മാള ഗ്രാമപഞ്ചായത്തില്‍ കൂടുതല്‍ ജൈവ വള നിര്‍മാണ യൂനിറ്റുകള്‍ ആരംഭിക്കും
മാള: ഗ്രാമപഞ്ചായത്തില്‍ കൂടുതല്‍ ജൈവ വള നിര്‍മാണ യൂനിറ്റുകള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചതായി മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ സുകുമാരന്‍ അറിയിച്ചു. ജൈവ മാലിന്യങ്ങള്‍ വളമാക്കി മാറ്റുന്നതിനുള്ള പദ്ധതി വിജയിച്ച സാഹചര്യത്തിലാണ് ഈ പദ്ധതി കൂടുതല്‍ ആളുകളിലേക്ക് വ്യാപിപ്പിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. സ്വകാര്യ വ്യക്തികളുടെ സഹകരണത്തോടെ ഈ പദ്ധതി വ്യാപകമാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഈ പദ്ധതി വഴി പച്ചക്കറി, പൂക്കള്‍, പഴങ്ങള്‍, ജ്യൂസ് എന്നിവയുടെ അവശിഷ്ടങ്ങള്‍ ജൈവ വളമാക്കി മാറ്റാന്‍ കഴിയും. സ്റ്റേറ്റ് ഹോര്‍ട്ടി കള്‍ച്ചറല്‍ മിഷന്റെ സാമ്പത്തിക സഹായത്തോടെ മാള ഗ്രാമപഞ്ചായത്തില്‍ ആദ്യമായി ജൈവ വളം നിര്‍മാണ യൂനിറ്റ് ആരംഭിച്ചത് അഷ്ടമിച്ചിറ സ്വദേശി പനമ്പിള്ളി പ്രജി പ്രഭാകരനാണ്. 30 അടി നീളവും എട്ടടി വീതിയും രണ്ടടി പൊക്കവുമുള്ള അറകളിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. അതിന് മുകളില്‍ ചാണകം കലക്കിയ വെള്ളവും ആഫ്രിക്കന്‍ മണ്ണിരകളേയും നിക്ഷേപിക്കും.
45 ദിവസം കൊണ്ട് ജൈവ മാലിന്യം മികച്ച ജൈവ വളമായി മാറും. ഇപ്പോള്‍ ഇങ്ങനെ ഉണ്ടാക്കുന്ന ജൈവവളത്തിന് കിലോക്ക് 15 രൂപ ലഭിക്കുന്നുണ്ടെന്ന് യൂനിറ്റിന്റെ ഉടമ പ്രജി പ്രഭാകരന്‍ പറഞ്ഞു. നിര്‍മാണ യൂനിറ്റിന്റെ മുടക്ക് മുതലിന്റെ അന്‍പത് ശതമാനം കൃഷി ഭവന്‍ വഴി സബ്‌സിഡി ലഭിക്കുന്നുണ്ട്. അഷ്ടമിച്ചിറയിലെ ഈ യൂനിറ്റില്‍ രണ്ട് മാസത്തിനുള്ളില്‍ ഒരു ടണ്ണിലേറെ ജൈവ വളം നിര്‍മിക്കാന്‍ കഴിഞ്ഞതായി ഉടമ പറഞ്ഞു. രാസ വളങ്ങളുടെ ദോഷങ്ങളെ കുറിച്ച് ജനം മനസിലാക്കി തുടങ്ങിയതിനാല്‍ ജൈവ വളത്തിന് ആവശ്യക്കാര്‍ കൂടി കൊണ്ടിരിക്കുകയാണ്. മാത്രമല്ല പ്രദേശികമായി ഉല്‍പാദിപ്പിക്കുന്നതിനാല്‍ കുറഞ്ഞ വിലക്ക് ആവശ്യക്കാര്‍ക്ക് നല്‍കാനും കഴിയുന്നുണ്ട്. പദ്ധതി വ്യാപകമാകുന്നതോടെ മാള ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിക്കുന്ന പഴം, പച്ചക്കറി മാലിന്യങ്ങള്‍ ഉപകാരപ്രദമായ നിലയില്‍ സംസ്‌ക്കരിക്കാന്‍ കഴിയും.
നിലവില്‍ ശേഖരിക്കപ്പെടുന്ന മാലിന്യം കത്തിച്ച് കളയുന്നതിനായി മാള ടൗണില്‍ മത്സ്യ ചന്തക്കടുത്ത് ഇന്‍സിനറേറ്റര്‍ ഉണ്ടെങ്കിലും പച്ചക്കറി മാലിന്യം ഉള്‍പ്പടെയുള്ളവ സംസ്‌ക്കരിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം തരംതിരിച്ച് ജൈവ സംസ്‌ക്കരണ യൂനിറ്റുകളിലേക്ക് എത്തിക്കുന്ന ജോലി കുടുംബശ്രീകളെ ഏല്‍പ്പിക്കാനും പഞ്ചായത്ത് ഉദ്ദേശിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."