മനുഷ്യമാംസം കഴിച്ചിട്ടില്ലെന്ന് പ്രതികൾ
സ്വന്തം ലേഖിക
കൊച്ചി • മനുഷ്യമാംസം ഭക്ഷിച്ചെന്ന ആരോപണം നിഷേധിച്ച് ഇരട്ടനരബലിക്കേസിലെ പ്രതികളായ ഭഗവൽ സിങ്ങും ഭാര്യ ലൈലയും. കാക്കനാട് ജില്ലാജയിലിൽ നിന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരവെ ജയിൽ പരിസരത്തുവച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് ഇവർ ഇക്കാര്യം വെളിപ്പെടുത്തിയത്. ജയിലിൽ നിന്ന് ഇറക്കുമ്പോഴാണ് മനുഷ്യമാംസം കഴിച്ചിരുന്നോ എന്ന് ഭഗവൽ സിങ്ങിനോട് മാധ്യമപ്രവർത്തകർ ചോദിച്ചത്. ഇല്ല എന്നായിരുന്നു മറുപടി.
തുടർന്ന് ലൈലയും ഇതേചോദ്യത്തിന് ഇല്ല എന്ന് മൂന്ന് തവണ മറുപടി നൽകുകയായിരുന്നു. ഷാഫിയുമായി ചേർന്ന് ഭഗവൽ സിങ്ങിനെ വധിക്കാൻ പദ്ധതിയിട്ടിരുന്നോ എന്ന ചോദ്യത്തിന് ലൈല മറുപടി നൽകിയില്ല.
മൂന്ന് പ്രതികളെയും മുഖം മൂടിയ നിലയിലാണ് കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞദിവസം പൊലിസ് നടത്തിയ വാർത്താസമ്മേളനത്തിൽ സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ അവരുടെ മാംസം പാകംചെയ്ത് ഭക്ഷിച്ചതായി വിവരമുണ്ടെന്നും എന്നാൽ ഇതിന് തെളിവുകളില്ലെന്നും അന്വേഷിച്ചുവരികയാണെന്നും സിറ്റി പൊലിസ് കമ്മിഷണർ വ്യക്തമാക്കിയിരുന്നു. ഇക്കാര്യമാണ് ഇന്നലെ പ്രതികൾ നിഷേധിച്ചത്.
അതേസമയം, നരബലിക്കേസിലെ ഒന്നാംപ്രതി ഷാഫി, കൊല്ലപ്പെട്ട പത്മയുടെ സ്വർണാഭരണങ്ങൾ പണയംവച്ച് പണം കൈക്കലാക്കിയതായി രേഖകളുണ്ട്. വളയും കമ്മലുമടക്കം 39 ഗ്രാം തൂക്കമുള്ള പത്മയുടെ ആഭരണങ്ങൾ പണയംവച്ചതിലൂടെ 1,10,000 രൂപയാണ് ഷാഫിയ്ക്ക് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."