുമ്പോഴാണ് സംഭവമറിയുന്നത്. കിട്ടിയ ഒരു ബൈക്കിന്റെ പുറകിലിരുന്ന് സംഭവസ്ഥലത്തെത്തുമ്പോഴേക്കും ബീമാപ്പള്ളി പരിസരം യുദ്ധസമാനമായിരുന്നു. വെടിയേറ്റുകിടക്കുന്ന ജനങ്ങളും അവരെ ആശുപത്രിയിലെത്തിക്കാന്‍ പരക്കംപായുന്ന പ്രദേശവാസികളും. കണ്ണീര് മാത്രമായിരുന്നു കുറേക്കാലം തീരത്ത് ബാക്കിയായത്. അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും എം.എല്‍.എ വി. സുരേന്ദ്രന്‍പിള്ളയുമടക്കമുള്ള അധികാരികള്‍ രണ്ടുദിവസത്തിന് ശേഷമാണ് പ്രദേശത്തെത്തുന്നത്. അന്ന് നല്‍കിയ ധനസഹായ, തൊഴില്‍ വാഗ്ദാനങ്ങളെല്ലാം അവര്‍ മറന്നുകളഞ്ഞു. കൗണ്‍സിലറായ ഞാനൊഴികെ മുഴുവന്‍ അധികാര കേന്ദ്രങ്ങളും കൈയാളിയിരുന്നത് എല്‍.ഡി.എഫ് ആയിരുന്നു. അവര്‍ സൗകര്യപൂര്‍വം ബീമാപ്പള്ളിയെ മറന്നു.
തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു
നഹാസ് ഖാന്‍
(ബീമാപ്പള്ളി പ്രദേശവാസി,
ദൃക്‌സാക്ഷി)
ഉമ്മയുടെ അനിയത്തിയുടെ വീട്ടില്‍ ഉച്ചമയക്കത്തിനിടെയാണ് വെടിയൊച്ച കേള്‍ക്കുന്നത്. എന്താണ് സംഭവം എന്ന് നോക്കാനാണ് കടപ്പുറത്തേക്ക് വരുന്നത്. പൊലിസ് അക്രമം അഴിച്ചുവിടുന്ന കാഴ്ചയാണ് എങ്ങും കാണാനായത്. പിന്തിരിഞ്ഞ് ഓടുകയല്ലാതെ മറ്റ് മാര്‍ഗമുണ്ടായിരുന്നില്ല. പൊലിസ് ഒരു കിലോമീറ്ററോളം ഞങ്ങളെ പിന്തുടര്‍ന്നു വെടിവച്ചു. ഞായറാഴ്ച ദിവസമായതിനാല്‍ വെടിയേറ്റവരെയും പരുക്ക് പറ്റിയവരെയും കിട്ടുന്ന വാഹനങ്ങളില്‍ ആശുപത്രിയിലെത്തിക്കുകയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നവരെയും പൊലിസ് തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. സെയ്ദലി എന്ന എന്റെ സുഹൃത്താണ് ആദ്യം പൊലിസ് വെടിയേറ്റ് വീഴുന്നത്. പുറത്തേറ്റ വെടി നെഞ്ചില്‍ തുളച്ച് പുറത്തുവന്ന കാഴ്ച ഇന്നും മറക്കാനാവില്ല. ഫിറോസിനെ ഞാന്‍ മദ്‌റസയില്‍ പഠിപ്പിച്ചിട്ടുണ്ട്. ഈ നോവുകള്‍ അധികാരികള്‍ക്ക് അറിയേണ്ടല്ലോ, ഇന്നും കാതുകളില്‍ വെടിയൊച്ച മുഴങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."