പ്രവാസികള്‍ക്ക് പെന്‍ഷന്‍ 3000 രൂപയാക്കണം: കേരള പ്രവാസി ഫെഡറേഷന്‍
തൃശൂര്‍: അറുപത് വയസ് തികഞ്ഞ എല്ലാ പ്രവാസികള്‍ക്കും പെന്‍ഷന്‍ അനുവദിക്കണമെന്നും കുറഞ്ഞ പെന്‍ഷന്‍ 3000 ആക്കണമെന്നും കേരള പ്രവാസി ഫെഡറേഷന്‍ സംസ്ഥാന പ്രവര്‍ത്തക ക്യാംപ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നിലവില്‍ പെന്‍ഷന്‍ പദ്ധതിയില്‍ പ്രവാസികള്‍ അടച്ച തുക തിരികെ നല്‍കാന്‍ നടപടി വേണം. വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ സ്വദേശീ വല്‍ക്കരണം നടപ്പാക്കിയതോടെ തൊഴിലും ബിസിനസും നഷ്ടപ്പെട്ട് കേരളത്തിലേക്കെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. തിരിച്ചെത്തുന്ന പ്രവാസികളുടെ പുനഃരധിവാസം നടപ്പാക്കുന്നതിനും തിരികെ എത്തുന്ന പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനും പദ്ധതിയൊരുക്കണം.
ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കാനും പലിശരഹിത വായ്പ അല്ലെങ്കില്‍ കുറഞ്ഞ പലിശ നിരക്കില്‍ സബ്‌സിഡിയോടെ ദീര്‍ഘകാല വായ്പ അനുവദിക്കുക, തൊഴില്‍ സംരംഭകര്‍ക്ക് പരിശീലനം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രമേയത്തിലൂടെ ഫെഡറേഷന്‍ ഉന്നയിച്ചു.
സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ അംഗത്വമെടുക്കാന്‍ പ്രവാസികള്‍ക്കും അവസരം നല്‍കണമെന്നും കേരളത്തിലെ വിവിധ ക്ഷേമ പെന്‍ഷന്‍ തുകകള്‍ ആകര്‍ഷകമാണെങ്കിലും പ്രവാസി ക്ഷേമ നിധിയുടെ പ്രവര്‍ത്തനവും പെന്‍ഷനും തികച്ചും അശാസ്ത്രീയമാണെന്നും ക്യാംപ് ചൂണ്ടിക്കാട്ടി. രാജ്യത്തിന് വിദേശ നാണ്യം നേടിത്തരികയും കേരളത്തിന്റെ സാമൂഹ്യ വികസനത്തിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രവാസി സമൂഹത്തിന് മാന്യമായ പെന്‍ഷന്‍തുക നല്‍കാനും ക്യാംപ് സര്‍ക്കാറിനോടാവശ്യപ്പെട്ടു.
കരിപ്പൂര്‍ വിമാനതാവളത്തിനോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, കരിപ്പൂര്‍ വിമാനതാവളത്തില്‍ നേര്‍ത്തെയുണ്ടായിരുന്ന സര്‍വിസുകള്‍ പുനഃസ്ഥാപിക്കുക, ഹജ്ജിനുപോകുന്നവരില്‍ ഭൂരിഭാഗവും മലബാര്‍ മേഖലയില്‍ നിന്നുള്ളവരായതിനാല്‍ അടുത്ത വര്‍ഷമെങ്കിലും ഹജ്ജ് വിമാനങ്ങളുടെ ഓപ്പറേഷനും ഹജ്ജ് ക്യാംപും പഴയതുപോലെ കരിപ്പൂരില്‍ നിന്നും പുനഃരാരംഭിക്കുക, കരിപ്പൂര്‍ വിമാനത്തിനായി പൊന്നും വില നല്‍കി സ്ഥലം ഏറ്റെടുക്കുന്ന സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നതായും പ്രമേയത്തില്‍ പറഞ്ഞു.
ഇത്തരം വിഷയങ്ങളുള്‍പ്പെടുത്തി കേരള പ്രവാസി ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ച അവകാശ പത്രിക ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഒക്ടോബര്‍ 12 മുതല്‍ 20വരെ കലക്ട്രേറ്റ് മാര്‍ച്ചുകള്‍ നടത്താന്‍ തീരുമാനിച്ചു.
ക്ഷേമനിധിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ക്ഷേമനിധി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അനസ് ക്ലാസെടുത്തു. വ്യവസായ അസിസ്റ്റന്റ് ഡയറക്ടര്‍ ബി രമേശ് ചെറുകിട വ്യവസായ മേഖലയും പ്രവാസികളും എന്ന വിഷയം അവതരിപ്പിച്ചു.
പാലോളി അബ്ദുള്‍ റഹിമാന്‍, പി.സി വിനോദ്, സുലൈമാന്‍ നിലമേല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഇ സ്മയില്‍ എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തമ്പി മേടുത്തറ അധ്യക്ഷനായി. വി.കെ സുലൈന്‍മാന്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."