പാചകവും യോഗയും ഇടകലര്‍ന്നാല്‍
കൃഷ്ണൻ ചേലേമ്പ്ര
പഴയ സിനിമയിലൊരു തമാശ രംഗമുണ്ട്. ആകാശവാണിയുടെ രണ്ടു നിലയങ്ങളില്‍ നിന്ന് ഒരേസമയം പാചകവും യോഗ ക്ലാസും പ്രക്ഷേപണം ചെയ്യുന്നു. സിനിമയിലെ നായകന് പാചകവും കൂട്ടുകാരന് യോഗയും ചെയ്യുന്നത് ഈ പ്രക്ഷേപണം ആധാരമാക്കിയാണ്. ഇവര്‍ പരസ്പരം അറിയാതെ റേഡിയോയുടെ നിലയങ്ങള്‍ മാറ്റുമ്പോള്‍ പാചകവും യോഗയും ഇടകലര്ന്നുണ്ടാകുന്ന രസകരമായ രംഗമാണ് പ്രേക്ഷകരെ ചിരിപ്പിക്കുന്നത്. ഇതിനു സമാനമായ വാര്‍ത്ത ഈയിടെ കണ്ടു.
‘രാജ്യദ്രോഹകരവും വര്‍ഗീയവുമായ പ്രചാരണങ്ങള്‍ നടത്തി പ്രസംഗിക്കുന്ന എസ്.ഡി.പി.ഐ നേതാക്കള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രഖണ്ഡ് സമിതി അധികൃതരോടാവശ്യപ്പെട്ടു. ഹിന്ദു ദേവീദേവന്മാരെയും ആചാര്യന്മാരെയും നീചമായ ഭാഷയില്‍ അധിക്ഷേപിക്കുന്ന തരത്തിലാണ് ഈ നേതാക്കള്‍ പ്രസംഗിക്കുന്നത്. തന്നെയുമല്ല പണം നല്കി മതപരിവര്‍ത്തനത്തിനും അവര്‍ ശ്രമിക്കുന്നു.
എസ്.ഡി.പി.ഐ മുന്‍ പ്രസിഡന്റ് ബ്രദര്‍ നൂറുല്‍ അമീര്‍ ആയഞ്ചേരിയില്‍ നടത്തിയ പ്രസംഗത്തില്‍ കൃഷ്ണന്, ശ്രീരാമന് തുടങ്ങിയവരെ അതിനീചമായ രീതിയില്‍ അധിക്ഷേപിച്ചു. കാശ്മീര്‍ പ്രശ്നം മതപരമായ പ്രശ്നമാണെന്നും അത് ഭാരതം വിട്ടൊഴിയുന്നതാണ് നല്ലതെന്നും അല്ലെങ്കില്‍ രക്തപ്പുഴ ഒഴുക്കുമെന്നും അദ്ദേഹം തുറന്നടിച്ചു. മീനാക്ഷിപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയതുപോലെ ഇനിയും മതപരിവര്‍ത്തനം നടത്തുന്നത് തങ്ങളുടെ ദൗത്യമാണെന്നും അദ്ദേഹം തുറന്നടിച്ചു. കരിമ്പാം പുതുശ്ശേരി ഇബ്രായി അധ്യക്ഷത വഹിച്ചു.
നാടിന്റെ പല ഭാഗങ്ങളിലും ഇത്തരം പ്രസംഗം നടത്താന്‍ അനുമതി നല്കിയ പൊലിസ് നടപടിയിലും വിശ്വഹിന്ദു പരിഷത്ത് പ്രതിഷേധം രേഖപ്പെടുത്തി’.
‘എസ്.ഡി.പി.ഐ നേതാക്കള്‍ക്കെതിരേ നടപടി സ്വീകരിക്കണം: വി.എച്ച്.പി’. എന്ന തലക്കെട്ടില്‍ പ്രമുഖ മാധ്യമത്തില്‍ വന്ന ഈ വാര്‍ത്ത ആശയക്കുഴപ്പത്തിന്റെ പാരമ്യത്തിലെത്തിക്കും, സംശയമില്ല. വിശ്വഹിന്ദു പരിഷത്തിന്റെ പ്രമേയ വാര്‍ത്തയാണോ എസ്.ഡി.പി.ഐ സമ്മേളനത്തിന്റെ വാര്‍ത്തയാണോ ഇതെന്ന ആശയക്കുഴപ്പത്തില്‍ വായനക്കാരനെ വട്ടം കറക്കുന്നതില്‍ ലേഖകനും വാര്‍ത്ത എഡിറ്റു ചെയ്ത സഹപത്രാധിപരും തുല്യപങ്കാളികളാണ്. ‘കാശ്മീര്‍ പ്രശ്നം മതപരമായ പ്രശ്നമാണെന്നും അത് ഭാരതം വിട്ടൊഴിയുന്നതാണ് നല്ലതെന്നും അല്ലെങ്കില്‍ രക്തപ്പുഴ ഒഴുക്കുമെന്നും അദ്ദേഹം തുറന്നടിച്ചു’ എന്ന വാക്യത്തിന്റെ അര്‍ഥമെന്തെന്ന് നൂറുവട്ടം വായിച്ചാലും പിടി കിട്ടുകയുമില്ല. ഏതാണ് ഭാരതം വിട്ടൊഴിയേണ്ടത്?
പാചകവും യോഗയും ഇട കലര്‍ന്നാല്‍ ഇത്തരം വാചകങ്ങള്‍ ഉണ്ടാകുമായിരിക്കാം എന്നു സമാധാനിക്കാം. നേതാവ് ഒന്നിലേറെ തവണ തുറന്നടിച്ചതും ലേഖകന്‍ ഒഴിവാക്കാമായിരുന്നു.
പ്രാദേശികത്തിലെ
ചര്‍വിത ചര്‍വണം
പ്രാദേശിക ലേഖകര്‍ അയക്കുന്ന വാര്‍ത്തകള്‍ അതേപടി അച്ചുനിരത്തുന്നതിന്റെ (നിലവില്‍ ഡി.ടി.പി) കുഴപ്പത്തിന് ഒരുദാഹരണം: ‘കൈനോട്ടക്കാരനെ കാലിനു വെട്ടേറ്റ് അബോധാവസ്ഥയില്‍ ഓട്ടോറിക്ഷയില്‍ കണ്ടെത്തി. ചാലിയാര്‍ ടൂറിസ്റ്റ് ഹോമില്‍ താമസിക്കുന്ന വടക്കന്‍ പറവൂര്‍ കെടാമംഗലം നാരായണീഭവനില് പി.ജി.സത്യനാഥിനെ(65)യാണ് കെ.എല്‍ 11 ഇ 1879 ഓട്ടോറിക്ഷയില്‍ ടൂറിസ്റ്റ് ഹോമിനു താഴെ വെള്ളിയാഴ്ച പുലര്‍ച്ചെ കണ്ടെത്തിയത്. ടൂറിസ്റ്റ് ഹോം അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫറോക്ക് പൊലീസാണ് സത്യനാഥിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഒരു വര്‍ഷത്തോളമായി സത്യനാഥ് ടൂറിസ്റ്റ് ഹോമില്‍ താമസിച്ച് കൈനോട്ടം നടത്തി വരികയാണ്. സംഭവം സംബന്ധിച്ച് സത്യനാഥും ഓട്ടോ ഡ്രൈവറും സുഹൃത്തുമായ മോഹനനും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. പൊലീസ് അന്വേഷിച്ചു വരുന്നു’.
വായനക്കാരന് ഒട്ടും താല്പര്യമില്ലാത്ത ഒട്ടേറെ കാര്യങ്ങള്‍ ചര്‍വിത ചര്‍വണ രൂപത്തില്‍, ഓട്ടോയുടെ നമ്പര്‍ പോലെ തികച്ചും അപ്രസക്തമായ വസ്തുതകള്‍ നിരത്തി നടത്തുന്ന വാര്‍ത്താവതരണം ആരെയാണ് ചൊടിപ്പിക്കാത്തത്? അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനെക്കാള് മാറ്റിയെഴുതുകയാണ് ഭേദം:
‘കൈനോട്ടക്കാരനെ കാലിന് വെട്ടേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തി. സ്വകാര്യ ടൂറിസ്റ്റ്ഹോമില്‍ താമസിക്കുന്ന വടക്കന്‍ പറവൂര്‍ കെടാമംഗലം നാരായണീഭവനില് പി.ജി.സത്യനാഥിനെ(65)യാണ് ഇന്നലെ പുലര്‍ച്ചെ ടൂറിസ്റ്റ് ഹോമിനു മുമ്പില്‍ ഓട്ടോറിക്ഷയില്‍ കണ്ടെത്തിയത്. ഫറോക്ക് പൊലീസ് സ്ഥലത്തെത്തി സത്യനാഥിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ച് സത്യനാഥും, സുഹൃത്തും ഓട്ടോ ഡ്രൈവറുമായ മോഹനനും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത് ’. പ്രസിദ്ധീകരിച്ചു വന്ന വാര്‍ത്തയുടെ 40 ശതമാനത്തോളം ഇപ്പോള്‍ കുറവു വന്നു.
‘പൊലീസ് നടത്തിയ റയ്ഡിനെ തുടര്‍ന്ന് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. സംഭവ സ്ഥലത്തു നിന്ന് 2400 രൂപയും കണ്ടെടുത്തു’. ശീട്ടുകളി സംഘത്തെ പിടികൂടിയ വാര്‍ത്തയാണ്. സംഭവസ്ഥലത്തു നിന്നല്ലാതെ മറ്റെവിടുന്നാണ് പണം കണ്ടെടുക്കുക? ‘പൊലീസ് നടത്തിയ റെയ്ഡില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. 2400 രൂപയും കണ്ടെടുത്തു’. ഇത്രയും പോരേ? ‘തുടര്‍ന്ന് ’, ‘സംഭവസ്ഥലം’ എന്നിവ ഒഴിവാക്കിയതു കൊണ്ട് വാര്‍ത്തയ്ക്കു കോട്ടമുണ്ടായില്ലെന്നു മാത്രമല്ല, ആര്ജവമേറുകയും ചെയ്തു.
സംശയരോഗിയായ ലേഖകന്‍
സംശയിച്ചുകൊണ്ട് വാര്‍ത്തയെഴുതുന്ന ലേഖകന്മാര് ആ പണിക്കു പറ്റിയവരല്ല. ‘പടക്കവുമായി വിമാനയാത്രക്കെത്തിയ അറബി യുവാവ് അറസ്റ്റില്‍’ എന്ന ശീര്‍ഷകത്തില്‍ വാര്‍ത്തയെഴുതിയ തിരുവനന്തപുരം ലേഖകനാണ് ഇവിടെ സംശയരോഗി. ഈ വാര്‍ത്തയുടെ അവസാനഭാഗം ഇങ്ങനെ: ‘നാട്ടിലെ നിയമങ്ങളെക്കുറിച്ച് വേണ്ട പിടിപാടില്ലാത്ത യുവാവ് ചാല ബസാറില്‍ നിന്ന് പടക്കങ്ങള്‍ വാങ്ങി നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു എന്ന് സംശയിക്കുന്നു’.
ഇവിടെ ‘ശ്രമ’ത്തിനും ‘സംശയ’ത്തിനും പ്രസക്തിയൊന്നുമില്ല. ‘ചാല ബസാറില്‍ നിന്ന് പടക്കം വാങ്ങി നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു നിയമമറിയാത്ത യുവാവ് ’ എന്നെഴുതിയാല്‍ കാര്യം സ്പഷ്ടം. സ്ഫോടക വസ്തുക്കള്‍ വിമാനത്തില്‍ കയറ്റുന്നത് നിയമ വിരുദ്ധം. ആ നിയമം ലംഘിച്ചതിനാണ് അറബി യുവാവ് അറസ്റ്റിലായത്. പിന്നെന്തിന് ലേഖകന്‍ സംശയിക്കുന്നു? ‘നാട്ടിലെ നിയമങ്ങളെക്കുറിച്ച് വേണ്ട പിടിപാടില്ലാത്ത’ എന്ന പ്രയോഗത്തിനും പ്രസക്തിയില്ല. കാരണം വിമാനത്തില്‍ സ്ഫോടക വസ്തുക്കള്‍ കയറ്റരുതെന്ന നിയമം എല്ലാ രാജ്യത്തും ബാധകമാണ്, തിരുവനന്തപുരത്തു മാത്രമല്ല. പടക്കം അചേതന വസ്തുവായതിനാല്‍ ബഹുവചന രൂപവും ഒഴിവാക്കാം. സ്ഫോടക വസ്തു അചേതനമാണെങ്കിലും പല തരത്തിലുള്ളവയുള്ളതിനാല് ബഹുവചന പ്രയോഗത്തില്‍ തെറ്റില്ല. പടക്കം എവിടെ നിന്നു വാങ്ങി എന്നറിഞ്ഞിട്ട് വായനക്കാരനെന്തു പ്രയോജനം?
ശീതളപാനീയത്തെയും
സംശയിക്കണോ?
ഇനി സംശയരോഗിയായ മറ്റൊരു ലേഖകന്റെ വാര്‍ത്ത കാണുക: ‘ശീതള പാനീയം കഴിച്ച് ദമ്പതിമാര്‍ ആശുപത്രിയില്‍’ എന്ന തലക്കെട്ടിനു കീഴെ വന്ന വാര്‍ത്തയുടെ ആദ്യഭാഗം:
‘ശീതള പാനീയം കഴിച്ചെന്നു സംശയിക്കുന്ന ദമ്പതിമാര്‍ ആശുപത്രിയില്‍’. ശീതളപാനീയം കഴിച്ചതില്‍ സംശയാസ്പദമായി എന്താണുള്ളത്? മറിച്ച്, ‘ശീതളപാനീയം കഴിച്ചതിനാലുണ്ടായ ദേഹാസ്വാസ്ഥ്യമെന്ന സംശയത്തില്‍ ദമ്പതികള്‍ ആശുപത്രിയില്‍’ എന്നെഴുതിയാല്‍ ലേഖകന്റെ സംശയത്തിനൊരു അടിസ്ഥാനമുണ്ടാകുമായിരുന്നു. ശീതളപാനീയം കഴിക്കുന്ന ദമ്പതികളെ മുഴുവന്‍ സംശയ നിഴലിലാക്കുന്നതായി ലേഖകന്റെ അവതരണ രീതി. ദമ്പതിമാര്‍ എന്നെഴുതിയതും തെറ്റ്. ദമ്പതികളാണ് ശരിയായ രൂപം.
ലേഖകന്‍ സംശയരോഗിയായാല്ത്തന്നെ ചികിത്സിക്കാനുള്ള ബാധ്യത സഹപത്രാധിപര്ക്കുണ്ട്. പത്രാധിപര്‍ ആ ധര്‍മം മറക്കുമ്പോഴാണ് ഈ അബദ്ധങ്ങള്‍ അച്ചടിമഷി പുരണ്ടു വരുന്നതും അത് വായിക്കേണ്ട ഗതികേട് വായനക്കാര്‍ക്ക് ഉണ്ടാവുന്നതും.
അമ്പമ്പോ എന്തൊരു
വ്യക്തിത്വം!
‘വേദിയിലിരിക്കുന്ന പ്രമുഖരായ വ്യക്തിത്വങ്ങള്‍ക്കും സ്വാഗതം’. സ്വാഗതം പറച്ചിലുകാരന് കൈയടിക്കുന്നവര്‍ ഒരു നിമിഷം ചിന്തിക്കുക. വ്യക്തിയിലൂടെ സവിശേഷഭാവം, അഥവാ വ്യക്തിയുടെ സ്വഭാവത്തിലെ നിര്‍ണായക ഘടകങ്ങളുടെ ആകത്തുക (ആകെത്തുകയല്ലെന്നോര്ക്കുക) എന്നെല്ലാമാണ് വ്യക്തിത്വത്തിന് അര്‍ഥം. അപ്പോള്‍ സ്വാഗതമോതിയത് വേദിയിലിരിക്കുന്ന വ്യക്തികളുടെ സവിശേഷ സ്വഭാവത്തിനാണ്. ‘പ്രമുഖരായ വ്യക്തി’കള്‍ക്കു പ്രഭാവം വര്‍ധിപ്പിക്കുവാന്‍ സ്വാഗതപ്രസംഗകൻ ചെയ്ത ഉദ്യമം വൃഥാവിലായി. പ്രമുഖ പത്രത്തിന്റെ ഒരു പത്രാധിപരും ഈയിടെ പ്രമുഖ വ്യക്തിത്വങ്ങളെ വാഴ്ത്തിപ്പാടിയത് കേള്‍ക്കേണ്ടി വന്നു. ഹാ, കഷ്ടം എന്നല്ലാതെന്തു പറയാന്‍?
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."