ഗ്രോബാഗിലെ നെല്‍കൃഷിക്കു മാവിലാകടപ്പുറത്തു നൂറുമേനി
തൃക്കരിപ്പൂര്‍: പ്രായത്തിലല്ല, പ്രവൃത്തിയിലാണ് കാര്യമെന്ന് തെളിയിക്കുകയാണ് മാവിലാക്കടപ്പുറം ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. കടലോരത്തെ സ്‌കൂള്‍ മുറ്റത്ത് നെല്‍കൃഷി വിളയില്ലെന്നു കണ്ടറിഞ്ഞ വിദ്യാര്‍ഥികള്‍ ഗ്രോബാഗില്‍ നെല്ലുവിളയിച്ചാണ് നാട്ടുകാരെ അമ്പരിപ്പിച്ചിരിക്കുന്നത്.
കടലോരത്തെ പൂഴിമണലും ഉപ്പുകാറ്റും നെല്‍കൃഷിക്ക് ഗുണകരമാകില്ലെന്ന് തിരിച്ചറിഞ്ഞ കുട്ടികള്‍ അധ്യാപകരുടെ സഹായത്തോടെ ഗ്രോബാഗുകള്‍ സംഘടിപ്പിച്ച് നെല്‍കൃഷി നടത്തുകയായിരുന്നു. കടലില്‍ നിന്നുള്ള ഉപ്പുകാറ്റേല്‍ക്കാതിരിക്കാന്‍ മറയും ഉണ്ടാക്കി. ഒടുവില്‍ നെല്ലുവിളഞ്ഞപ്പോള്‍ നൂറുമേനി മാത്രമല്ല, പഞ്ചായത്തിലെ ഏറ്റവും നന്നായി കൃഷി നടത്തിയ സ്‌കൂളെന്ന അവാര്‍ഡും മാവിലാകടപ്പുറം സ്‌കൂളിനെ തേടിയെത്തി.
അധ്യാപകരും രക്ഷാകര്‍തൃസമിതിയും കുട്ടികള്‍ക്കു വേണ്ട സഹായമൊരുക്കി മുന്നില്‍ നിന്നു. ഗ്രോ ബാഗില്‍ മണ്ണു നിറക്കുന്നതിനും വളമിടുന്നതിനും പഞ്ചായത്തിലെ കൃഷി ഓഫിസര്‍ പവിത്രന്‍ നിര്‍ദ്ദേശവും നല്‍കി. ഗ്രോബാഗിലെ നെല്‍കൃഷി നൂറുമേനി വിളഞ്ഞതിനു പുറമെ സ്‌കൂള്‍ മുറ്റം നിറയെ പച്ചമുളകും വഴുതനയും, വെണ്ടയും, കോളിഫ്‌ളവറും നിറഞ്ഞു നില്‍ക്കുകയാണ്. ഗ്രോബാഗില്‍ നെല്ലുവിളയുമോയെന്ന സംശയം പലരും ഉയര്‍ത്തിയെങ്കിലും വിദ്യാര്‍ഥികള്‍ നിശ്ചയദാര്‍ഢ്യത്തിലായിരുന്നു. ഗ്രോബാഗില്‍ ഇറക്കിയ കുറുവ വിത്താണ് ഇപ്പോള്‍ സ്‌കൂള്‍ മുറ്റത്ത് കൊയ്യാന്‍ പാകമായി നില്‍ക്കുന്നത്. സ്‌കൂള്‍ മുറ്റമാകെ നൂറുക്കണക്കിന് ഗ്രോ ബാഗുകളിലായി വിളഞ്ഞു നില്‍ക്കുന്ന നെല്‍ചെടി കാണുന്നവരുടെ കണ്ണും മനസും കുളിര്‍പ്പിക്കും. കൃഷിക്കുള്ള ഗ്രോബാഗുകള്‍ വാങ്ങുന്നതിനുള്ള പണം പഞ്ചായത്താണ് അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."