ഹിജാബ്; സുപ്രീംകോടതി വിധി പ്രതീക്ഷ നല്‍കുന്നത് - സമസ്ത
കോഴിക്കോട്: ഹിജാബ് ധരിക്കുക എന്നത് ഇസ്‌ലാമിക ശരീഅത്ത് പ്രകാരം അനിവാര്യമല്ലെന്ന് വ്യക്തമാക്കി കര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരിയല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ സിവില്‍ നമ്പര്‍: 15419 ഓഫ് 2022 പ്രകാരമുള്ള വാദങ്ങള്‍ ജസ്റ്റിസ് സുദര്‍ഷ് ധൂലിയ ശരിവെച്ചത് പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരും പ്രസ്തവിച്ചു.
പ്രസ്തുത കേസ് സുപ്രീം കോടതിയുടെ ലാര്‍ജര്‍ ബെഞ്ചിന് വിട്ടിരിക്കുകയാണ്. ലാര്‍ജര്‍ ബെഞ്ച് കേസ് പരിഗണിക്കുന്ന പക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് അനുവദനീയമാക്കുന്നതിന് വേണ്ടിയുള്ള വാദങ്ങള്‍ സുപ്രീം കോടതിയില്‍ വീണ്ടും സമസ്ത ശക്തമായി ഉന്നയിക്കുമെന്നും സുപ്രീം കോടതിയുടെ ലാര്‍ജര്‍ ബെഞ്ചില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
ഖുര്‍ആന്‍, ഹദീസ് കൊണ്ടും ഹിജാബ് മുസ്‌ലിം സ്ത്രീകള്‍ക്ക് അനിവാര്യമാണെന്നും അതോടൊപ്പം ഇന്ത്യന്‍ ഭരണഘടന പ്രകാരവും ഹിജാബ് ധരിക്കുക എന്നത് മുസ്‌ലിം സ്ത്രീകളുടെ മൗലികാവകാശത്തില്‍പ്പെട്ടതാണെന്നുമാണ് സമസ്ത സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന് മുമ്പാകെ ബോധിപ്പിച്ചിരുന്നത്. സമസ്തക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഹുസൈഫ എ അഹ്മദി, അഡ്വേക്കറ്റ് ഓണ്‍ റെക്കോര്‍ഡ് സുല്‍ഫിക്കര്‍ അലി പി.എസ്, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവരാണ് ഹാജറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."