ഫേഷ്യല്‍ ക്രീമുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക; വൃക്ക രോഗത്തിന് വരെ കാരണമാകുന്ന ക്രീമുകള്‍ വിപണിയില്‍
ഫേഷ്യല്‍ ക്രീമുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക; വൃക്ക രോഗത്തിന് വരെ കാരണമാകുന്ന ക്രീമുകള്‍ വിപണിയില്‍
തിരുവനന്തപുരം: ഫേഷ്യല്‍ ക്രീമുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരാണോ നിങ്ങള്‍. ശ്രദ്ധിക്കുക. ഗുരുതരമായ വൃക്ക രോഗത്തിന് കാരണമാകുന്ന ഫേഷ്യല്‍ ക്രീമുകള്‍ കേരളത്തില്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. മലപ്പുറം കോട്ടക്കല്‍ ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാരായ ഡോ. സജീഷ് ശിവദാസും ഡോ. രഞ്ജിത് നാരായണനും ആണ് വൃക്കരോഗികളില്‍ നടത്തിയ പരിശോധനയില്‍ അപൂര്‍വ രോഗം പടരുന്നത് കണ്ടെത്തിയത്.
കേരളത്തില്‍ കേസുകള്‍ കൂടുന്നെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. മെര്‍ക്കുറി, ലെഡ് അടക്കമുള്ള ലോഹ മൂലകങ്ങള്‍ അടങ്ങിയ ക്രീമുകളാണ് ദോഷം അറിയാതെ പലരും വാങ്ങി പുരട്ടുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പല പേരുകളില്‍ ഓണ്‍ലൈന്‍ സൈറ്റുകളിലും ഫാന്‍സി കടകളിലും ഇത്തരം ഉല്‍പന്നങ്ങളുടെ വില്‍പനയും തുടരുകയാണ്. വിദേശരാജ്യങ്ങളില്‍ നിന്നാണ് വ്യാജ ഫേഷ്യല്‍ ക്രീമുകള്‍ എത്തുന്നത്.
ക്ഷീണം, മൂത്രത്തില്‍ അമിതമായ പത, കാലുകള്‍, മുഖം എന്നിവയില്‍ വരുന്ന നീര് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ക്രീം നിര്‍ത്തിയാല്‍ മുഖത്തിന് ചുളിവ് വരുന്നതായും കാണുന്നുണ്ട്. ജാഗ്രത വേണമെന്ന് ഡോക്ടര്‍മാര്‍ ആരോഗ്യവകുപ്പിനെ അറിയിച്ചു.
മാസങ്ങള്‍ക്കു മുമ്പ് 'ഓപറേഷന്‍ സൗന്ദര്യ' വഴി പിടിച്ചെടുത്ത അനധികൃത ഉല്‍പന്നങ്ങളില്‍ ഉള്‍പ്പെട്ടതാണ് വില്ലനായ ഫേസ് ക്രീം. കൃത്യമായ നിര്‍മാണവിവരങ്ങളോ ചേരുവകളുടെ വിശദാംശങ്ങളോ ഇല്ലാതെ വില്‍പന നടത്തിയ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗമാണ് അന്ന് പിടിച്ചെടുത്തത്. മലപ്പുറമടക്കം മൂന്ന് ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ 10,000 രൂപയുടെ ഉല്‍പന്നങ്ങളാണ് പിടികൂടിയത്. നാല് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ല.
കോഴിക്കോട്ടും വയനാട്ടിലും ഓരോ കടയില്‍നിന്നും മലപ്പുറത്ത് രണ്ടിടത്തുനിന്നുമാണ് പിടിച്ചെടുത്തത്. ലിപ്സ്റ്റിക്, ഫേസ് ക്രീം, സോപ്പ് തുടങ്ങിയവയാണ് പിടികൂടിയതിലധികവും. പാകിസ്താന്‍, ദുബൈ, ചൈന എന്നിവിടങ്ങളില്‍നിന്ന് ഉണ്ടാക്കിയതെന്ന് രേഖപ്പെടുത്തിയവയാണ് പലതും. പിടികൂടിയവയില്‍ പലതും ഇപ്പോഴും ഓണ്‍ലൈനില്‍ ലഭിക്കുന്നുണ്ട്. 599 രൂപ മുതലാണ് വില. രോഗികളായ പലരും ഓണ്‍ലൈന്‍ വഴിയാണ് ക്രീം വാങ്ങിയിരുന്നത്.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ ചികിത്സ തേടിയെത്തിയ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയുള്ള രോഗികളിലാണ് രോഗം കണ്ടെത്തിയത്. 14 വയസ്സുകാരിയിലാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. മരുന്നുകള്‍ ഫലപ്രദമാകാതെ അവസ്ഥ ഗുരുതരമായ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷിച്ചത്. ഇതോടെയാണ് പ്രത്യേക ഫെയര്‍നെസ് ക്രീം അടുത്ത ദിവസങ്ങളില്‍ ഉപയോഗിച്ചതായി കണ്ടെത്തിയത്. കൂടുതല്‍ പേര്‍ ഇത് ഉപയോഗിച്ചതായും കണ്ടെത്തി. ഇവര്‍ക്കെല്ലാം സമാന രീതിയിലുള്ള രോഗവാസ്ഥയും വന്നു. എല്ലാവരും ഉപയോഗിച്ചത് ഒരേ തരത്തിലുള്ള വിവിധ പേരുകളില്‍ പുറത്തിറങ്ങിയ ഫേഷ്യല്‍ ക്രീമുകളായിരുന്നു.
വിപണിയില്‍ ലഭിക്കുന്ന എന്തും മുഖത്ത് തേക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് ജില്ല ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം അറിയിക്കുന്നു. സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളിലെ ഇറക്കുമതി വിവരം, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നമ്പര്‍, സാധനത്തിന്റെ പേരും വിലാസവും എന്നിവ സൂക്ഷ്മമായി പരിശോധിക്കണം. വ്യാജ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നത് കുറ്റകരമാണ്. ഇത്തരം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് കണ്ടാല്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."