സഹതടവുകാരുമായി സംഘര്‍ഷം; പരാതിയെത്തുടര്‍ന്ന് ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി
ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി
തിരുവനന്തപുരം: സഹതടവുകാരുടെ പരാതിയെത്തുടര്‍ന്ന് ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ മാവേലിക്കര സ്‌പെഷ്യല്‍ ജയിലിലേക്കാണ് മാറ്റിയത്.
കേസില്‍ അറസ്റ്റിലായത് മുതല്‍ അട്ടക്കുളങ്ങര ജയിലിലായിരുന്നു ഗ്രീഷ്മ. സഹതടവുകാരിയുമായി കഴിഞ്ഞ ദിവസം സംഘര്‍ഷം ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് ജയില്‍ സൂപ്രണ്ട് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ മാറ്റം. എന്നാല്‍ അട്ടക്കുളങ്ങര ജയിലില്‍ തടവുകാരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഗ്രീഷ്മയെ മറ്റ് തടവുകാര്‍ക്കൊപ്പം ജയില്‍ മാറ്റിയതെന്നാണ് ജയിലധികൃതരുടെ വിശദീകരണം.
ഒക്ടോബര്‍ 14നായിരുന്നു കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. തമിഴ്‌നാട് പളുകലിലുള്ള വീട്ടില്‍ വെച്ച് ആണ്‍സുഹൃത്തായിരുന്ന ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിട്ടതോടെ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങളോളം ജീവന് വേണ്ടി പൊരുതിയ ഷാരോണ്‍ ഒടുവില്‍ ഒക്ടോബര്‍ 25ന് മരണത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
മരണമൊഴിയില്‍ പോലും ഗ്രീഷ്മക്കെതിരെ ഷാരോണ്‍ ഒന്നും പറഞ്ഞിരുന്നില്ല. ആദ്യം പാറശാല പൊലീസ് സ്വാഭാവിക മരണമെന്ന നിഗമനത്തിലായിരുന്നു എത്തിച്ചേര്‍ന്നത്. എന്നാല്‍ പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷാരോണിനെ ഗ്രീഷ്മ വിഷം കൊടുത്ത് കൊല്ലുകയായിരുന്നെന്ന് കണ്ടെത്തിയത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കഷായത്തില്‍ വിഷം കലര്‍ത്തുകയായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ സമ്മതിക്കുകയും ചെയ്തു.
ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല കുമാരന്‍ എന്നിവരും കേസില്‍ പ്രതിയാണ്. ഷാരോണിനെ വിഷം നല്‍കി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാന്‍ അമ്മയും അമ്മാവനും ശ്രമിച്ചെന്ന പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരെയും കേസില്‍ പ്രതി ചേര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."